ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍മൊബൈൽ പ്രീ പെയ്‌ഡ് നിരക്കുകൾ വർധിപ്പിച്ചു. കോള്‍, ഡേറ്റ നിരക്കുകള്‍ 25 ശതമാനം ആണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഡാറ്റ ടോപ്പ് അപ്പ് പ്ലാനുകളിൽ 20ശതമാനവും ഉയർത്തിയിട്ടുണ്ട്. നവംബർ ഇരുപത്തിയാറാം തീയതി മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.
പുതുക്കിയ നിരക്കുകൾ
നിരക്ക് വർധനവിൽ നിലവിലെ 79 രൂപയുടെ പ്ലാന്‍ 99 രൂപയാക്കി ഉയർത്തി. 149 രൂപയുടെ പ്ലാന്‍ ഇനി മുതൽ 179 രൂപയ്ക്കാണ് ലഭിക്കുക. 48 രൂപയുടെ ഡേറ്റ ടോപ് അപ്പ് 58 രൂപയിലെത്തി.
കൂടാതെ, 98 രൂപ, 251 രൂപ വിലയുള്ള ഡേറ്റ ടോപ്പ്-അപ്പ് പ്ലാനുകൾ യഥാക്രമം 118 രൂപ, 301 രൂപയിലാണ് വെള്ളിയാഴ്ച മുതൽ ലഭ്യമാകുന്നത്.
84 ദിവസത്തെ വാലിഡിറ്റിയും 1.5 ജിബി പ്രതിദിന ഡാറ്റയും നല്‍കുന്ന 598 രൂപയുടെ കോംബോ പ്ലാന്‍ 719 രൂപയാക്കി വർധിപ്പിച്ചു. 449 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് 549 രൂപയാണ് പരിഷ്കരിച്ച വില. ഈ പ്ലാൻ അനുസരിച്ച് 56 ദിവസത്തെ കാലാവധിയിൽ പ്രതിദിനം 2 ജിബി ഡേറ്റ, ദിവസവും 100 എസ്എംഎസ്, അൺലിമിറ്റഡ് കോളുകൾ എന്നിവ ലഭിക്കും.
219 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 265 രൂപയായി ഉയർത്തി. ഈ പ്ലാൻ അനുസരിച്ച് ദിവസവും 1 ജിബി ഡേറ്റ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് വരിക്കാർക്ക് നൽകുന്നത്.
249 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 299 രൂപയാക്കി. ഇതിൽ 1.5 ജിബി പ്രതിദിന ഡേറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസവും 100 എസ്എംഎസ് എന്നിവയാണ് ലഭിക്കുന്നത്. 298 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഇനിമുതൽ 359 രൂപയാണ്. ഈ പ്ലാനിൽ പ്രതിദിനം 2 ജിബി ഡേറ്റയും ദിവസം 100 എസ്എംഎസും അൺലിമിറ്റഡ് കോളും ലഭ്യമാകും.
399 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 479 രൂപയായി ഉയർന്നു. 56 ദിവസത്തെ കാലാവധിയുള്ള ഈ പ്ലാനിൽ അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, 1.5 ജിബി പ്രതിദിന ഡേറ്റ എന്നിവയാണ് ഉപയോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നത്.
പ്രതിദിനം അൺലിമിറ്റഡ് കോളുകളും 100 എസ്എംഎസുകളും ലഭ്യമാക്കുന്ന 379 രൂപ, 598 രൂപ, 698 രൂപ വിലയുള്ള 84 ദിവസത്തെ വാലിഡിറ്റി പ്ലാനുകൾ 455 രൂപ, 719 രൂപ, 839 രൂപ എന്നിങ്ങനെ യഥാക്രമം വർധിപ്പിച്ചു. ഇവയിൽ 455 രൂപയുടെ പ്ലാൻ ദിവസേന 6 ജിബി ഡേറ്റ, 719 രൂപയുടെ പ്ലാൻ പ്രതിദിനം 1.5 ജിബി ഡേറ്റ , 839 രൂപ 2 ജിബി പ്രതിദിന ഡേറ്റ എന്നിവ വാഗ്ദാനം ചെയ്യുന്നു.
1498 രൂപയുടെ ഒരു വർഷം കാലാവധിയുള്ള പ്ലാൻ ഇനി മുതൽ 1799 രൂപയിൽ ലഭ്യമാകും. 24 ജിബി ഡേറ്റയും അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസുമാണ് ഈ പ്ലാനിന്‍റെ സേവനങ്ങൾ. 2,498 രൂപയുടെ ഒരു വർഷത്തേക്കുള്ള പ്ലാനിന് ഇനി 2999 രൂപയാണ്. ഈ പ്ലാനിൽ വരിക്കാർക്ക് 2 ജിബി പ്രതിദിന ഡേറ്റയും അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസും ലഭിക്കും.
ഉപയോക്താക്കളിൽ നിന്നുമുള്ള ശരാശരി വരുമാനം 200 രൂപയും പിന്നാലെ 300 രൂപയിലേക്കും എത്തിക്കാനാണ് എയർടെൽ ലക്ഷ്യമിടുന്നത്. 'സാമ്പത്തികാരോഗ്യം' കണക്കിലെടുത്താണ് നിരക്ക് വർധിപ്പിക്കുന്നതെന്ന് എയർടെൽ വ്യക്തമാക്കിയിട്ടുണ്ട്. വരിക്കാരിൽ നിന്ന് ശരാശരി പ്രതിമാസം 200 രൂപയെങ്കിലും വരുമാനം ലഭിച്ചാലാണ് മുന്നോട്ട് പോകാൻ സാധിക്കൂവെന്നും കമ്പനി അറിയിച്ചു.
പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫ് വർധനയാണ് കമ്പനി പ്രഖ്യാപിച്ചത്. പുതുക്കിയ പ്രീപെയ്ഡ് പ്ലാനുകളൊന്നും 3 ജിബി പ്രതിദിന ഡേറ്റ നൽകുന്നില്ല. കൂടാതെ, രാജ്യത്ത് 5ജി അവതരിപ്പിക്കാൻ ഈ വർധനവ് എയർടെല്ലിനെ സഹായിച്ചേക്കുമെന്നും സൂചനകളുണ്ട്.
Share your comments