
1. ആലപ്പുഴ ജില്ലയിലെ ദേവികുളങ്ങര ഗ്രാമപഞ്ചായത്തിൽ ഇഷാസ് കൃഷിക്കൂട്ടം ആരംഭിച്ച ആദ്യ മില്ലറ്റ് കഫേ കൃഷിമന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. കൂട്ടുംവാതുക്കൽ പാലത്തിന് സമീപം സംഘടിപ്പിച്ച ചടങ്ങിന് യു.പ്രതിഭ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കാർഷിക വികസന കർഷകക്ഷേമ വകുപ്പും ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് കൃഷിഭവനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷി ,ദേവികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.പവനനാഥൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതുഷാരാജ്, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ എസ്.രേഖ, രജനി ബിജു, മിനി മോഹൻബാബു, പ്രിൻസിപ്പൽ കൃഷി ഓഫീസർ സി.അമ്പിളി തുടങ്ങിയവർ പങ്കെടുത്തു.
2. ഗോസമൃദ്ധി സമഗ്ര കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 65,000 രൂപ വരെ മതിപ്പ് വിലയുള്ള ഉരുവിന് ഒരു വര്‍ഷ പദ്ധതിയില്‍ ജനറല്‍ വിഭാഗത്തിന് 1,356 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 774 രൂപയുമാണ് വിഹിതം. മൂന്ന് വര്‍ഷ പദ്ധതിയില്‍ ജനറല്‍ വിഭാഗത്തിന് 3,319 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 1,892 രൂപയുമാണ് വിഹിതം. ഉടമകള്‍ക്ക് അപകട മരണ ഇന്‍ഷുറന്‍സ് പരിരക്ഷക്കും അര്‍ഹതയുണ്ടാകും. പരമാവധി അഞ്ച് ലക്ഷം രൂപയാണ് വ്യക്തിഗത അപകട പരിരക്ഷ. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് തദ്ദേശ സ്ഥാപനത്തിലെ വെറ്ററിനറി ആശുപത്രിയുമായി ബന്ധപ്പെടാവുന്നതാണ്.
3. കിഴക്കൻ കാറ്റ് ശക്തിപ്പെടുന്നതിന്റെ ഫലമായി സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യതാപ്രവചനത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത. അതേസമയം ഉച്ചക്ക് ശേഷം മഴ സാധ്യതയുള്ളതിനാണ് പകൽ സമയങ്ങളിൽ ഉയർന്ന താപനിലാ മുന്നറിയിപ്പും നിലനിൽക്കുന്നുണ്ട്.
Share your comments