എറണാകുളം: കളമശ്ശേരി കാർഷികോത്സവം 2023ൽ ശ്രദ്ധനേടി ബഡ്‌സ് സ്കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികൾ. ബഡ്‌സ് സ്പെഷ്യൽ സ്കൂൾ ഫോർ മെന്റലി ചലഞ്ചിഡ് ഏലൂർ സ്കൂളിലെ ഒൻപത് വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികളാണ് സന്ദർശകരുടെ ശ്രദ്ധയാകർഷിച്ചത്.
ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളുടെ അസാമാന്യ കഴിവുകൾ കണ്ണിമചിമ്മാതെയാണ് കാണികൾ ആസ്വദിച്ചത്. പ്രദർശന വിപണന മേളയിലെ സ്റ്റാൾ ഉടമകൾ വിദ്യാർത്ഥികൾക്ക് സ്നേഹോപഹാരങ്ങൾ നൽകി.
കാർഷികോത്സവം നാലാം ദിവസത്തിലെ സാംസ്കാരിക സംഗമം നടൻ കൈലാഷ് ഉദ്ഘാടനം ചെയ്തു. കാർഷികോത്സവം ഒരു ഓർമ്മപ്പെടുത്തലാണ്. ചിങ്ങമാസം വിളവെടുപ്പിന്റെയും സമ്പത്തിന്റെയും കാലമാണെന്നാണ് സങ്കല്പം. ചിങ്ങ മാസത്തിൽ കാർഷിക കൂട്ടായ്മയുടെ ആഘോഷത്തിൽ പങ്കെടുക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നും മലയാളത്തിലെ മഹാനടൻ മമ്മൂട്ടിയുടെ സാന്നിധ്യത്തോടെ തുടക്കം കുറിച്ച പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്നും നടൻ കൈലാഷ് പറഞ്ഞു.
കാർഷികോത്സവത്തിൽ പങ്കെടുക്കുന്ന സ്റ്റാളുകളിലെ ഉത്പന്നങ്ങൾ നടൻ കൈലാഷിനു സമ്മാനിച്ചു. കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതി കോ ഓർഡിനേറ്റർ എം.പി വിജയൻ, കൺവീനർ വി.എം ശശി, ഏലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.കെ സേതു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Share your comments