<
  1. News

Aadhaar card update: ആധാർ കേടുകൂടാതെ സൂക്ഷിക്കണം: UIDAI..കൃഷി വാർത്തകൾ

കാർഡ് വ്യാജമല്ലെന്ന് തിരിച്ചറിയുന്നതിനും യഥാർഥ ഉടമയെ സ്ഥിരീകരിക്കുന്നതിനും കാർഡിലെ ക്യൂ ആർ കോഡ് പ്രധാനമാണ്

Darsana J

1. Aadhaar card കേടുകൂടാതെ സൂക്ഷിക്കണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. കാർഡ് വ്യാജമല്ലെന്ന് തിരിച്ചറിയുന്നതിനും യഥാർഥ ഉടമയെ സ്ഥിരീകരിക്കുന്നതിനും കാർഡിലെ OR Code പ്രധാനമാണ്. കാർഡിന് കേടുപാടുകൾ സംഭവിച്ചാൽ സ്കാൻ ചെയ്യാൻ സാധിക്കില്ല. കാർഡ് മടക്കി വയ്ക്കരുതെന്നും ലാമിനേറ്റ് ചെയ്ത് സൂക്ഷിക്കണമെന്നും UIDAI അറിയിച്ചു. തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്ന 12 അക്ക നമ്പറും പ്രധാനമാണ്. ആധാർ കാർഡ് കളഞ്ഞുപോകുകയോ കേടുപാടുകൾ വരുത്തുകയോ ചെയ്യുന്നത് ഒഴിവാക്കാൻ കാർഡ് ഉടമകൾ ശ്രദ്ധിക്കണമെന്നും യുഐഡിഎഐയുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിലെ റേഷൻ കടകൾ കെ-സ്റ്റോറുകളാകുന്നു..കൃഷി വാർത്തകൾ

2. സ്വന്തമായി കൃഷിചെയ്ത് വിഷരഹിത വിഭവങ്ങൾ ഉണ്ടാക്കണമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. തിരുവനന്തപുരം കരകുളത്തെ കേരഗ്രാമം പദ്ധതി ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഗുണമേന്മയുള്ള ഭക്ഷണവും അന്തസ്സുള്ള ജീവിതവും സമ്മാനിക്കുന്നതായിരിക്കണം കൃഷിയെന്നും കരകുളത്തിന്റെ തനത് വെളിച്ചെണ്ണയും മറ്റ് മൂല്യ വർദ്ധിത ഉത്പന്നങ്ങളും വിപണിയിൽ എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. തെങ്ങുകളെ ബാധിക്കുന്ന രോഗം കുറച്ച് ഉൽപ്പാദനം വർധിപ്പിക്കുകയാണ് കേരഗ്രാമം പദ്ധതിയുടെ ലക്ഷ്യം. ശാസ്ത്രീയ കൃഷിരീതികളിലൂടെ സംയോജിത കീടരോഗ നിയന്ത്രണം, വളപ്രയോഗം, ഇടവിള കൃഷി, മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ പ്രോത്സാഹനം തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്.

3. ആലപ്പുഴയിൽ കയര്‍ വിപണന കേന്ദ്രം തുറന്നു. 'കയറിനൊപ്പം പ്രകൃതിക്കൊപ്പം' വിപണന പദ്ധതിയുടെ താത്ക്കാലിക ശാഖ ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പരമ്പരാഗത കയര്‍ വ്യവസായത്തെ പഴയകാല പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമായി സംസ്ഥാന കയര്‍ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ കേന്ദ്രത്തില്‍ നിന്നും 40 ശതമാനം വിലക്കുറവില്‍ മെത്തകള്‍, 50 ശതമാനം വിലക്കുറവില്‍ കയര്‍ മാറ്റുകള്‍ തുടങ്ങിയവ ലഭിക്കും.

