- വിദ്യാഭ്യാസ വായ്പ 214 കോടി രൂപ, ഭവന വായ്പ 1,845 കോടി
- ഈ വർഷം 4,640 കോടിയുടെ കാർഷിക വായ്പ
തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ സാമ്പത്തിക വർഷം കാർഷിക വായ്പയായി ബാങ്കുകൾ നൽകിയത് 4,838 കോടി രൂപ. കാർഷികമേഖലയിൽ 4,370 കോടി രൂപ നൽകാനാണ് ലക്ഷ്യമിട്ടിരുന്നത്. 111 ശതമാനം നേട്ടം കൈവരിച്ചു. ജില്ലയിലെ ബാങ്കുകളുടെ ആദ്യപാദ പ്രവർത്തനം വിലയിരുത്താനായി ഡോ.എ. സമ്പത്ത് എം.പി.യുടെ അധ്യക്ഷതയിൽ കൂടിയ ജില്ലാതല അവലോകന യോഗത്തിന്റേതാണ് വിലയിരുത്തൽ.
കഴിഞ്ഞ വർഷം 3,408 കോടിയുടെ ഹ്രസ്വകാല കാർഷിക വായ്പകളും ചെറുകിട ജലസേചനത്തിനായി 128 കോടി രൂപയുടെ വായ്പകളും ഭൂവികസനം, ഫാംയന്ത്രവത്കരണം, പ്ലാന്റേഷൻ എന്നിവയ്ക്കായി യഥാക്രമം 31 കോടി, 29 കോടി, 213 കോടി രൂപയുടെ വായ്പകളും അനുവദിച്ചു. മത്സ്യമേഖലയിൽ 42 കോടി രൂപയുടെയും ക്ഷീര മേഖലയിൽ 126 കോടി രൂപയുടെയും വളർത്തുപക്ഷികളുടെ ഫാമുകൾക്കായി 105 കോടി രൂപയുടെയും വായ്പകൾ അനുവദിച്ചിട്ടുണ്ട്.
ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കായി 1,596 കോടി രൂപ വായ്പ നൽകി. 1707 കോടി രൂപ വായ്പ നൽകാനാണ് ലക്ഷ്യമിട്ടിരുന്നത്. കയറ്റുമതി വായ്പയായി 11 കോടി രൂപ നൽകി. വിദ്യാഭ്യാസ വായ്പയിനത്തിൽ 551 കോടി രൂപ നൽകാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും നൽകിയത് 214 കോടി രൂപയാണ്. 39 ശതമാനമാണ് നേട്ടം. ഭവനവായ്പയായി 1845 കോടി രൂപ നൽകി. 1,779 കോടി രൂപ ഈ മേഖലയിൽ നൽകാനാണ് ലക്ഷ്യമിട്ടിരുന്നത്. മുൻഗണന മേഖലയിൽ 833 കോടി രൂപയുടെ മറ്റു വായ്പകൾ നൽകിയിട്ടുണ്ട്.
ഈ സാമ്പത്തിക വർഷം കാർഷിക മേഖലയിൽ 4,640 കോടി രൂപയുടെ വായ്പ നൽകുകയാണ് ലക്ഷ്യം. ചെറുകിട ഇടത്തര സംരംഭങ്ങൾക്കായി 1,823 കോടിയാണ് ജില്ലയിലെ ബാങ്കുകൾ മാറ്റിവച്ചിരിക്കുന്നത്. മുൻഗണനമേഖലയിൽ 3,498 രൂപയുടെ മറ്റു വായ്പകൾ അനുവദിക്കും. പ്രധാനമന്ത്രിയുടെ തൊഴിൽ സൃഷ്ടിക്കൽ പദ്ധതി(പി.എം.ഇ.ജി.പി.)യ്ക്കായി മാർച്ച് 31 വരെ 603 അപേക്ഷ ലഭിച്ചു. ഇതിൽ 183 എണ്ണം അനുവദിച്ചു. 258 അപേക്ഷകൾ നിരസിച്ചു. ഒമ്പതു ബ്ലോക്കുകളിൽ ബ്ലോക്ക്തല ബാങ്കേഴ്‌സ് സമിതി യോഗങ്ങൾ ചേർന്നു.
റിസർവ് ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ എസ്. സൂരജ്, നബാർഡ് അസിസ്റ്റന്റ് ജനറൽ മാനേജർ കെ. വേണുഗോപാൽ, ഇന്ത്യൻ ഓവർസീസ് ബാങ്ക് ചീഫ് റീജണൽ മാനേജർ കെ. സന്തോഷ്, ഡെപ്യൂട്ടി കളക്ടർ ശോഭ സന്തോഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Share your comments