<
  1. News

കര്‍ഷകര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് സംവിധാനം വരുന്നു

തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ ഓണ്‍ലൈൻ വിൽപന നടത്തുന്നതിന് കല്ലിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇക്കോഷോപ്പ് ആരംഭിച്ചു

Darsana J
കര്‍ഷകര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് സംവിധാനം വരുന്നു
കര്‍ഷകര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് സംവിധാനം വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കല്ലിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ഇക്കോഷോപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു. തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ ഓണ്‍ലൈൻ വിൽപന നടത്തുന്നതിനാണ് ഇക്കോഷോപ്പ് ആരംഭിച്ചത്. വിഷരഹിതമായ പച്ചക്കറികള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി 10,000 കൃഷിക്കൂട്ടങ്ങള്‍ രൂപീകരിച്ചത്. നിലവില്‍ 23,000 കൃഷിക്കൂട്ടങ്ങള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കൃഷിക്കൂട്ടങ്ങള്‍ രൂപീകരിച്ച ഗ്രാമപഞ്ചായത്തുകളിൽ ഒന്നാണ് കല്ലിയൂരെന്ന് മന്ത്രി അറിയിച്ചു.

കാര്‍ഷിക ഉത്പന്നങ്ങള്‍ ആകര്‍ഷകമായ രീതിയില്‍ പാക്ക് ചെയ്യുന്നതിന് കല്ലിയൂരിലെ കര്‍ഷകര്‍ക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗിന്റെ വിദഗ്ധ പരിശീലനം നല്‍കുമെന്ന് മന്ത്രി ഉറപ്പുനൽകി. ഇക്കോഷോപ്പില്‍ സംഭരിക്കുന്ന മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ കാര്‍ഷിക ഉത്പന്നങ്ങളും കല്ലിയൂര്‍ ഗ്രീന്‍സ് എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്താണ് വിപണിയിൽ എത്തിക്കുന്നത്. പഞ്ചായത്തില്‍ രൂപീകരിച്ചിട്ടുള്ള 176 കൃഷിക്കൂട്ടങ്ങള്‍ക്ക് മികച്ച വിപണി ഒരുക്കുന്നതിനൊപ്പം പൊതുജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ളതും വിഷരഹിതവുമായ ഉത്പന്നങ്ങള്‍ വാങ്ങാനും ഇക്കോഷോപ്പിലൂടെ സാധിക്കും.

തദ്ദേശീയമായി നിര്‍മിക്കുന്ന മഞ്ഞള്‍പ്പൊടി, നാടന്‍ കുത്തരി, പച്ചരി, വയനാടന്‍ സ്‌റ്റൈലില്‍ ഉത്പാദിപ്പിച്ച നെന്മേനി, ചിറ്റുണ്ടി, കെട്ടിനാട്ടി അരി, വിവിധ അരിയുത്പന്നങ്ങള്‍, ചക്കയില്‍ നിന്നുണ്ടാക്കിയ 10 മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങൾ, വിവിധ തരം അച്ചാറുകള്‍, ചമ്മന്തിപ്പൊടി, മുളപ്പിച്ച പച്ചക്കറികള്‍ തുടങ്ങിയ 40ഓളം സാധനങ്ങളാണ് നിലവില്‍ ലഭ്യമാക്കിയിട്ടുള്ളത്. അവിയല്‍, തോരന്‍, സാമ്പാര്‍ തുടങ്ങിയവയ്ക്ക് വേണ്ടി തയ്യാറാക്കിയ കട്ട് വെജിറ്റബിളിനും ആവശ്യക്കാർ ഏറെയാണ്.

കൂടുതൽ വാർത്തകൾ: ആശ്വാസം! ആധാർ കാർഡ് പുതുക്കാനുള്ള സമയപരിധി നീട്ടി

പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പ് വഴിയോ ഇക്കോഷോപ്പില്‍ സ്ഥാപിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്തോ ഷോപ്പിംഗ് നടത്താം. ഇതിനുപുറമെ ഫോണിലൂടെയും വാട്സാപ്പിലൂടെയും ഓര്‍ഡറുകള്‍ നല്‍കാം. നഗരത്തിലെ 25 കിലോമീറ്റര്‍ പരിധിയില്‍ ഹോം ഡെലിവറി സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത ഘട്ടമെന്ന നിലയില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് കൂടി ഹോം ഡെലിവറി സംവിധാനം വ്യാപിപ്പിക്കും.

കല്ലിയൂര്‍ ഗ്രീന്‍സ് ലോഗോയുടെ പ്രകാശനവും കൃഷിക്കൂട്ടങ്ങള്‍ക്കൊരു കൈത്താങ്ങ് സംയുക്ത പദ്ധതി, കൃഷിക്കൂട്ടങ്ങള്‍ക്ക് നെയിംബോര്‍ഡ് സ്ഥാപിക്കല്‍, പ്രകൃതി സൗഹൃദ കൃഷിയിട പദ്ധതി എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. പരിപാടിയോടനുബന്ധിച്ച് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ പ്രദര്‍ശനവും മികച്ച പ്രകടനം കാഴ്ചവച്ച കര്‍ഷക കൂട്ടങ്ങള്‍, മുതിര്‍ന്ന കര്‍ഷകര്‍ എന്നിവരെ ആദരിക്കല്‍ ചടങ്ങും നടന്നു. എം. വിന്‍സെന്റ് എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ചന്തുകൃഷ്ണ , വൈസ് പ്രസിഡന്റ് വി. സരിത, ത്രിതല പഞ്ചായത്തംഗങ്ങള്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ്. അനില്‍ കുമാർ, കല്ലിയൂര്‍ കൃഷി ഓഫീസര്‍ സി. സ്വപ്ന, കര്‍ഷകര്‍, രാഷ്ട്രീയ - സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരും സംബന്ധിച്ചു.

English Summary: A unified identity card system will be introduced for farmers in kerala

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds