ആലപ്പുഴ: കുട്ടനാട്ടിൽ വീണ മടകൾ ആഗസ്ത് 10നകം പുനസ്ഥാപിക്കുമെന്ന് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ വ്യക്തമാക്കി. മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ദുരിതാശ്വാസ അവലോകനയോഗത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. 54 പാടങ്ങളിലെ മടകൾ പുനസ്ഥാപിക്കുന്നതിനായി 20ശതമാനം മുൻകൂർ തുകയായി 56.91 ലക്ഷം രൂപ ഇതിനകം അനുവദിച്ചു. ആകെ 71 മടകൾ കെട്ടുന്നതിനായി നാലു കോടി രൂപ വേണ്ടിവരുമെന്ന് അദ്ദേഹം യോഗത്തിൽ അറിയിച്ചു.
ആലപ്പുഴ,കോട്ടയം,പത്തനംതിട്ട ജില്ലകളിലായി 150 കോടി രൂപയുടെ പ്രാഥമിക നഷ്ടമാണ് കൃഷിവകുപ്പ് കണക്കാക്കിയിട്ടുള്ളത്. 30992 ഹെക്ടറിൽ കൃഷി നശിച്ചതിൽ 27992 ഹെക്ടറും നെൽകൃഷിയാണ്. വ്യാപമായ മടവീഴ്ചയാണ് നഷ്ടം ഇത്ര വലുതാക്കിയത്. 123 മടകളാണ് ഈ ജില്ലകളിലായി തകർന്നത്. 345 പാടശേഖരങ്ങൾ മടവീഴാതിരിക്കാൻ സംരക്ഷണം ഉണ്ടാക്കിയിരുന്നെങ്കിലും ഇവിടെയും കൃഷിനാശമുണ്ടായി. 110 പാടശേഖരങ്ങളെയാണ് മടവീഴ്ച ബാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കൃഷിക്കാരുടെ നാശനഷ്ടം കണക്കാക്കാൻ 31 കേന്ദ്രങ്ങളിലായി നടത്തിയ അദാലത്തുകൡ 78540 അപേക്ഷകളാണ് ലഭിച്ചത്. പ്രകൃതിദുരന്തങ്ങൾക്കിരയാകുന്ന കൃഷിയിടങ്ങൾക്ക് ഹെക്ടറിന് 12000 രൂപയുടെ നഷ്ടപരിഹാരം 35000 ആയി വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ 2325 ഹെക്ടർ പാടശേഖരങ്ങൾ മാത്രമാണ് ഇത്തരത്തിൽ ഇൻഷുറൻസ് ഉള്ളത്. 10-20 ദിവസം മാത്രം പ്രായമായ നെല്ലും മടവീഴ്ചയിൽ പോയിട്ടുണ്ട്. ഇവയ്ക്ക് ഇൻഷുറൻസ് ഇല്ലാത്തതിനാൽ 4270 ഹെക്ടറിലെ കൃഷിക്ക് കേന്ദ്രസഹായമായ 13500 രൂപ മാത്രമേ കിട്ടൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Share your comments