കോട്ടയം : നിലങ്ങളിൽ മണ്ണിട്ട് നികത്തിയാൽ കേരള നെല്‍ വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കും - ജില്ലാ ഭരണകൂടം
കോട്ടയം ജില്ലയില്‍ മണ്ണ്, ചെളി, കല്ല്, ചെങ്കല്ല് എന്നീ ധാതുക്കളുടെ അനധികൃതഖനനവും നീക്കവും നിയന്ത്രിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഡോ. ബി. എസ്. തിരുമേനി ഉത്തരവ് പുറപ്പെടുവിച്ചു. കടത്തുന്ന മണ്ണ് റവന്യൂ രേഖയില്‍ നിലമായി കണക്കാക്കിയിട്ടുളള സ്ഥലത്ത് നിക്ഷേപിച്ചാല്‍ കേരള നെല്‍ വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമം 2008 പ്രകാരം നടപടി സ്വീകരിക്കും. കെട്ടിട നിര്‍മ്മാണത്തിന് വേണ്ടി മണ്ണ് നീക്കം ചെയ്യുമ്പോള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം നല്‍കുന്ന ഡവലപ്‌മെന്റ് പെര്‍മിറ്റും പ്‌ളാനുമനുസരിച്ച് ഭൂമിയില്‍ വില്ലേജ് ഓഫീസര്‍ അടയാളപ്പെടുത്തി നല്‍കണം. പ്രസ്തുത സ്ഥലം ജിയോളജിസ്റ്റ് പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കണം.
ജിയോളജിസ്റ്റ് നല്‍കുന്ന ഉത്തരവില്‍ അനധികൃത ഖനനം സംബന്ധിച്ച പിഴയെക്കുറിച്ചും വസ്തുവില്‍ മിനറല്‍ ട്രാന്‍സിറ്റ് പാസ് നല്‍കിയ ശേഷം നിശ്ചിത സമയത്തിനുളളില്‍ നിര്‍ദ്ദിഷ്ട പണികള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ വസ്തു ഉടമയില്‍ നിന്നും ഈടാക്കേണ്ട പിഴയെക്കുറിച്ചുമുളള വിവരങ്ങള്‍ വ്യക്തമായി ചേര്‍ക്കണം. റോയല്‍റ്റി അടച്ചതില്‍ കൂടുതല്‍ അളവില്‍ ഖനനവും മണ്ണ് കടത്തലും നടത്തുന്നവര്‍ക്കെതിരെ അനധികൃത ഖനനത്തിന് പോലീസ്/ആര്‍ ഡി ഒ/തഹസില്‍ദാര്‍/ ജിയോളജിസ്റ്റ് എന്നിവര്‍ നടപടി സ്വീകരിക്കണം. മണ്ണ് അടക്കം എല്ലാ ധാതുക്കളും നീക്കം ചെയ്യുന്നതിന് റോയല്‍റ്റി ജിയോളജി വകുപ്പില്‍ അടച്ച് കടത്തു പാസ് വാങ്ങണം. മണ്ണു കൊണ്ടുപോകുന്ന വാഹനത്തില്‍ മണ്ണ് കയറ്റിയ സമയം, തീയതി, എത്തിച്ചേരുന്ന സ്ഥലം, സമയം എന്നിവ രേഖപ്പെടുത്തിയ മിനറല്‍ ട്രാന്‍സിറ്റ് പാസുകള്‍ ഉണ്ടായിരിക്കണം. ഇത് സംബന്ധിച്ച നിബന്ധനകള്‍ ലംഘിക്കുന്ന വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്ത് നടപടി സ്വീകരിക്കും.
ജെ.സി.ബി തുടങ്ങിയ എര്‍ത്ത് എസ്‌കവേറ്ററുകള്‍ ഉപയോഗിച്ചുളള മണ്ണ് ഖനനം രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെയും മണ്ണ് നീക്കം ചെയ്യുന്നതിനുളള വാഹന ഗതാഗതം രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയും മാത്രമെ അനുവദിക്കുകയുളളൂ. വാഹനങ്ങളില്‍ ഓവര്‍ ലോഡ് അനുവദിക്കുന്നതല്ല. പൊടി പറക്കാത്ത വിധം പടുത കൊണ്ട് ലോഡ് ശരിയായി മൂടിയിരിക്കണം. മൂടുന്നതിന് ഗാര്‍ഡന്‍ നെറ്റ് ഉപയോഗിക്കാന്‍ പാടില്ല. ലോഡ് കൊണ്ടുപോകുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ സമയം പാലിക്കേണ്ടതാണ്( രാവിലെ 9 മണി മുതല്‍ 10 വരെയും വൈകിട്ട് 4 മണി മുതല്‍ അഞ്ച് വരെയും). പൊതു അവധി ദിവസങ്ങളില്‍ മണ്ണ് ഖനനവും കടത്തികൊണ്ട് പോകലും കര്‍ശനമായി നിരോധിച്ചിരിക്കുന്നു. പൊതുവായതും അടിയന്തിര പ്രാധാന്യവുമുളള സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് മണ്ണ് കൊണ്ടു പോകുന്നതിന് ബന്ധപ്പെട്ട വകുപ്പ് ജില്ലാ കളക്ടര്‍ക്ക് വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തില്‍ അപേക്ഷ നല്‍കണം.
Share your comments