4. സപ്ലൈകോ വഴിയുള്ള സബ്സിഡി സാധനങ്ങളുടെ എണ്ണം കൂട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. സംസ്ഥാനത്ത് ഒരു മാസം 35 ലക്ഷത്തിലധികം കാർഡുടമകൾ സബ്‌സിഡി ഉത്പന്നങ്ങളും 50 ലക്ഷത്തോളം കുടുംബങ്ങൾ സബ്‌സിഡിയില്ലാത്ത സാധനങ്ങളും സപ്ലൈകോയിൽ നിന്നും വാങ്ങുന്നുണ്ട്. കുറഞ്ഞ നിരക്കിൽ സപ്ലൈകോ വഴി വിൽക്കുന്ന 13 ഇനങ്ങളുടെ അപര്യാപ്തത പരിഹരിക്കാൻ കൃത്യമായ ഇടപെടൽ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

5. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഇരുപത് വർഷമായി തരിശായി കിടന്ന ഭൂമി തിരിച്ചുപിടിച്ച് തിരുമാറാടി ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിലെ ഓലിയപുറം വടക്കനോടി, വാളാത്ത് പാടശേഖരങ്ങളിലെ 20 ഏക്കറോളം വരുന്ന ഭൂമിയിലാണ് നെൽകൃഷി ഒരുങ്ങുന്നത്. വിത്തു വിതക്കൽ ചടങ്ങിന്റെ ഉദ്ഘാടനം കെ.എൽ.ഡി.സി ചെയർമാൻ പി.വി സത്യനേശൻ നിർവഹിച്ചു. മൂവാറ്റുപുഴ വാലി ഇറിഗേഷൻ കനാലുകളിൽ നിന്നുണ്ടാകുന്ന വെള്ളക്കെട്ട് മൂലം ചെളി കയറുന്ന സാഹചര്യത്തിലാണ് ഇവിടുത്തെ കൃഷി നിലച്ചത്.

6. തൃശൂർ ജില്ലയിലെ കൃഷിഭവനുകളിൽ സോഷ്യൽ ഓഡിറ്റിന് തുടക്കം. കൃഷിഭവനുകളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും സുതാര്യമാക്കുന്നതിനുമാണ് ഓഡിറ്റിംഗ് നടത്തുന്നത്. വിൽവട്ടം കൃഷിഭവനിലാണ് ജില്ലയിലെ ആദ്യ ഓഡിറ്റിംഗ് നടത്തിയത്. ഉദ്യോഗസ്ഥർ, കർഷകർ, ഗുണഭോക്താക്കൾ എന്നിവരടങ്ങുന്ന സംഘമാണ് കൃഷിഭവനുകളെ വിലയിരുത്തുക.

7. വള്ളികുന്നം ഗ്രാമപഞ്ചായത്തിൽ വൻപയർകൃഷി വിളവെടുത്തു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ശിവാനന്ദനും, ഭാര്യ രമണിയും ചേർന്ന് 50 സെന്റ് സ്ഥലത്താണ് കൃഷി ചെയ്തിരുന്നത്. പട്ടാമ്പി ഗവേഷണ കേന്ദ്രത്തിൽ നിന്നും നൽകിയ വൻപയർ, കൂടാതെ ചെറുപയർ, മുതിര തുടങ്ങിയ വിളകളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്.

8. കിളിമാനൂരില്‍ ക്ഷീര കര്‍ഷക സംഗമം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി നിർവഹിച്ചു. പഞ്ചായത്തിൽ ഏറ്റവും അധികം പാല്‍ സംഭരിച്ച ക്ഷീര സംഘത്തിനുള്ള പുരസ്‌കാരം നഗരൂര്‍ ക്ഷീര സംഘവും, ഏറ്റവും മികച്ച ക്ഷീര കര്‍ഷകക്കുള്ള പുരസ്‌കാരം മൊട്ടലുവിള സ്വദേശി ശോഭ രേഖക്കും ലഭിച്ചു. കന്നുകാലി പ്രദര്‍ശനം, ക്ഷീരവികസന സെമിനാര്‍, വിവിധതരം പാല്‍ ഉത്പന്നങ്ങളുടെ വിപണനവും പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.

9. പത്തനംതിട്ട ജില്ലയിൽ ലോകമണ്ണ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ണ് പര്യവേക്ഷണ- സംരക്ഷണ വകുപ്പ്, തെക്കേക്കര ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണവും കര്‍ഷകരെ ആദരിക്കലും ഫലവൃക്ഷതൈ വിതരണവും നടന്നു.

