ലോകം കണ്ട പല മികച്ച ശാസ്ത്രജ്ഞന്മാരും സ്‌കൂള്‍ ഡ്രോപ്പൗട്ടുകളായിരുന്നു. എന്നാല്‍ ഇന്ന് അത്തരത്തിലുള്ളവരെ ശാസ്ത്രജ്ഞരായി അംഗീകരിക്കുക അപൂര്‍വ്വം. ഇന്നവേറ്റേഴ്‌സ് എന്ന കാറ്റഗറിയാലാണ് അവര്‍ വരുക. അത്തരത്തിലുളള ഒരു ബഹുമുഖ പ്രതിഭയാണ് ഡ്രൈവറും ടാപ്പിംഗ് തൊഴിലാളിയുമായ മലപ്പുറം നിലമ്പൂര്‍ അമരമ്പലം സ്വദേശി 41 കാരനായ പാലക്കാട്ടുപറമ്പില്‍ സുരേഷ്.പി.വി. സുരേഷിന്റെ മികച്ച കണ്ടുപിടുത്തങ്ങളാണ് അദ്ദേഹത്തിന് നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്റെ പത്താമത് ദ്വിവത്സര ഇന്നവേഷന്‍ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിക്കൊടുത്തത്. 2017 ല്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഗുജറാത്തിലെ ഗാന്ധി നഗറില്‍ ഉത്ഘാടനം ചെയ്ത ഇന്നവേഷന്‍ ആന്റ് എന്‍ട്രപ്രെനുവര്‍ഷിപ്പ് മേളയിലാണ് ഈ പുരസ്‌ക്കാരം ലഭിച്ചത്. 12500 എന്‍ട്രികളില്‍ നിന്നാണ് രാജ്യത്തെ മൂന്നാമനായി സുരേഷ് തെരഞ്ഞെടുക്കപ്പെട്ടത്.
സുരേഷിന്റെ ഈ മികവിനെ കേരളവും ആദരവോടെ കാണുകയാണ്. കൃഷി വകുപ്പ് ഏര്‍പ്പെടുത്തിയ മികച്ച ഇന്നവേറ്റര്‍ക്കുള്ള പ്രഥമ പുരസ്‌ക്കാരം സുരേഷിനാണ് നല്‍കിയത്. ഒരു ലക്ഷം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റുമടങ്ങിയ പുരസ്‌ക്കാരം കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാറില്‍ നിന്നും 2019 ഡിസംബര്‍ 9 ന് ആലപ്പുഴയില്‍ നടന്ന ചടങ്ങില്‍ സുരേഷ് ഏറ്റുവാങ്ങി. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഒഫ് റൂറല്‍ ഡവലപ്‌മെന്റ് സംഘടിപ്പിച്ച റൂറല്‍ ഇന്നവേഷന്‍ സ്റ്റാര്‍ട്ടപ് കോണ്‍ക്ലേവില്‍ കൃഷി വിഭാഗത്തില്‍ ഒന്നാം സ്ഥാനവും സുരേഷിനായിരുന്നു.
റിമോട്ട് കണ്‍ട്രോളില്‍ സ്വയം പ്രവര്‍ത്തിക്കുന്ന കവുങ്ങുകയറ്റ യന്ത്രമാണ് സുരേഷിനെ ഈ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്. മുന്നോട്ടും പിറകോട്ടും ചലിപ്പിക്കാവുന്നതും ന്യൂട്രലാക്കി നിര്‍ത്താവുന്നതുമായ ഗിയറുകളുള്ള ഈ യന്ത്രം 42 സിസി പെട്രോള്‍ എന്‍ജിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഒരു മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ അരലിറ്റര്‍ പെട്രോള്‍ മതിയാകും. ഡംബ് ബെല്‍ ആകൃതിയിലുള്ള റബ്ബര്‍ ഗ്രിപ്പോടു കൂടിയ റോളറുകള്‍ മരത്തില്‍ ഉറപ്പിച്ച്, ഉരുണ്ട് കയറുന്ന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. 100 മില്ലിമീറ്റര്‍ മുതല്‍ 233 മില്ലിമീറ്റര്‍ വരെയുള്ള മരത്തിന്റെ വ്യാസം അറിഞ്ഞ് അഡ്ജസ്റ്റു ചെയ്യാനും മെഷിന് കഴിയും. 50-60 അടി കയറാന്‍ ഒരു മിനിട്ടും അടയ്ക്ക പറിക്കാന്‍ ഒരു മിനിട്ടും നിലത്തിറങ്ങാന്‍ ഒരു മിനിട്ടും എന്ന നിലയില്‍ ഒരു മരത്തിലെ അടയ്ക്ക പറിക്കാന്‍ മൂന്ന് മിനിട്ടു മതിയാകും. 28 കിലോ തൂക്കം വരുന്ന ഉപകരണം കയറുന്നതിനിടയില്‍ നിന്നുപോയാല്‍ ഇതില്‍ ഉറപ്പിച്ചിട്ടുള്ള കയര്‍ ഉപയോഗിച്ച് താഴെ എത്തിക്കാനും കഴിയും.ആദ്യ ദശയില്‍ നബാര്‍ഡ് സഹായത്തോടെയാണ് പ്രവര്‍ത്തനം തുടങ്ങിയത്.
ആവശ്യങ്ങളാണ് സുരേഷിനെ ഇന്നവേറ്ററാക്കുന്നത്. 2004ല്‍ തന്റെ ഗ്രാമത്തില്‍ വൈദ്യുതി ലഭിക്കാനായി 2 കിലോവാട്ടിന്റെ ഹൈഡ്രോ ഇലക്ട്രിക് പവര്‍ യൂണിറ്റ് നിര്‍മ്മിച്ച് 60 വീടുകള്‍ക്ക് വൈദ്യുതി നല്‍കിയ വ്യക്തിയാണ് സുരേഷ്. 2006 ല്‍ തയ്യാറാക്കിയ റോപ് വേ വഴി 1200 അടി താഴ്ചയില്‍ നിന്നും കാര്‍ഷികോത്പ്പന്നങ്ങള്‍ കൊണ്ടുവരാനും സുരേഷിന് കഴിഞ്ഞു. പാല്‍ കറക്കുന്ന മെഷീനിന് വേണ്ടി വിലക്കുറവുള്ള ജെന്‍സെറ്റ് നിര്‍മ്മിച്ചതും മറ്റൊരിന്നവേഷനാണ്. സുരേഷില്‍ നിന്നും ഇനിയും ഏറെ നമുക്ക് പ്രതീക്ഷിക്കാനുണ്ട്. അതിനായി കാത്തിരിക്കാം.
Share your comments