<
  1. News

കരിമ്പ് കൃഷി വ്യാപന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു; കൂടുതൽ കൃഷി വാർത്തകൾ

ആലങ്ങാട് ഗ്രാമപഞ്ചായത്തിൻ്റെ പരമ്പരാഗത കാർഷിക വിളയായ കരിമ്പ് കൃഷി പ്രോത്സാഹനത്തിന് വേണ്ടി ആലങ്ങാട് സർവ്വീസ് സഹകരണ ബാങ്ക്, കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതിയിൽ ഉൾപ്പെടുത്തി കരിമ്പ് കൃഷി വ്യാപന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു..ആലങ്ങാട് ശർക്കര വിപണിയിലിറക്കുക എന്ന ലക്ഷ്യത്തിനായി ആലങ്ങാട് സഹകരണ ബാങ്ക് പരിശ്രമത്തിലാണ്.

Saranya Sasidharan

1.    പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജയ അരി ഉൾപ്പെടെ ആറിനം ഭക്ഷ്യ വസ്തുക്കൾ ആന്ധ്ര പ്രദേശിൽ നിന്നും വാങ്ങുന്നതിന് ധാരണയായി. സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിലും ആന്ധ്ര പ്രദേശ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി കെ.പി.നാഗേശ്വര റാവും മറ്റ് ഉന്നത ഉദ്യോഗസ്ഥരും തിരുവനന്തപുരത്ത് തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിലാണ് ധാരണയിലായത്.പ്രീമിയം നിലവാരത്തിലുള്ള ജയ അരി, മുളക്, മല്ലി തുടങ്ങിയ ഒമ്പത് ഇനം സാധനങ്ങൾ ആവശ്യകതയനുസരിച്ച് മിതമായ നിരക്കിൽ കേരളത്തിന് ലഭ്യമാക്കാൻ ആന്ധ്ര പ്രദേശ് സർക്കാർ തയ്യാറാണ് ആന്ധ്ര പ്രദേശ് ഭക്ഷ്യ വകുപ്പ് മന്ത്രി അറിയിച്ചു. ആദ്യഘട്ടമെന്ന നിലയിൽ ജയ അരി ഉൾപ്പെടെയുള്ള വിവിധ ഇനം അരി വറ്റൽ മുളക്, പിരിയൻ മുളക്, മല്ലി, കടല, വൻപയർ എന്നീ ആറ് ഇനം സാധനങ്ങൾ ആന്ധ്ര പ്രദേശിൽ നിന്നും വാങ്ങാൻ ധാരണയായിട്ടുണ്ടെന്നും ഭക്ഷ്യ ധാന്യങ്ങൾ ഡിസംബറോടെ കേരളത്തിൽ എത്തുമെന്നും ഇരു മന്ത്രിമാരും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

2.    ആലങ്ങാട് ഗ്രാമപഞ്ചായത്തിൻ്റെ പരമ്പരാഗത കാർഷിക വിളയായ കരിമ്പ് കൃഷി പ്രോത്സാഹനത്തിന് വേണ്ടി ആലങ്ങാട് സർവ്വീസ് സഹകരണ ബാങ്ക്,  കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതിയിൽ ഉൾപ്പെടുത്തി കരിമ്പ് കൃഷി വ്യാപന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു..ആലങ്ങാട് ശർക്കര വിപണിയിലിറക്കുക എന്ന ലക്ഷ്യത്തിനായി ആലങ്ങാട് സഹകരണ ബാങ്ക് പരിശ്രമത്തിലാണ്.തിരുവല്ല കരിമ്പ് ഗവേഷണ കേന്ദ്രത്തിലെ കൃഷി വിദഗ്ദൻ മാരുടെ നിർദ്ദേശപ്രകാരമാണ് ബാങ്ക്, കരിമ്പ് കൃഷിയുമായി മുന്നോട്ട് പോകുന്നത്. ആലങ്ങാട് കരിമ്പ് കൃഷി പ്രോത്സാഹിപ്പിക്കുവാനായി എറണാകുളം കൃഷി വിജ്ഞാൻ കേന്ദ്രവും രംഗത്ത് വന്നിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ മേൽനോട്ടത്തിലാണ് കരിമ്പ് കൃഷി നടക്കുന്നത്.

