നമ്മുടെ ഭൂഗോളത്തെ ആകെ കൈപ്പിടിയിലൊതുക്കി അതിവേഗം പടർന്നു പകരുന്ന കോറോണ വൈറസ് രോഗബാധയായ കോവിഡ്- 19 (COVID-19) കേരളത്തിലും പടരുന്നു. ലോകത്താകെ രോഗം ബാധിച്ചവർ 50 ലക്ഷം തരുന്നു. മരണ സംഖ്യ 45000 കഴിയുന്നു.
വികസിത രാജ്യങ്ങളും ശാസ്ത്രവും വരെപകച്ച് നിസ്സഹായരായി നോക്കി നിൽക്കുന്നു. ലോക ജനസംഖ്യയിൽ പകുതിയോളം പേരെ വീട്ടിൽ അടച്ചിട്ട് ആർക്കും പിടികൊടുക്കാതെ വൈറസ് അതിന്റെ വിനാശകരമായ യാത്ര തുടരുന്നു. അതിന്റെ പകർച്ച കൈപ്പിടിയിൽ ഒതുക്കാൻ അക്ഷീണം പ്രയത്നിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, തളരാതെ പോരാട്ടം തുടരുന്ന ആരോഗ്യ പ്രവർത്തകർ, പോലിസ് സേന, അവശ്യ സർവ്വീസിലുള്ള ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ, ചിലവിടേണ്ടി വരുന്ന വലിയ സാമ്പത്തികഭാരം...
ഈയവസരത്തിൽ സർക്കാരിന് കൈത്താങ്ങായി പ്രവർത്തിക്കേണ്ട ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് പ്രവർത്തിക്കുകയാണ് കേരളത്തിലെ കാർഷിക ബിരുദധാരികളായ കൃഷി ഉദ്യോഗസ്ഥരുടെ ഏക സംഘടനയായ അസ്സോസിയേഷൻ ഓഫ് അഗ്രികൾച്ചറൽ ഓഫിസേഴ്സ് കേരള (ASSOCIATION OF AGRICULTURE OFFICERS KERALA) ചെയ്തത്.
സംസ്ഥാന നേതൃത്വത്തിന്റെ അഭ്യർത്ഥന ഏറ്റെടുത്തു കൊണ്ട് സംസ്ഥാനത്തുടനീളം എല്ലാ ജില്ലാ കളിലും ഉള്ള സംഘടനയുടെ ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തിൽ അംഗങ്ങൾ ആ ദൗത്യം ഏറ്റെടുത്തു. കേവലം രണ്ട് ദിവസം കൊണ്ട് 10 ലക്ഷം രൂപയെന്ന ലക്ഷ്യത്തിലെത്താൻ സംഘടനയ്ക്ക് കഴിഞ്ഞത് സംഘടനയുടെ കരുത്തും ഒരുമയും സംഘാടനാപാടവും തെളിയിക്കുന്നതായി.
കറൻസി കൈമാറ്റത്തിലെ ബുദ്ധിമുട്ടും യാത്ര തടസ്സങ്ങളും സംഭാവന പിരിക്കുന്നതിന് തടസ്സമാകും എന്നു കണ്ട് തുക ഏതാണ്ടു മുഴുവൻ ഡിജിറ്റൽ ഓൺലൈൻ പേയ്മെന്റ് മുഖേനയാണ് രണ്ട് ദിവസം കൊണ്ട് സംഭരിച്ചത് എന്നത് സംഘടനാ പ്രവർത്തനത്തിൽ മറ്റൊരു നാഴിക കല്ലുമായി.
ഉദാത്തമായ ആവശ്യത്തിനായി ഉദാരമായി സംഭാവന നൽകിയ സംഘടനയുടെ പ്രബുദ്ധരായ അംഗങ്ങൾ, സംഭാവന ശേഖരിക്കാൻ കയ്യും മെയ്യും മറന്ന് ആത്മാർത്ഥമായി മുന്നിൽ നിന്ന 14 ജില്ലകളിലെയും ജില്ലാ ഭാരവാഹികൾ, എല്ലാറ്റിനും കൂടെ നിന്ന് മണിക്കുറുകൾ ഇടവിട്ടെന്നോണം പുരോഗതി അവലോകനം ചെയ്ത സംസ്ഥാന ഭാരവാഹികൾ... എല്ലാം ചേർന്നപ്പോൾ ലക്ഷ്യം അനായാസമായി...
സംഭരിച്ച 10 ലക്ഷം രുപയുടെ ചെക്ക് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ഷാജി R ബഹു. കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ്സ് സുനിൽകുമാറിന് കൈമാറി. കൃഷി വകുപ്പ് ഡയറക്ടർ ഡോ. കെ വാസുകി IAS, AOAOK വൈസ് പ്രസിഡന്റുമാരായ ശ്രീ. മധു ജോർജ് മത്തായി, ശ്രീമതി രജത വി, സംസ്ഥാന ട്രഷറർ ശ്രീ. നവാസ് ഡി, ജോയിന്റ് സെക്രട്ടറി ശ്രി. വിഷ്ണു എന്നിവരും സന്നിഹിതരായിരുന്നു.
കോവിഡ്-19 ന്റെ പ്രതിരോധത്തിനുള്ള സാമുഹിക അകലം എന്ന പ്രോട്ടോകൾ (PROTOCOL) പൂർണ്ണമായും പാലിച്ചായിരുന്നു ചെക്ക് പോലും കൈമാറിയത്.
സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ ചെക്ക് കൈമാറുന്ന അവസരത്തിൽ പങ്കെടുക്കണമെന്ന് ആഗ്രഹിച്ചു എങ്കിലും ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിച്ച് അവിടെയെത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. എന്നിരുന്നാലും ഇങ്ങനെയൊരു മാതൃകാപരമായ പ്രവർത്തനം ആദ്യം നടത്തുന്ന സംഘടകളിൽ ഒന്നായി നമുക്ക് ആകുവാൻ കഴിഞ്ഞത് നിങ്ങളോടൊപ്പം എനിക്കും വളരെയേറെ സന്തോഷവും അതിലേറെ അഭിമാനവും നൽകുന്നതായി.
ഒരു പക്ഷേ പൊതുജനങ്ങളുമായും കർഷകരുമായും താഴെ തട്ടിൽ ഏററവും അധികം അടുത്തിടപെടുന്ന ഉദ്യോഗസ്ഥരായ കൃഷി ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ കോവിഡ് ദുരന്തനിവാരണ ഫണ്ടിലേക്ക് സംഭാവന നൽകുവാൻ ആദ്യം മുന്നിട്ടറങ്ങുന്ന ഉദ്യോഗസ്ഥരുടെ കൂട്ടത്തിലായതും സ്വാഭാവികം.
ഇത്രയധികം പ്രതികൂല സാഹചര്യത്തിലും നമ്മുടെ ലക്ഷ്യം കൈവരിക്കുന്നതിന് മുന്നിട്ടിറങ്ങിയ എന്റെ സഹപ്രവർത്തകരായ പ്രബുദ്ധരായ, സാമുഹിക പ്രതിബദ്ധതയുള്ള എല്ലാം അംഗങ്ങൾക്കും, ആത്മാർത്ഥ നേതൃത്വം നൽകിയ കരുത്തരായ ജില്ലാ ഭാരവാഹികൾക്കും, കാര്യങ്ങൾക്ക് സംസ്ഥാന തലത്തിൽ വേണ്ട ഏകോപനം നൽകിയ സംസ്ഥാന ഭാരവാഹികളായ ഷാജി, നവാസ്, മധു ജോർജ് മത്തായി സാർ, രജത മാഡം, വിഷ്ണു, സുമേഷ്, അരുൺ, രാജേന്ദ്രൻ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി... നന്ദി...
മുമ്പ് പ്രളയമുണ്ടായപ്പോഴും നമ്മുടെ അംഗങ്ങൾ സാലറി ചലഞ്ചിൽ പങ്കെടുത്തും, സംഘടന അംഗങ്ങളിൽ നിന്നും പിരിച്ച് 10 ലക്ഷം രൂപ പ്രളയ ദുരിതാശ്വാസത്തിന് നൽകിയും കർഷകരെ സഹായിക്കാൻ പുനർജനി, പൊന്നുവിള ചലഞ്ച്, കർഷകർക്ക് ഒരു കൈതാങ്ങ് പദ്ധതികൾ ഒക്കെ ആവിഷ്കരിച്ച് സംഘടനയുടെ കർഷകപ്രതിപത്തിയും സാമൂഹ്യ പ്രതിബന്ധതയും തെളിയിച്ചിട്ടുമുണ്ട്.
ഈ സംരഭത്തിൽ സഹകരിച്ച എല്ലാവർക്കും ഒരിക്കൽ കൂടി ഹൃദയംഗമമായ നന്ദി.. തുടർന്നും ഞങ്ങൾ ഒപ്പം ഉണ്ടാകും നമ്മുടെ കർഷകർക്കും ജനങ്ങൾക്കും ഒപ്പം.
ഹാപ്പി മാത്യു കെ
പ്രസിഡന്റ്,
അസോസ്സിയേഷൻ ഓഫ് അഗ്രികൾച്ചറൽ ഓഫിസേഴ്സ് കേരള
Share your comments