1.ജലസേചന സംവിധാനങ്ങൾ സബ്‌സിഡിയോടെ സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം
നൂതന ജലസേചന രീതികൾ പ്രോൽസാഹിപ്പിക്കുക, ജല ഉപയോഗക്ഷമത വർദ്ധിപ്പിക്കുക, ഉയർന്ന ഉത്പാദനം ഉറപ്പുവരുത്തുക, ജലസേചനത്തോടൊപ്പം വളപ്രയോഗം നടപ്പിലാക്കുക, കർഷകരുടെ വരുമാനം ഉയർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന പ്രധാന മന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയിലൂടെ സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ കൃഷിയിടങ്ങളിൽ സബ്‌സിഡിയോടെ സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം. ഇതിലൂടെ ഡ്രിപ്പ്, സ്പ്രിംഗ്‌ളർ തുടങ്ങിയ ആധുനിക ജലസേചന രീതികളുടെ ഗുണഭോക്താക്കളാകാൻ കർഷകർക്ക് അവസരം ലഭിക്കും. ചെറുകിട നാമമാത്ര കർഷകർക്ക് പദ്ധതി ചെലവിന്റെ അനുവദനീയ തുകയുടെ 80 ശതമാനവും മറ്റുള്ള കർഷകർക്ക് 70 ശതമാനവും നിബന്ധനകളോടെ ധനസഹായമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയറുടെ കാര്യാലയവുമായോ അടുത്തുള്ള കൃഷിഭവനുമായോ ബന്ധപ്പെടണം. ഫോൺ: 9383471797, 9383470693, 9383470068.
2.തെങ്ങിന്‍ തൈകള്‍ വില്‍പനയ്ക്ക്
കാസര്‍കോട് കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രത്തില്‍ ചാവക്കാടന്‍ ഓറഞ്ച് കുറിയ ഇനം ഉള്‍പ്പടെ കുറിയ ഇനത്തില്‍പ്പെട്ട തെങ്ങിന്‍ തൈകള്‍ വില്‍പനയ്ക്ക് ലഭ്യമാണ്. തൈകള്‍ ആവശ്യമുള്ളവര്‍ സെപറ്റംബര്‍ 21, 23 തീയതികളില്‍ സ്ഥാപനത്തില്‍ നിന്ന് വാങ്ങണം. തൈ ഒന്നിന് 210 രൂപയാണ് വില.
3.മുട്ട അധിഷ്ഠിത മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ പ്രൊജക്റ്റുകള്‍ പരിചയപ്പെടുത്തുന്ന ഓണ്‍ലൈന്‍ പരിശീലനം
ഭക്ഷ്യ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്മെന്റിന്റെ (കെ.ഐ.ഇ.ഡി) ആഭിമുഖ്യത്തില്‍ അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റെനബിള്‍ എന്റര്‍പ്രെന്യൂര്‍ഷിപ്പിന്റെ
(എ.ആര്‍.ഐ.എസ്.ഇ) രണ്ടാംഘട്ടമായ വിവിധ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന ഇമ്മെര്‍ഷന്‍ ട്രെയിനിംഗ് ഈ മാസം 28 ന് ഓണ്‍ലൈന്‍ മാര്‍ഗത്തിലൂടെ സംഘടിപ്പിക്കും. ചെറുകിട സംരംഭകര്‍ക്ക് ആരംഭിക്കാന്‍ കഴിയുന്ന മുട്ട അധിഷ്ഠിത ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന സെഷന്‍ ആണ് സംഘടിപ്പിക്കുന്നത്. ഈ സൗജന്യ ഓണ്‍ലൈന്‍ ട്രെയ്നിംങ്ങിനുള്ള രജിസ്ട്രേഷനായി www.kied.info എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ 7403180193, 7012376994 എന്നീ നമ്പറുകളിലോ ബന്ധപെടുക.
4.തേൻ സംഭരിക്കും
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ കീഴിലുള്ള കേരള ബീകീപ്പിംഗ് ഫെഡറേഷൻ അംഗീകൃത തേനീച്ച കർഷകരിൽ നിന്ന് കിലോക്ക് 135 രൂപ നിരക്കിൽ തേൻ സംഭരിക്കും. തേൻ വിപണനത്തിന് തയ്യാറുള്ള തേനീച്ച കർഷകർ പ്രവൃത്തി ദിനങ്ങളിൽ പാപ്പനംകോടുള്ള ബീ കീപ്പിംഗ് ഫെഡറേഷൻ ഓഫീസുമായോ, 8089530650 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണം.
5.മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണ പരിശീലനം
വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റിന്റെ അഭിമുഖ്യത്തില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട സൗജന്യ ഓണ്‍ലൈന്‍ പരിശീലനം സെപ്റ്റംബര്‍ 28ന് നടത്തും. ചെറുകിട സംരഭകര്‍ക്ക് ആരംഭിക്കാവുന്ന മുട്ട അധിഷ്ഠിത മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകളാണ് പരിചയപ്പെടുത്തുക. www.kied.info എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍- 7403180193, 7012376994.
6.ഗ്രാമിക പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
ജനകീയാസൂത്രണ പദ്ധതിയുടെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ദേശസാല്‍കൃത ബാങ്കുകളുടെയും സഹകരണ ബാങ്കുകളുടെയും സഹകരണത്തോടെ തൊഴിലുറപ്പു പദ്ധതിയില്‍ ഗ്രാമിക എന്ന പേരില്‍ ഒരു പുതിയ പദ്ധതി നടപ്പാക്കുന്നു. പദ്ധതി വഴി അഞ്ച് പഞ്ചായത്തുകളില്‍ 500 കുടുംബങ്ങള്‍ക്ക് തൊഴിലവസരം ലഭ്യമാക്കും. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന മംഗലപുരം, പോത്തന്‍കോട്, കഠിനംകുളം, അഴൂര്‍, അണ്ടൂര്‍ക്കോണം എന്നീ പഞ്ചായത്തുകളിലെ ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കാലിത്തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട് എന്നിവയുടെ നിര്‍മ്മാണം, തീറ്റപ്പുല്‍കൃഷി, മത്സ്യക്കുളം എന്നിവയ്ക്ക് ധനസഹായം ലഭിക്കും. കൂടാതെ പശു, ആട്, കോഴി എന്നിവ വാങ്ങുന്നതിനും ബാങ്കുകള്‍ മുഖേന ലോണ്‍ ലഭ്യമാക്കും.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഇതിനുളള ധനസഹായം മുന്‍കൂറായി ബാങ്കുകളില്‍ നിന്നും വായ്പയായി ലഭിക്കുകയും വായ്പയായി ലഭിക്കുന്ന മുഴുവന്‍ തുകയും സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതി മുഖേന ഗുണഭോക്താക്കള്‍ക്ക് നല്‍കി ബാങ്കുകളില്‍ തിരിച്ചടക്കാനുളള സംവിധാനം ഒരുക്കുകയും ചെയ്യും. വിധവകള്‍, വികലാംഗര്‍, പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍, ദാരിദ്രരേഖയ്ക്ക് താഴെയുളളവര്‍ എന്നിവര്‍ക്ക് ഈ പദ്ധതിയില്‍ മുന്‍ഗണന ലഭിക്കും. തൊഴിലുറപ്പ് മുഖേന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ നിന്നോ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളില്‍ നിന്നോ ലഭിക്കുന്ന നിര്‍ദ്ദിഷ്ട ഫാറത്തിലുളള അപേക്ഷ സെപ്റ്റംബര്‍ 25 ന് മുമ്പായി ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ നല്‍കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് അറിയിച്ചു. അപേക്ഷയോടൊപ്പം റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, തൊഴില്‍ കാര്‍ഡ്, വസ്തുവിന്റെ കരം അടച്ച രസീത് എന്നിവയുടെ പകര്‍പ്പ് കൂടി ഉള്‍പ്പെടുത്തണം.
7.പഴുത്ത ചക്കയുടെ മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണ പരിശീലനം 22 ന്
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ചക്കയുടെ സംസ്ഥാന വിഭവ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പഴുത്ത ചക്കയുടെ മൂല്യവര്‍ധിത ഉലന്നങ്ങളുടെ നിര്‍മ്മാണത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 22 ന് രാവിലെ 10 മുതല്‍ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പരിശീലനം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്പര്യപ്പെടുന്നവരും 20 ന് വൈകിട്ട് നാലിന് മുമ്പായി 8078572094 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.
Share your comments