3.    സംസ്ഥാന വിള ഇൻഷുറസൻസ് പ്രീമിയം ഇനി മുതൽ ഓൺലൈനായി അടയ്ക്കാം. ഇതിനുള്ള പോർട്ടൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ എംയിസ് പോർട്ടൽ വഴിയാണ് പ്രീമിയം തുക അടയ്ക്കുന്നതിനുള്ള സൗകര്യം തയ്യാറാക്കിയിട്ടുള്ളത്. നേമം പഞ്ചായത്തിലെ കർഷകരായ വേണു, സഹദേവൻ എന്നിവർക്ക് ഓൺലൈനായി സർട്ടിഫിക്കറ്റ്നൽകി കൊണ്ടാണ് മന്ത്രി സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചത്. ഡെബിറ്റ് കാർഡ് വഴിയോ ഇൻ്ർനെറ്റ് ബാങ്ക് വഴിയോ UPI ഉപയോഗിച്ചോ പ്രീമിയംതുക അടയ്ക്കുന്നതിന് സാധിക്കും. പ്രകൃതി ക്ഷോഭത്തിനുള്ള വിളനാശം, വന മൃഗങ്ങളുടെ ആക്രമണത്തിൽ നിന്നുള്ള വിള നാശം, നെൽകൃഷിയുടെ രോഗ കീട ബാധ കാരണമുള്ള കീട നാശം എന്നിവയ്ക്കാണ് നഷ്ടപരിഹാരത്തിന് അപേക്ഷ സമർപ്പിക്കേണ്ടത്

4.    വിലക്കയറ്റം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി സിവിൽ സപ്ലൈസ് കോർപ്പറേഷൻ്റെ സഞ്ചരിക്കുന്ന അരിവണ്ടി രാവിലെ 8.30 ന് പാളയം മാർക്കറ്റിന് മുന്നിൽ മന്ത്രി ജി ആർ അനിൽ ഉത്ഘാടനം ചെയ്തു.  ജയ, കുറുവ,മട്ട, പച്ചരി എന്നീ നാല് ഇനങ്ങളിലായി ആകെ 10 കിലോ അരി ഓരോ റേഷൻ കാർഡുടമകൾക്കും വാങ്ങാവുന്നതാണ്. സപ്ലൈകോ സ്റ്റോറുകൾ ഇല്ലാത്ത സംസ്ഥാനത്തെ 500 താലൂക്ക്/പഞ്ചായത്ത് കേന്ദ്രങ്ങളിലാണ് അരി വണ്ടി സഞ്ചരിക്കുന്നത്. ഒരു താലൂക്കിൽ 2 ദിവസം എന്ന ക്രമത്തിലാണ് അരിവണ്ടിയുടെ യാത്ര ക്രമീകരിച്ചിരിക്കുന്നത്.  സംസ്ഥാനത്തെ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും അതത് പ്രദേശത്തെ ജനപ്രതിനിധികൾ അരിവണ്ടി ഫ്‌ലാഗ് ഓഫ് ചെയ്തു. 

5.    പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതിയുടെ കീഴില്‍ കേരള ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന സാഗര്‍മിത്ര പദ്ധതിയുടെ അപേക്ഷകൾ ക്ഷണിച്ചു. കേരളത്തിലെ 222 സമുദ്ര മത്സ്യഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികളെ സര്‍ക്കാരുമായി ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി പ്രവര്‍ത്തിക്കുന്നവരാണ് സാഗര്‍മിത്രകള്‍. തിരുവനന്തപുരം ജില്ലയിലെ വിവിധ സമുദ്രമത്സ്യ ഗ്രാമങ്ങളിലായി തിരുവനന്തപുരത്ത് 4ഉം പുത്തന്‍തോപ്പില്‍ മൂന്നും പള്ളം, പൂവാര്‍ അഞ്ചുതെങ്ങ്, ചിറയിന്‍കീഴ് എന്നിവിടങ്ങളില്‍ ഒരോ ഒഴിവുകളുമാണുള്ളതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കരാര്‍  അടിസ്ഥാനത്തില്‍ നിയമിക്കുന്ന സാഗര്‍മിത്രകള്‍ക്ക് പ്രതിമാസം 15,000 രൂപ ഇന്‍സെന്റീവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712450773  എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 

