1. കേന്ദ്രസർക്കാർ സബ്സിഡിയ്ക്കും വിവിധ ആനുകൂല്യങ്ങൾക്കും ഇനിമുതൽ ആധാർ കാർഡ് നിർബന്ധം. യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ് അറിയിപ്പ് നൽകിയത്. ഇതിനുമുമ്പ് ആധാര്‍ നമ്പര്‍ ഇല്ലെങ്കിൽ മറ്റ് തിരിച്ചറിയല്‍ രേഖ വഴി ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നായിരുന്നു നിർദേശം. എന്നാൽ ആധാര്‍ കാര്‍ഡില്ലാത്തവർ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കണമെന്നും, അപേക്ഷ സമർപ്പിച്ചവർ ആനുകൂല്യങ്ങൾക്കായി ആധാര്‍ ലഭിക്കുന്നത് വരെ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ലഭിച്ച എന്‍ട്രോള്‍മെന്റ് നമ്പര്‍ ഉപയോഗിക്കണം എന്നുമാണ് പുതിയ നിർദേശം. രാജ്യത്ത് പ്രായപൂര്‍ത്തിയായവരില്‍ 99 ശതമാനം പേരും സ്വന്തം പേരില്‍ ആധാര്‍ എടുത്തിട്ടുണ്ടെന്ന് സര്‍ക്കുലറിൽ പറയുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കേരള സവാരിക്ക് ഗ്രീൻ ലൈറ്റ്: മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു
2. നടൻ ജയറാമിന് സംസ്ഥാന കർഷക അവാർഡ് നൽകി ആദരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പത്മശ്രീ ലഭിച്ചതിനേക്കാളും സന്തോഷവും അഭിമാനവും തോന്നുകയാണെന്ന് ജയറാം പറഞ്ഞു. പെരുമ്പാവൂരിലെ തോട്ടുവയിലുള്ള അദ്ദേഹത്തിന്റെ ഫാമിന്റെ മികച്ച പ്രവർത്തനങ്ങൾക്കാണ് സംസ്ഥാന കൃഷി വകുപ്പ് ആദരം നൽകിയത്. അറുപതോളം പശുക്കളാണ് ജയറാമിന്റെ ആനന്ദ് ഫാമിലുള്ളത്. കൃഷിക്കാരൻ ജയറാമായതിൽ വലിയ സന്തോഷമുണ്ടെന്നും കൃഷിവകുപ്പിന് നന്ദി അറിയിക്കുന്നുണ്ടെന്നും നടൻ ഫേസ്ബുക്കിൽ കുറിച്ചു.
3. സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓൺലൈൻ ടാക്സി സർവീസായ 'കേരള സവാരി' പ്രവർത്തനം ആരംഭിച്ചു. ജനങ്ങൾക്ക് സുരക്ഷിതവും സൗഹൃദപരവുമായി സേവനം ഉറപ്പാക്കുക, ഓട്ടോ ടാക്സി തൊഴിലാളികൾക്ക് അർഹമായ പ്രതിഫലം ലഭ്യമാക്കുക എന്നിവയാണ് കേരള സവാരിയുടെ ലക്ഷ്യം. തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡാണ് ഓൺലൈൻ ടാക്സി സേവനം ആരംഭിച്ചത്. ഗൂഗിൾ പ്ലേസ്റ്റോറിൽ കേരള സവാരി ആപ്പ് ലഭ്യമാണ്. അധികം താമസിയാതെ തന്നെ ആപ്പ് സ്റ്റോറിലും ലഭ്യമാക്കും. മറ്റ് ഓൺലൈൻ പ്ലാറ്റുഫോമുകളെ പോലെ കേരള സവാരിയിൽ നിരക്കുകളിൽ വ്യത്യാസം ഉണ്ടാകില്ല.
4. ഓണാഘോഷത്തോടനുബന്ധിച്ച് ഹാന്‍ടെക്സ് ഷോറൂമുകളില്‍ പ്രത്യേക റിബേറ്റ് വിൽപ്പന ആരംഭിച്ചു. വിൽപനയുടെ സംസ്ഥാന തല ഉദ്ഘാടനം വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ജീവനക്കാർക്കുള്ള പ്രത്യേക ഇ-ക്രെഡിറ്റ് സ്‌കീമും അവതരിപ്പിച്ചു. ഹാന്‍ടെക്സ് ഷോറൂമുകളില്‍ നിന്ന് കൈത്തറി തുണിത്തരങ്ങള്‍ വാങ്ങുമ്പോള്‍ 20% ആണ് റിബേറ്റ് ലഭിക്കുക. ബാങ്കിന്റെ, ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് തുണിത്തരങ്ങള്‍ വാങ്ങുമ്പോള്‍ 10% അധിക വിലക്കിഴിവും ലഭിക്കും. ഇ ക്രെഡിറ്റ് പദ്ധതിക്ക് കീഴില്‍ സര്‍ക്കാര്‍/ അര്‍ധ സര്‍ക്കാര്‍/പൊതുമേഖല/ബാങ്ക് ജീവനക്കാർ എന്നിവർക്ക് 10,000 രൂപ വരെ തവണ വ്യവസ്ഥയില്‍ തുണിത്തരങ്ങള്‍ വാങ്ങാം.
അഞ്ച് മാസമാണ് തിരിച്ചടവ് കാലാവധി. ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് മാസത്തവണകള്‍ അടയ്ക്കാം. ഇത്തരത്തില്‍ തിരിച്ചടയ്ക്കുമ്പോള്‍, തിരിച്ച് അടയ്ക്കുന്ന തുകയ്ക്ക് വീണ്ടും തുണിത്തരങ്ങള്‍ വാങ്ങാനും അവസരം ലഭിക്കും. കേരളത്തിലെ ഹാന്‍ടെക്സിന്റെ 84 ഷോറൂമുകളിലും ഈ സ്‌കീം ലഭ്യമാണ്. ഷോറൂമിലെത്തി അപേക്ഷ ഫോം പൂരിപ്പിച്ച് നല്‍കി പദ്ധതിയില്‍ ചേരാം. പദ്ധതിയില്‍ ചേരുന്നവര്‍ക്ക് ഇ-ക്രെഡിറ്റ് കാര്‍ഡ് ലഭിക്കും. ഈ പദ്ധതിയില്‍ ചേരുന്നവര്‍ക്ക് റിട്ടയര്‍മെന്റ് കാലംവരെ എപ്പോള്‍ വേണമെങ്കിലും തുണിത്തരങ്ങള്‍ വാങ്ങാം. പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് ഓണക്കാലത്തെ റിബേറ്റ് അടക്കം 40% വിലക്കിഴിവാണ് ആകെ ലഭിക്കുക.
5. കർഷക ദിനത്തിലെ പതിവ് ആഘോഷങ്ങളേക്കാൾ കൃഷിയിലേക്ക് തിരിയാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കർഷക ദിനത്തിൽ മന്ത്രിയും ഭാര്യയും മകളും ചേർന്ന് വീട്ടിലെ പറമ്പിൽ വിത്ത് പാകി കർഷകദിനം ആദരിച്ചു. ഭക്ഷണരീതിയിലെ അപാകതയും അച്ചടക്കമില്ലാത്ത ജീവിത ശൈലികളുമാണ് അർബുദം ബാധിക്കാനുള്ള പ്രധാന കാരണങ്ങളെന്നും സമൂഹവും സർക്കാരും ചേർന്ന് ഇതിന് പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു.
6. വനിതകൾ മാത്രം പങ്കാളികളായി കാസർകോട് ജില്ലയിൽ ആഗ്രോ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ഒരുക്കി കുടുംബശ്രീ പ്രവർത്തകർ. മൂവായിരത്തിലധികം കുടുംബശ്രീ അംഗങ്ങളിൽ നിന്നും ഓഹരി സമാഹരിച്ചാണ് 'ടീം ബേഡകം കുടുംബശ്രീ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി' രൂപംകൊണ്ടത്. കമ്പനിയുടെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ നിര്‍വഹിച്ചു. കാർഷിക രംഗത്തെ വിവിധ സാധ്യതകൾ മുൻനിർത്തി ഉൽപാദനത്തിലും വിപണനത്തിലും പുതിയ മാതൃകാ സംരംഭങ്ങൾ ആരംഭിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 50 ക്ലസ്റ്ററുകൾ രൂപീകരിച്ച്, ജൈവ കാർഷിക വിഭവങ്ങൾ ബ്രാൻഡ് ചെയ്ത് വിപണിയിൽ എത്തിക്കാനാണ് കമ്പനിയുടെ ശ്രമം.