10. കശുവണ്ടി മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് അഭിപ്രായം ശേഖരിക്കുന്നു. കശുവണ്ടി മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ, വ്യക്തികൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്നാണ് അഭിപ്രായം എടുക്കുന്നത്. പ്രതിസന്ധികൾ പഠിക്കുന്നതിനും മേഖലയുടെ വിവിധ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനും, നിർദേശം സമർപ്പിക്കുന്നതിനും രൂപീകരിച്ച വിദഗ്ദ്ധ സമിതിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. അഭിപ്രായങ്ങൾ expertcommittekcb@gmail.com വഴിയോ കാഷ്യൂ ബോർഡിൽ (കേരള കാഷ്യൂ ബോർഡ്, ടി.സി. 29/4016, വിമെൻസ് കോളേജ്-ബേക്കറി ജങ്ഷൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം – 695 014) നേരിട്ടോ അല്ലെങ്കിൽ സിറ്റിങ് നടക്കുന്ന സ്ഥലങ്ങളിൽ എത്തിയോ രേഖപ്പെടുത്തണം.

11. ഇന്ത്യയിൽ നിന്നുള്ള തേയില, ബസ്മതി അരി എന്നിവയുടെ ഇറക്കുമതി ചെയ്യുന്നതിൽ കരാർ പുതുക്കാതെ ഇറാൻ. 30 മുതൽ 35 ദശലക്ഷം കിലോയോളം ഓർത്തഡോക്സ് തേയില, 1.5 ദശലക്ഷം കിലോ ബസ്മതി അരി എന്നിവയാണ്‌ ഒരു വർഷം ഇന്ത്യയിൽ നിന്ന്‌ ഇറാൻ വാങ്ങുന്നത്. കർഷകരെ സംരക്ഷിക്കുന്നതിനായി ഇറാൻ ആഭ്യന്തര വിളവെടുപ്പ് സീസണായ ജൂലൈ മുതൽ നവംബർ വരെ ഇറക്കുമതി തടയാറുണ്ട്‌. എന്നാൽ നിലവിൽ കരാർ പുതുക്കാത്തത്‌ എന്തുകൊണ്ടാണെന്ന്‌ ഇറാൻ വ്യക്തമാക്കിയിട്ടില്ല.

12. കു​വൈ​ത്തിൽ കോ​ഫി ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്കം. അ​ൽ ശ​ഹീ​ദ് പാ​ർ​ക്കി​ൽ സംഘടിപ്പിച്ച മേളയിൽ കാ​പ്പി​യു​ടെ ച​രി​ത്രം, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ​ കോ​ഫി പാ​ര​മ്പ​ര്യം എ​ന്നി​വ പ​രി​ച​യ​പ്പെ​ടാൻ സന്ദർശകർക്ക് അവസരമുണ്ട്. കു​വൈ​ത്തി​ലെ 40ല​ധി​കം ക​ഫേ​ക​ളു​ടെ​യും കോ​ഫി സ്പെ​ഷ​ലി​സ്റ്റു​ക​ളു​ടെ​യും പ്ര​ധാ​ന ഉ​ൽ​പ​ന്ന​ങ്ങ​ളും മേ​ള​യി​ൽ ഉ​ണ്ട്. 'അ​റേ​ബ്യ​ൻ കോ​ഫി കോ​ർ​ണ​ർ' ഫെ​സ്റ്റി​വ​ലിന്റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ്. ​

13. കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തമിഴ്നാടിന്റെ വടക്കൻ തീരത്ത് രൂപപ്പെട്ട ചുഴലിക്കാറ്റാണ് മഴയ്ക്ക് കാരണം. സംസ്ഥാനത്തെ വടക്കൻ ജില്ലകളിലും മലയോര പ്രദേശങ്ങളിലും ഇടിയോടുകൂടിയ മഴ പ്രതീക്ഷിക്കാം. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

English Summary: Aadhaar cards should be kept intact UIDAI malayalam agriculture news

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds