1. ജനന-മരണ രജിസ്ട്രേഷന് മാതാപിതാക്കളുടെ ആധാർ നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി. ദേശീയ-സംസ്ഥാന തലങ്ങളിൽ രജിസ്ട്രേഷൻ ചെയ്യുന്നതിന് ഡാറ്റാ ബേസ് നിർമിക്കുകയാണ് ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. രജിസ്ട്രേഷൻ ഏകോപനത്തിനായി ദേശീയ തലത്തിൽ രജിസ്ട്രാർ ജനറൽ, സംസ്ഥാന തലത്തിൽ ചീഫ് രജിസ്ട്രാർ, ജില്ലാ തലത്തിൽ രജിസ്ട്രാർ എന്നിങ്ങനെ നിയമിക്കും.
ജനസംഖ്യ, റേഷൻ കാർഡ് തയ്യാറാക്കൽ, തെരഞ്ഞെടുപ്പ് എന്നിവയ്ക്ക് ഡാറ്റാ ബേസ് ആവശ്യമാണ്. ആധാർ നമ്പർ രേഖപ്പെടുത്തിയിട്ടുള്ള ജനന സർട്ടിഫിക്കറ്റ് സ്കൂൾ പ്രവേശനം, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ പട്ടികയിൽ പേര് ചേർക്കൽ, സർക്കാർ ജോലിക്ക് അപേക്ഷ നൽകൽ, പാസ്പോർട്ട് എടുക്കൽ, വിവാഹ രജിസ്ട്രേഷൻ, ആധാർ വാങ്ങൽ എന്നിവയ്ക്ക് ഉപയോഗിക്കാൻ സാധിക്കും.
കൂടുതൽ വാർത്തകൾ: സിറ്റിസൺ സേവിങ്സ് സ്കീം; വിരമിക്കൽ കാലത്ത് റിസ്ക് കുറഞ്ഞ നിക്ഷേപം
2. ഓണസദ്യ ഗംഭീരമാക്കാൻ കാത്തിരിക്കുന്ന മലയാളികൾക്ക് ഇരുട്ടടി. തക്കാളിയ്ക്കും ഇഞ്ചിയ്ക്കും പച്ചമുളകിനുമൊക്കെ തീവില തന്നെ. കഴിഞ്ഞ ദിവസങ്ങളിൽ പത്തോ ഇരുപതോ രൂപ കുറഞ്ഞതല്ലാതെ കാര്യമായ വിലക്കുറവൊന്നും ഉണ്ടായിട്ടില്ല. ഓണമെത്തുമ്പോൾ വില ഉയരുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ. എന്നാൽ ജനങ്ങൾക്ക് താങ്ങാകേണ്ട ഹോർട്ടികോർപ്പ് വിൽപന കേന്ദ്രങ്ങളിൽ പോലും ആവശ്യസാധനങ്ങൾക്ക് ക്ഷാമമാണ്.
മുളക്, ഇഞ്ചി, കാബേജ്, ബീറ്റ്റൂട്ട് എന്നിവ വാങ്ങാനെത്തുന്നവർ നിരാശയോടെയാണ് വിൽപന കേന്ദ്രങ്ങളിൽ നിന്നും മടങ്ങുന്നത്. കനത്ത മഴയെ തുടർന്നാണ് കേരളത്തിലെ കാർഷിക ഉൽപാദനം കുറഞ്ഞത്. വില വർധനവ് മൂലം ഇറക്കുമതിയും പാളി. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കുറയ്ക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
3. സൗദി അറേബ്യയിൽ ചെമ്മീൻ വിളവെടുപ്പ് സീസൺ ആരംഭിച്ചു. എല്ലാ വർഷവും ആഗസ്റ്റ് 1ന് ആരംഭിച്ച് 6 മാസത്തോളം വിളവെടുപ്പ് സീസൺ നീണ്ടുനിൽക്കും. സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ പ്രാദേശിക മത്സ്യ മാർക്കറ്റുകളിൽ ചെമ്മീനുകൾ വിൽപനയ്ക്കായി എത്തി തുടങ്ങി. ചെമ്മീനിന്റെ വളർച്ചയ്ക്കും, സംരക്ഷണത്തിനുമായി 6 മാസത്തോളം ഈ പ്രവിശ്യയിൽ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഈ സീസണിൽ 10,254 ടൺ ചെമ്മീനാണ് വിളവെടുക്കാൻ സാധിച്ചത്.
Share your comments