നാളികേര വികസനബോര്‍ഡിന്‍റെ നേര്യമംഗലത്തെ വിത്തുത്പാദന പ്രദര്‍ശന തോട്ടം കൃഷി വകുപ്പ് ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത് വിവാദമാകുന്നു. ബോര്‍ഡിന്‍റെ കീഴില്‍ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഫാം പാട്ടക്കാരാര്‍ കഴിഞ്ഞുവെന്ന കാരണം കാട്ടിയാണ് കൃഷിവകുപ്പ് ഏറ്റെടുക്കാന്‍ പോകുന്നത്. ഫാം ഒഴിഞ്ഞുകൊടുക്കണമെന്നാവശ്യപ്പെട്ട് കൃഷിവകുപ്പ് നാളികേരവികസന ബോര്‍ഡിന് കത്തയച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ കൃഷിവകുപ്പ് ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയും ഫാം ഏറ്റെടുക്കാന്‍ പോകുന്ന കാര്യം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഏറ്റെടുക്കലില്‍ നിന്ന് പിന്മാറണമെന്നും പാട്ടക്കരാര്‍ നീട്ടി നല്‍കണമെന്നും കാട്ടി നാളികേര വികസനബോര്‍ഡ് ചെയര്‍മാന്‍ ബി.എന്‍.എസ് മൂര്‍ത്തി സര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്. നാളികേര വികസന ബോര്‍ഡിലെ ജീവനക്കാരുടെ സംഘടനയും ഏറ്റെടുക്കലിനെതിരെ രംഗത്തുവന്നിരിക്കുകയാണ്.
20 വര്‍ഷത്തെ പാട്ടത്തിനാണ് കൃഷിവകുപ്പ് 1991-ല്‍ നാളികേര വികസന ബോര്‍ഡിന് 50 ഏക്കര്‍ സ്ഥലം നേര്യമംഗലത്ത് നാളികേര വികസന തോട്ടത്തിനായി നല്‍കിയത്. പാട്ടക്കരാര്‍ കഴിഞ്ഞിട്ടും ഏഴുവര്‍ഷമായി തോട്ടം അവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് നാളികേര വികസന ബോര്‍ഡിന്‍റെ കേരളത്തിലെ ഏക വിത്തുത്പാദന കേന്ദ്രമാണ് ഇത്. കേരളത്തിലെയും തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെയും കേരകര്‍ഷകര്‍ക്ക് അത്യുത്പാദന ശേഷിയുള്ള നടീല്‍ വസ്തുക്കള്‍ ഉത്തരവാദിത്വത്തോടെ ഉത്പാദിപ്പിച്ചു കൊടുക്കുന്ന തോട്ടമാണ് ഇത്. കേരളത്തിലെ കേരകര്‍ഷകര്‍ക്ക് വലിയ സംഭാവനകള്‍ ചെയ്തു വരുന്ന ഈ തോട്ടത്തില്‍ കൃഷിവകുപ്പ് കണ്ണുവച്ചതാണ് കുഴപ്പങ്ങള്‍ക്ക് കാരണമായത്. ഈ തോട്ടത്തിനോട് ചേര്‍ന്ന് കൃഷിവകുപ്പിന്‍റെ മേല്‍നോട്ടത്തിലുള്ള ഏക്കറുകണക്കിന് ഭൂമി കാടുപിടിച്ചുകിടക്കുന്നുണ്ട്.
കൃഷി വകുപ്പിന്‍റെ എന്ത് ആവശ്യത്തിനും ആ സ്ഥലം ഉപയോഗിക്കാന്‍ കഴിയുമെന്നിരിക്കെ നന്നായി നടന്നുപോകുന്ന ബോര്‍ഡിന്‍റെ തോട്ടം തന്നെ കൈക്കലാക്കാന്‍ കൃഷിവകുപ്പ് വാശി പിടിക്കുകയാണ്. നേര്യമംഗലത്ത് ഉള്‍പ്പെടെ അറുപതിലധികം ഫാമുകള്‍ കൃഷിവകുപ്പിന്‍റേതായിട്ടുണ്ട്. മണ്ണൂത്തിയില്‍ നല്ല നിലയില്‍ നടന്നിരുന്ന നാളികേരവികസന ബോര്‍ഡിന്‍റെ തോട്ടം മുമ്പ് കൃഷിവകുപ്പ് ഏറ്റെടുത്തിട്ട് അത് വേണ്ടരീതിയില്‍ പരിപാലിക്കാന്‍ കഴിയാഞ്ഞതിന്‍റെ അനുഭവം നിലനില്‍ക്കുന്നുണ്ട്.
കൃഷിവകുപ്പ് നാളികേര വിത്തിനായി ഏറ്റവും അധികം ആശ്രയിക്കുന്നതും ബോര്‍ഡിന്‍റെ നേര്യമംഗലം തോട്ടത്തെയാണ്. കഴിഞ്ഞ വര്‍ഷം ഈ ഫാമില്‍ ഉത്പാദിപ്പിച്ച ഒന്നരലക്ഷം തൈകളില്‍ അറുപതിനായിരത്തോളം വാങ്ങിയത് കൃഷിവകുപ്പു തന്നെയാണ്. ജനകീയാസൂത്രണം, മാതൃകാ കൃഷിത്തോട്ടം തുടങ്ങിയ പദ്ധതികള്‍ക്കായി മുന്‍കൂര്‍ പണമടച്ചാണ് കൃഷിവകുപ്പ് തൈകള്‍ വാങ്ങിയത്.
സ്വന്തമായി ഫാമുകള്‍ ഉണ്ടായിട്ടും കൃഷിവകുപ്പിനു പോലും ആശ്രയിക്കേണ്ടി വരുന്നത് ബോര്‍ഡിന്‍റെ നേര്യമംഗലത്തെ തോട്ടത്തെയാണ്.
നാളികേര കര്‍ഷകര്‍ക്കായി വികസന ബോര്‍ഡ് നടപ്പാക്കുന്ന നീര ടെക്നീഷ്യന്‍, ചങ്ങാതിക്കൂട്ടം തുടങ്ങിയ പദ്ധതികളുടെ പരിശീലനവും ഈ ഫാമിലാണ് നടക്കുന്നത്.
നാളികേരബോര്‍ഡിന്‍റെ ആസ്ഥാനമായ കേരളത്തില്‍ ആകെയുള്ള ഫാമുകൂടി പോയാല്‍ പിന്നെ ഇവിടെയുള്ളത് വെറും ഓഫീസ് മാത്രമാവും. ഭാവിയില്‍ ഇവിടെനിന്ന് ആസ്ഥാനം തന്നെ മാറ്റുന്നതിന് അത് പ്രേരകമാകും
നാളികേര വികസന ബോര്‍ഡിന്‍റെ തോട്ടം കൃഷിവകുപ്പ് ഏറ്റെടുക്കുന്നത് എന്തിന്
നാളികേര വികസനബോര്‍ഡിന്‍റെ നേര്യമംഗലത്തെ വിത്തുത്പാദന പ്രദര്‍ശന തോട്ടം കൃഷി വകുപ്പ് ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത് വിവാദമാകുന്നു. ബോര്‍ഡിന്‍റെ കീഴില്‍ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഫാം പാട്ടക്കാരാര്‍ കഴിഞ്ഞുവെന്ന കാരണം കാട്ടിയാണ് കൃഷിവകുപ്പ് ഏറ്റെടുക്കാന്‍ പോകുന്നത്.
Share your comments