6.    വരുന്ന നാലു വർഷംകൊണ്ടു കേരളത്തെ ശാസ്ത്രീയമായി സർവേ ചെയ്ത് കൃത്യമായ ഭൂസർവേ റെക്കോഡുകൾ തയാറാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഡിജിറ്റൽ റീസർവേ പദ്ധതിക്കു തുടക്കമായി. 'എന്റെ ഭൂമി' എന്നു പേരിട്ടിരിക്കുന്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ റീസർവേ പൂർത്തിയാകുന്നതോടെ പൂർണമായും തെറ്റുകളില്ലാതെയും കാലതാമസമില്ലാതെയും ഭൂസംബന്ധമായ വിവരങ്ങളും, സേവനങ്ങളും ജനങ്ങൾക്കു ലഭ്യമാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു.ഡിജിറ്റൽ സങ്കേതങ്ങളെ പ്രയോജനപ്പെടുത്തി ഭൂമി കൃത്യമായി അളന്നു തിട്ടപ്പെടുത്തുകയാണു ഡിജിറ്റൽ റീസർവേ പദ്ധതിവഴി നടപ്പാക്കുന്നതെന്നു മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 4 വർഷം കൊണ്ടു കേരളത്തിന്റെ ഡിജിറ്റൽ റീസർവേ പൂർത്തിയാകുമെന്നും അതോടെ രാജ്യത്ത് സമ്പൂർണ ഡിജിറ്റൽ റീസർവേ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ വ്യക്തമാക്കി.

7.    സമ്പൂർണ്ണ മാലിന്യമുക്ത കേരളത്തിനായി ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റം പദ്ധതിക്ക് കാവിലുംപാറ ഗ്രാമപഞ്ചാത്തിൽ തുടക്കമായി. തൊട്ടിൽപാലം തൃപ്തി ഓയിൽ മില്ലിൽ ക്യൂ ആർ കോഡ് പതിച്ചുകൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.ജി ജോർജ് മാസ്റ്റർ നിർവഹിച്ചു. ഹരിത കര്‍മ്മ സേനകളുടെ അജൈവ പാഴ് വസ്തു ശേഖരണ പ്രക്രിയ ഊര്‍ജ്ജിതമാക്കാനും മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും കുറ്റമറ്റതുമാക്കാനും ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തിലാണ് ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മൊബൈല്‍ ആപ്പ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ് അധ്യക്ഷത വഹിച്ചു.

8.    കണ്ണൂർ ജില്ലാപഞ്ചായത്ത് വാർഷിക പദ്ധതി പ്രകാരം നടപ്പാക്കുന്ന കാർഷിക യന്ത്രോപകരണ അറ്റകുറ്റപ്പണിയിൽ സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 2 വർഷമെങ്കിലും വാഹന അറ്റകുറ്റപ്പണികളിൽ പരിചയമുളള വർക്ക് ഷോപ്പ് ജീവനക്കാർ, യന്ത്രങ്ങളുടെ റിപ്പയർ ചെയ്യുന്നവർ തുടങ്ങിയവർക്ക് അപേക്ഷിക്കാം. കൃഷി അസി.എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിനു കീഴിലുള്ള 10 ദിവസത്തെ പരിശീലനത്തിൽ വിവിധ കാർഷികയന്ത്രങ്ങൾ ഉപയോഗിക്കുന്നതിനും ദൈനംദിന പരിചരണത്തിലും അറ്റകുറ്റപ്പണികളിലും പരിശീലനം നൽകും. കൂടുതൽ വിവരങ്ങൾക്ക് 9 3 8 3 4 7 2 0 5 1 എന്ന നമ്പറിൽ ബന്ധപ്പെടുക. 

