ജില്ലയിൽ അതിഥി തൊഴിലാളികളുടെ ആധാർ കാർഡ് പുതുക്കൽ നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് നിർദേശിച്ചു. ആധാർ കാർഡ് പുതുക്കുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിലാണ് കളക്ടർ വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.
കുന്നത്തുനാട് താലൂക്കിലെ പെരുമ്പാവൂർ നഗരസഭാ പരിധിയിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ അതിഥി തൊഴിലാളികൾ താമസിക്കുന്നത്. ഈ പ്രദേശങ്ങളിലെ അതിഥി തൊഴിലാളികളുടെ ആധാർ കാർഡ് പുതുക്കൽ നടപടികൾ 2023 ഒക്ടോബറിനകം പൂർത്തീകരിക്കണമെന്നും കളക്ടർ നിർദേശിച്ചു. യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യു ഐ ഡി എ ഐ) കണക്കുപ്രകാരം ഈ പ്രദേശം ഹോട്ട് സ്പോട്ടായും കണക്കാക്കിയിട്ടുണ്ട്.
താലൂക്ക് തല മോണിറ്ററിംഗ് കമ്മിറ്റി ചേർന്ന് ആധാർ കാർഡ് പുതുക്കൽ നടപടികൾ വേഗത്തിൽ ആക്കുന്നതിന് ആക്ഷൻ പ്ലാൻ തയ്യാറാക്കണം. പെരുമ്പാവൂർ നഗരസഭാ പരിധിയിൽ ആധാർ ഓപ്പറേറ്റർമാരുടെ നേതൃത്വത്തിൽ വാതിൽ പടി സേവനം ലഭ്യമാക്കണമെന്നും യോഗത്തിൽ നിർദേശം നൽകി.
വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക പ്രാദേശിക കമ്മിറ്റി രൂപീകരിച്ച് നഗരസഭാ പരിധിയിലുള്ള എല്ലാ തൊഴിൽ ഉടമകളുടെയും വിവരങ്ങൾ ശേഖരിക്കണം. ലിസ്റ്റ് പ്രകാരമുള്ള തൊഴിൽ ഉടമകളുടെ യോഗം ചേർന്ന് വിവിധ ഇടങ്ങളിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളികളുടെ ആധാർ കാർഡ് പുതുക്കൽ നടപടികൾ വേഗത്തിലാകുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. നിലവിൽ തൊഴിലിടങ്ങളിൽ സംഘടിപ്പിക്കുന്ന ക്യാമ്പുകൾ കൂടുതൽ ഊർജിതമാക്കി തൊഴിലിന് തടസം നേരിടാതെ ആധാർ അപ്‌ഡേഷന്‍ പൂർത്തിയാക്കണമെന്നും കളക്ടർ പറഞ്ഞു.
5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആധാർ കാർഡ് ഉറപ്പാക്കണം. അഞ്ചുമുതല്‍ ഏഴു വയസ്സ് വരെയുള്ള കുട്ടികളുടെയും, 15നും 17നും ഇടയില്‍ പ്രായമുള്ളവരുടെയും ബയോമെട്രിക് രേഖകളും പുതുക്കണം. ഇതുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പിലാക്കണം. പഞ്ചായത്ത് തലത്തിൽ 59 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഇതുവരെ ആധാർ കാർഡ് പുതുക്കൽ നടത്തിയിരിക്കുന്നത്. മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്നും നിർദേശം നൽകി.
ബന്ധപ്പെട്ട വാർത്തകൾ: ആശ്വാസം! ആധാർ കാർഡ് പുതുക്കാനുള്ള സമയപരിധി നീട്ടി
Share your comments