വയനാട്ടിൽ പൂക്കൃഷിക്ക് പ്രോൽസാഹനം നൽകാനും പുഷ്പ ഗ്രാമങ്ങൾ സ്ഥാപിക്കാനുമായി 40 ലക്ഷം രൂപ കൃഷി വകുപ്പ് അനുവദിച്ചു.നടീൽ വസ്തുക്കൾ, ജൈവവളം, പോളീഹൗസ്, ജലസേചനം എന്നിവയ്ക്കായാണ് തുക വിനിയോഗിക്കുക.ആദ്യഘട്ടത്തില്‍ ജില്ലയിലെ 100 കര്‍ഷകര്‍ കൃഷി ചെയ്യുകയും അതിൻ്റെ വിലയിരുത്തല്‍ നടത്തി വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കര്‍ഷകരിലേക്ക് പദ്ധതി എത്തിക്കുകയുമാണ് ലക്ഷ്യം.
ആദ്യം കൃഷി ചെയ്യുക വിദേശ വിപണിയിലടക്കം വിപണന സാധ്യതയുള്ള പൂക്കളാണ്. ഇതിൻ്റെ നടപടി ക്രമങ്ങളെല്ലാം കൃഷി വകുപ്പ് ആരംഭിച്ച് കഴിഞ്ഞു.ജില്ലയിലെ കാർഷിക മേഖലയില്‍ പൂക്കൃഷിക്കും പൂക്കളുടെ വിപണനത്തിനുമുള്ള സാധ്യതകൾ കണ്ടെത്തുന്നതിനാണ് പ്രാരംഭ ഘട്ടത്തിൽ 100 കർഷകരെ ഉള്‍പ്പെടുത്തി കൃഷി നടത്തുന്നത്.ഇതിനായി കർഷകരുടെ യോഗങ്ങൾ നടന്നു വരുന്നുണ്ട്. ബത്തേരി, പനമരം ഭാഗങ്ങളില്‍ പൂക്കൃഷിയിൽ പരിചയമുള്ളവരെയാണ് ആദ്യഘട്ടത്തിൽ മുന്‍ഗണന നല്‍കുക.
വില്ലേജ് തലത്തിൽ പുഷ്പ ഗ്രാമങ്ങൾ നടപ്പാക്കുന്നതിന് മലപ്പുറം, വയനാട് ജില്ലകൾക്കായി 3.13 കോടി മാറ്റിവച്ചിട്ടുണ്ടെന്ന് കൃഷി മന്ത്രി പ്രഖ്യാപിച്ചിരുന്നു.വില്ലേജ് തലത്തിൽ പുഷ്പകൃഷി ചെയ്യാൻ തയാറുളള കർഷകരുടെ ക്ലസ്റ്ററുകൾ രൂപീകരിച്ചാണ് പ്രവർത്തനം. ഓരോ ക്ലസ്റ്ററിലും 50 വരെ അംഗങ്ങളുണ്ടാകും. വയനാട് ജില്ലയിൽ 40 ക്ലസ്റ്ററുകളും മലപ്പുറത്ത് 60 ക്ലസ്റ്ററുകളുമാണ് രൂപീകരിക്കുക.കാലാവസ്ഥക്ക് അനുയോജ്യമായി കൃഷിചെയ്യാൻ സാധിക്കുന്നതും വിപണിയിൽ ആവശ്യക്കാർ ഏറെയുള്ള വിവിധയിനം പുഷ്പങ്ങളാണ് കൃഷി ചെയ്യുക.അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രമാണ് നടീൽ വസ്തുക്കൾ ഉൽപാദിപിച്ച് നൽകുന്നത്.
Share your comments