കടലില്‍ പോകുന്ന മത്സ്യതൊഴിലാളികള്‍ക്കെല്ലാം ഇന്‍ഷുറന്‍സ് നിര്‍ബന്ധമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. ഇന്‍ഷുറന്‍സ് ഇല്ലാതെ കടലില്‍ പോകുന്ന ബോട്ടുകളുടെ മേല്‍ നിയമനടപടി സ്വീകരിക്കുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്. മത്സ്യബന്ധന എഞ്ചിനുകള്‍ എല്‍.പി.ജി. ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ എല്‍.പി.ജി. കിറ്റുകളുടെ വിതരണം ഓമനപ്പുഴ കടപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മത്സ്യബന്ധനത്തിനുള്ള ഔട്ട് ബോര്‍ഡ് എഞ്ചിന്‍ ഇന്ധനം മണ്ണണ്ണയില്‍ നിന്നും എല്‍.പി.ജി.യിലേക്ക് മാറ്റുന്ന കിറ്റുകളാണ് പരീക്ഷണാടിസ്ഥാനത്തിൽ മന്ത്രി വിതരണം ചെയ്തത്. എല്‍.ഒ.ടി. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള എഞ്ചിനുകള്‍ പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പാക്കുന്നത്. വിജയിക്കുകയാണെങ്കില്‍ കേരളത്തിലെ എല്ലാ മത്സ്യത്തൊഴിലാളികളുടെയും നിലവിലുള്ള എഞ്ചിനില്‍ സമൂലമായ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു. മണ്ണെണ്ണയിൽ നിന്ന് എൽ.പി.ജിയിലേക്ക് മാറുന്നത് മത്സ്യത്തൊഴിലാളികളുടെ വരുമാനത്തിൽ അറുപത് ശതമാനം ലാഭം ഉണ്ടാക്കുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: Fisheries Scheme: മത്സ്യകൃഷിയിൽ 60 ശതമാനം വരെ സബ്‌സിഡി, PM Matsya Sampada Yojana ആനുകൂല്യങ്ങളുടെ വിശദവിവരങ്ങൾ
മത്സ്യതൊഴിലാളികളുടെ ജീവന് സുരക്ഷ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. മത്സ്യതൊഴിലാളികളുടെ ഇന്‍ഷുറന്‍സിന്റെ 90 ശതമാനം സര്‍ക്കാരാണ് മുടക്കുന്നത്. മത്സ്യഫെഡുവഴി 20 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സാണ് നല്‍കുന്നത്.
ഇടനിലക്കാരെ പൂര്‍ണമായും ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. മത്സ്യതൊഴിലാളിക്ക് നേരിട്ട് മത്സ്യം വില്‍ക്കാനുള്ള അവകാശമുണ്ട്. ഈ അവകാശം സംരക്ഷിക്കാനുള്ള നിയമം നിയമസഭ പാസാക്കിയിട്ടുണ്ട്.
ഏപ്രില്‍, മേയ് മാസങ്ങളില്‍ കേരളത്തിലെ തീരപ്രദേശങ്ങളിലുടനീളം ജനപ്രതിനിധികള്‍ ഉള്‍പ്പെടുന്ന യോഗം ചേരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മത്സ്യതൊഴിലാളികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ നിശ്ചിത ദിവസത്തിനുള്ള പ്രത്യേക പോര്‍ട്ടല്‍വഴി അറിയിക്കാം. ഈ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ പ്രത്യേക അദാലത്തിനു സമാനമായി നടത്താനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ ആയിരക്കണക്കിന് മത്സ്യതൊഴിലാളികള്‍ പങ്കെടുക്കുന്ന 50-ല്‍ പരം യോഗങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
കടലില്‍വെച്ച് സംഭവിക്കുന്ന ഏതപകടത്തിനും മത്സ്യതൊഴിലാളിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. മോശം കാലാവസ്ഥ കാരണം കടലില്‍ പോകാന്‍ കഴിയാത്ത ദിവസങ്ങളില്‍ 200 രൂപവെച്ച് നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടില്‍ നിന്ന് 50 കോടി രൂപ ചെലവിട്ട് 1.65 ലക്ഷം മത്സ്യതൊഴിലാളികള്‍ക്ക് 3000 രൂപവെച്ച് ഉടന്‍ തന്നെ നല്‍കി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ഉള്‍ക്കടല്‍ മത്സ്യബന്ധനത്തിന് ആധുനിക സാങ്കേതിക മികവോടുകൂടിയ 10 വലിയ വള്ളങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. രാജ്യത്താദ്യമായാണ് ഉള്‍ക്കടല്‍ മത്സ്യബന്ധനത്തിന് ഇത്തരമൊരു പദ്ധതി വരുന്നത്. തീരസംരക്ഷണത്തിനായി വലിയ മുതൽ മുടക്കാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, ഡയറക്ടര്‍ അദീല അബ്ദുള്ള, മാരാരിക്കുളം സൗത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത, ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞുമോള്‍ ഷാജി, ഗ്രാമപഞ്ചായത്ത് അംഗം പി.ജെ. ഇമ്മാനുവല്‍, ഐ.ഒ.സി. ചീഫ് ജനറല്‍ മാനേജര്‍ ആര്‍. രാജേന്ദ്രന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ രമേശ് ശശിധരന്‍, മത്സ്യഫെഡ് ഡയറക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് ,മത്സ്യതൊഴിലാളി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Share your comments