9.    തൊഴിലുറപ്പ് പദ്ധതിക്കായി സർക്കാർ നിയോഗിച്ച ഓംബുഡ്സ്മാൻ അഞ്ച് മാസത്തിനിടെ കണ്ണൂർ ജില്ലയിലെ 42 പരാതികൾ പരിഹരിച്ചു. പദ്ധതി പ്രവർത്തനത്തിലെ അപാകതകൾ, പോരായ്മകൾ, സാമ്പത്തിക തിരുമറി, അനുവദനീയമല്ലാത്ത പ്രവൃത്തികൾ ഏറ്റെടുത്ത് നടപ്പാക്കൽ, പ്രവൃത്തി സ്ഥലങ്ങളിലെ സൗകര്യങ്ങൾ നിഷേധിക്കൽ എന്നിവ സംബന്ധിച്ച പരാതികളാണ് ഓംബുഡ്സ്മാൻ കെ എം രാമകൃഷ്ണൻ പരിഹരിച്ചത്.പ്രവൃത്തി സ്ഥലങ്ങളിൽ തൊഴിലാളികൾക്ക് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ ഓംബുഡ്സ്മാൻ വിവിധ പഞ്ചായത്തുകൾക്ക് നിർദേശം നൽകി. പദ്ധതിയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി, മിഷൻ ഡയറക്ടർ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ആൻഡ് ജില്ലാ കലക്ടർ, ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ എന്നിവർക്ക് റിപ്പോർട്ട് സമർപ്പിച്ചു.കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുമായി ബന്ധപ്പെട്ട പരാതികളും ഓംബുഡ്സ്മാന് നൽകാം. നേരിട്ട് പരാതിപ്പെടാൻ ബുദ്ധിമുട്ടുള്ളവർക്ക് ഫോൺ വഴിയോ ഇമെയിൽ വഴിയോ അറിയിക്കാം. വിലാസം: ഓംബുഡ്സ്മാന്റെ കാര്യാലയം, രണ്ടാം നില, സിവിൽ സ്റ്റേഷൻ അനക്സ് (ഇ ബ്ലോക്ക്), കണ്ണൂർ. ഫോൺ 947287542

10.    2022-23 ഖാരിഫ് വിപണന സീസണിലെ ഒക്ടോബർ വരെയുള്ള കണക്കനുസരിച്ച് കേന്ദ്ര പൂളിലേക്കുള്ള സർക്കാരിന്റെ നെല്ല് സംഭരണം 12 ശതമാനം ഉയർന്ന് 170.53 ലക്ഷം ടണ്ണായി. പഞ്ചാബ്, ഹരിയാന, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ നെല്ല് വാങ്ങിയത്. സാധാരണഗതിയിൽ ഒക്ടോബർ മുതൽ തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവലിച്ചാലുടൻ നെല്ല് സംഭരണം തുടങ്ങും. എന്നിരുന്നാലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് കേരളത്തിലും തമിഴ്‌നാട്ടിലും ഇത് സെപ്തംബർ മുതൽ ആരംഭിക്കുന്നു. 2022-23 ഖാരിഫ് വിപണന സീസണിൽ  771.25 ലക്ഷം ടൺ നെല്ല് സംഭരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഖാരിഫ് വിപണന സീസണിൽ സംഭരണം 759.32 ലക്ഷം ടണ്ണായിരുന്നു.

11.    ന്യൂനമർദത്തിൻ്റെ ഭാഗമായി  നവംബർ അഞ്ചു വരെ  കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടി മിന്നലിനും മഴക്കും സാധ്യതയുണ്ട്. തുലാവർഷത്തിന്റെ ഭാഗമായി  ബംഗാൾ ഉൾകടലിനു മുകളിലും തെക്കേ ഇന്ത്യക്ക് മുകളിലുമായി  വടക്ക് കിഴക്കൻ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെ ഫലമായി തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ വടക്കൻ ശ്രീലങ്കൻ തീരത്തിനു മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുടെയും, ചക്രവാതചുഴിയിൽ നിന്ന് കേരളത്തിനും തമിൾനാടിനും മുകളിലൂടെ തെക്ക് കിഴക്കൻ അറബികടൽ വരെ നീണ്ടു നിൽക്കുന്ന ന്യുന മർദ്ദ പാത്തിയുടെയും സ്വാധീനഫലമായാണ് ശക്തമായ മഴ പ്രതീക്ഷിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: 2022 ഒക്ടോബറിൽ പെട്രോളിന്റെയും ഡീസലിന്റെയും ആഭ്യന്തര വിൽപ്പന 12% വീതം ഉയർന്നു

English Summary: Alangad grama panchayat's traditional agricultural crop, sugarcane, has started its outreach activities

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds