1. യുഐഡിഎഐ പോർട്ടൽ വഴി ആധാർ കാർഡുകൾ ജൂൺ 14 വരെ സൗജന്യമായി പുതുക്കാം. 10 വർഷം പഴക്കമുള്ള ആധാർ കാർഡുകൾ വേഗത്തിൽ പുതുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ആധാർ കാർഡ് തിരുത്തുന്നതിനും, മറ്റ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനും അടക്കേണ്ട 25 രൂപയാണ് 3 മാസത്തേക്ക് ഒഴിവാക്കിയിരിക്കുന്നത്. ഓൺലൈൻ വഴി മാത്രമാണ് രേഖകൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാൻ സാധിക്കുക. അക്ഷയ സെന്ററുകൾ പോലുള്ള സേവന കേന്ദ്രങ്ങൾ വഴി അപ്ഡേറ്റ് ചെയ്യുന്നവർ 50 രൂപ നൽകണം. myaadhaar പോർട്ടൽ വഴിയാണ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടത്.
കൂടുതൽ വാർത്തകൾ: ഇടിമിന്നൽ; കേരളത്തിലെ തെക്കൻ-മധ്യ ജില്ലകളിൽ ജാഗ്രതാ നിർദേശം
2. സംസ്ഥാന ഭക്ഷ്യ കമ്മിഷന്റെ പ്രഥമ ഭക്ഷ്യഭദ്രതാ പുരസ്കാരം ജൈവ കർഷകനും പദ്മശ്രീ ജേതാവുമായ ചെറുവയൽ രാമന് സമ്മാനിച്ചു. കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിൽ വച്ച് ഭക്ഷ്യമന്ത്രി ജിആർ അനിലാണ് പുരസ്കാരം നൽകിയത്. നൂറിലധികം നെൽവിത്തിനങ്ങൾ സൂക്ഷിക്കുന്ന ചെറുവയൽ രാമൻ 58 ഇനം വിത്തുകൾ കൃഷി ചെയ്യുന്നുണ്ട്. വിഷം കലർന്ന ഭക്ഷ്യപദാർഥങ്ങൾ വിൽക്കുന്നത് തടയാൻ നടപടി വേണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തിൽ നിന്ന് സംഭരിക്കുന്ന നെല്ല് ഉൾപ്പെടെ സമ്പുഷ്ടീകരിച്ച് അരിയാക്കി വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ചടങ്ങിൽ അറിയിച്ചു.
3. ചേപ്പാട് ഗ്രാമപഞ്ചായത്തിൽ കേരഗ്രാമം പദ്ധതിയ്ക്ക് തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം കൃഷിമന്ത്രി പി പ്രസാദ് നിർവഹിച്ചു. മൂല്യവർധിത ഉൽപന്നങ്ങളെ പ്രയോജനപ്പെടുത്തി വിളകൾ ലാഭകരമാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും ഒരു കൃഷിഭവന് ഒരു ഉൽപന്നം എന്ന പദ്ധതി ഉടൻ യാഥാർഥ്യമാകുമെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു.
4. ആയിരത്തോളം ഇറച്ചിക്കോഴി ഫാമുകൾ കേരളത്തിൽ സ്ഥാപിക്കുമെന്ന് ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. കൊട്ടിയത്ത് സംഘടിപ്പിച്ച ജില്ലാതല കർഷക അവാർഡുകൾ വിതരണംചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരള ബ്രാൻഡിൽ കോഴിയിറച്ചി പൊതുവിപണിയിൽ എത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മികച്ച ക്ഷീരകർഷകയായി പുതുക്കളം സ്വദേശി പി.പ്രമീളയും, മികച്ച ജന്തുക്ഷേമ സംഘടനയായി നിലമേൽ അഹിംസയും തെരഞ്ഞെടുക്കപ്പെട്ടു.
5. കളമശേരിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ്. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ലോറികളില്‍ വെള്ളം എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി. കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജലജീവന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ടാങ്കര്‍ ലോറികള്‍ക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളില്‍ വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുന്ന കാര്യം പരിശോധിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
6. കനത്ത വേനൽമഴയെതുടർന്ന് വയനാട്ടിൽ ഏക്കറുകണക്കിന് വാഴകൃഷി നശിച്ചു. ശക്തമായ കാറ്റിലും മഴയിലും ആയിരക്കണക്കിന് കുലച്ച വാഴകളാണ് നിലംപതിച്ചത്. വെങ്ങപ്പള്ളി, പൊഴുതന പഞ്ചായത്തുകളിൽ 12,000ത്തോളം വാഴകൾ നശിച്ചു. നിരവധി കർഷകർ ഭൂമി പാട്ടത്തിനെടുത്തും, വായ്പയെടുത്തുമാണ് ഇവിടെ കൃഷി ചെയ്യുന്നത്. അപ്രതീക്ഷിതമായുണ്ടായ നഷ്ടത്തിൽ പകച്ചുനിൽക്കുകയാണ് കർഷകർ. കൃഷിയ്ക്കുള്ള നഷ്ടപരിഹാരം ലഭിച്ചാലും കടത്തിൽ നിന്ന് കരകയറാൻ സാധിക്കില്ലെന്ന് കർഷകർ പറയുന്നു.
7. കാലാവസ്ഥ വ്യതിയാനം മൂലം പ്രതിസന്ധിയിലായി കോഴിക്കോട് ജില്ലയിലെ കല്ലുമ്മക്കായ കൃഷി. അപ്രതീക്ഷിതമായി പെയ്യുന്ന മഴയും പ്ലാസ്റ്റിക് മാലിന്യങ്ങളും കല്ലുമ്മക്കായയുടെ വിത്ത് വളർച്ചയെ ദുർബലമാക്കുകയാണ്. പാറയിൽ രൂപപ്പെടുന്ന പ്രത്യേക ജൈവഘടനയിലാണ് കല്ലുമ്മക്കായയുടെ വിത്ത് വളരുന്നത്. പ്രളയത്തിന് ശേഷം പാറകളിൽ രൂപപ്പെട്ട മാറ്റത്തെ തുടർന്ന് ശരാശരി 150 ടൺ ഉൽപാദനം കുറഞ്ഞിരുന്നു. 2021ൽ 220 ടണ്ണായി ഉൽപാദനം മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.
8. ഗ്ലോബൽ മില്ലറ്റ്സ് കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിലെ PUSA ക്യാമ്പസിലാണ് സമ്മേളനം നടന്നത്. 2023 അന്താരാഷ്ട്ര ചെറുധാന്യവർഷമായി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ചെറുധാന്യങ്ങളുടെ പ്രാധാന്യം മനസിലാക്കുന്നതിനും, മില്ലറ്റുകളുടെ ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിനുമാണ് അന്താരാഷ്ട്ര മില്ലറ്റ് വർഷം ആചരിക്കുന്നത്.
9. സൗദി അറേബ്യയിൽ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് വില ഉയരുന്നു. പാലുൽപന്നങ്ങൾ, ചിക്കൻ, മുട്ട എന്നിവയ്ക്കാണ് പ്രധാനമായും വില ഉയരുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ഫെബ്രുവരിയിൽ വിവിധ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും വില വർധിച്ചതായി ജനറൽ അതോറിറ്റി ഓഫ് സ്റ്റാറ്റിറ്റിക്സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. തൈരിനും പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന ചിക്കനും 30 ശതമാനത്തിലധികം വില വർധനവാണ് രേഖപ്പെടുത്തിയത്.
10. സംസ്ഥാനത്ത് വേനൽമഴ കൂടാൻ സാധ്യത. 2 ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിൽ മഴയും കാറ്റും വീശാൻ സാധ്യതയുണ്ട്.
Share your comments