ഹൈടെക് ഫാമുകൾ, ടൂറിസം ഹട്ടുകൾ, ഫാം ടൂറിസം, കൺവെൻഷൻ സെന്റർ, മാതൃകാ കൃഷിയിടം എന്നിവയൊരുക്കി ഒരു മാതൃകാ കാർഷിക ഗ്രാമം ഒരുക്കാനുള്ള മാസ്റ്റർ പ്ലാനും കമ്പനി ഒരുക്കുകയാണ്. ഇരുപത്തിയഞ്ച് വയസ് പിന്നിടുന്ന കുടുംബശ്രീയുടെ ചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്താവുന്ന സുപ്രധാന ചുവടുവെപ്പാണിതെന്നും പദ്ധതിക്ക് നേതൃത്വം നല്‍കുന്ന കുടുംബശ്രീ ബേഡഡുക്ക സിഡിഎസിനെയും, ജില്ലാ മിഷനെയും, ഗ്രാമപഞ്ചായത്തിനെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
7. കേരളത്തിന്റെ കാര്‍ഷിക സംസ്‌കൃതിയും പ്രതാപവും തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് കേരള സർക്കാർ നടത്തുന്നതെന്ന് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ. ചെറുതാഴം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ കര്‍ഷക ദിനാചരണവും ഹരിതമോഹനം പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കുമെന്നും അധികം വരുന്ന കാർഷിക ഉൽപന്നങ്ങൾ ഗുണമേന്മയുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റാൻ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
8. കർഷക ദിനത്തോടനുബന്ധിച്ച് ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ 21 വാർഡുകളിലായി 50 കൃഷിയിടങ്ങളിൽ കൃഷിയാരംഭിച്ചു. പാനായിക്കുളത്തെ മികച്ച കർഷകനായ സുനിലിൻ്റെ കൃഷിയിടത്തിൽ നടന്ന നടീൽ ഉത്സവം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രമ്യ തോമസ് ഉദ്ഘാടനം ചെയ്തു.
9. ഫാർമർ ദി ജേർണലിസ്റ്റിന്റെ ഭാഗമായി വനിത കർഷകർക്ക് ഓൺലൈൻ പരിശീലനം നൽകി കൃഷി ജാഗരൺ. കാർഷിക മേഖലയിൽ നിന്നും മാധ്യമ പ്രവർത്തരെ വാർത്തെടുക്കാനുള്ള കൃഷി ജാഗരണിന്റെ ഒരു പുത്തൻ ആശയമാണ് ഫാർമർ ദി ജേർണലിസ്റ്റ്. കൃഷി ജാഗരൺ ഡയറക്ടർ ഷൈനി ഡൊമിനിക്കിന്റെ നേതൃത്വത്തിലാണ് പരിശീലനം നടന്നത്. ഇതിനകം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 200ലധികം കർഷകർ ഫാർമർ ദി ജേർണലിസ്റ്റിലൂടെ പരിശീലനം നേടിക്കഴിഞ്ഞു. വനിതകൾക്കായുള്ള പ്രത്യേക പരിശീലനത്തിന്റെ ആദ്യ ചുവടുവയ്പ്പാണ് ഇന്ന് നടന്നത്.
10. മത്സ്യബന്ധന രംഗത്ത് വനിതകളെ പ്രാപ്തരാക്കുന്നതിൽ പരിശീലനം ആരംഭിക്കാനൊരുങ്ങി സൗദി അറേബ്യ. ആദ്യഘട്ടത്തിൽ 60 വനിതകൾക്കാണ് പരിശീലനം നൽകുക. രാജ്യത്ത് ആദ്യമായാണ് വനിതകൾക്ക് മത്സ്യബന്ധന മേഖലയിൽ പരിശീലനം നൽകുന്ന പരിപാടിയ്ക്ക് തുടക്കമിടുന്നത്. മത്സ്യോൽപന്നങ്ങളുടെ ഉൽപാദനം, വിപണനം എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസെടുക്കും. യുവാക്കൾക്കും യുവതികൾക്കും നിരവധി സാങ്കേതിക, കരകൗശല മേഖലകളിൽ തൊഴിലവസരങ്ങൾ നേടിയെടുക്കുന്നത് ലക്ഷ്യമിട്ട് നിരവധി പദ്ധതികൾ ഒരുക്കുന്നുണ്ടെന്ന് സൗദി സർക്കാർ അറിയിച്ചു.
11. കേരളത്തിൽ വെയിലും തെളിഞ്ഞ കാലാവസ്ഥയും തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം. കണ്ണൂർ, കാസർകോട് ജില്ലകളിലും കേരളത്തിന്റെ കിഴക്കൻ മേഖലകളിലും ഒറ്റപ്പെട്ട മഴ ലഭിക്കാൻ സാധ്യത. കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
Share your comments