തൃശ്ശൂർ: ക്ഷീര രംഗത്ത് സ്വയം പര്യാപ്തതയ്ക്കൊപ്പം മൂല്യവർധിത ഉത്പന്നങ്ങൾ കൂടുതൽ നിർമ്മിക്കാനും കേരളത്തിന് പുറത്തേക്ക് കൊടുക്കാൻ സാധിക്കും വിധം മികവുള്ള മൂല്യവർധന ഉത്പാദന വേദിയായി കേരളത്തെ മാറ്റണമെന്ന് റവന്യൂ മന്ത്രി കെ രാജൻ. അന്തിക്കാട് ബ്ലോക്ക് ക്ഷീരസംഗമം കാഞ്ഞാണി സിംല മാളിൽ വെച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പാലിന് വില കൂടും എന്ന് കാണുന്ന ഘട്ടത്തിൽ തന്നെ തീറ്റയ്ക്കും വില കൂട്ടുന്ന സ്വകാര്യ ഏജൻസികളുടെ നടപടികൾ ഗുരുതരമാണ്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ആവശ്യമില്ലാതെ മാറ്റിവെയ്ക്കുന്ന വൈക്കോൽ തീറ്റയുടെ ആവശ്യത്തിന് പരിഗണിക്കാൻ കഴിയും വിധം പ്രത്യേകമായി സംസ്കരിച്ച് ഒരു ഹരിത വണ്ടിയിലൂടെ കേരളത്തിലേക്ക് എത്തിക്കുന്നുതിനുള്ള നടപടി ക്രമങ്ങളിലാണ് സർക്കാർ. ഇതിലൂടെ കേരള ഫീഡ്സിന്റെ ഉത്പാദനം വർധിപ്പിച്ച് സർക്കാരിന്റെ ഉടമസ്ഥലതയിലും നിലവാരത്തിലും തീറ്റ വില പിടിച്ച് നിർത്തി മുന്നേറാനാണ് ശ്രമമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിന് ആവശ്യമായ മുഴുവൻ പാലും ഉത്പാദിക്കാൻ കഴിവുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റാൻ സാധിച്ചത് സർക്കാരിന്റെ ക്ഷീര രംഗത്തെ നേതൃ പ്രവർത്തനങ്ങളാണെന്നും മന്ത്രി കൂട്ടി ചേർത്തു. ക്ഷീര ഗ്രാമങ്ങളിൽ ക്ഷീരോത്പാദനം വർധിപ്പിക്കുന്നതിനുള്ള തുടർ പ്രവർത്തനങ്ങളും ഉണ്ടാവാൻ ശ്രദ്ധിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി.
മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷത വഹിച്ചു. അന്തിക്കാട് ക്ഷീര വികസന ഓഫീസർ ഷീല ടിജി റിപ്പോർട്ട് അവതരിപ്പിച്ചു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എൻ വീണ പദ്ധതി വിശദീകരിച്ചു. ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബി ആർ ജേക്കബിന് ചടങ്ങിൽ മന്ത്രി ആദരവ് നൽകി.
ബന്ധപ്പെട്ട വാർത്തകൾ: ക്ഷീരകർഷകര്ക്ക് 77 കോടി രൂപയുടെ സബ്സിഡി പദ്ധതി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു
കന്നുകാലികളിലെ രോഗങ്ങളും ചികിത്സാ രീതികളും എന്ന വിഷയത്തിൽ വെറ്റിനറി സർജൻ സുമി ചന്ദ്രനും ക്ഷീര മേഖലയിലെ നൂതന പ്രവണതകൾ പ്രസക്തി - സാധ്യതകൾ എന്ന വിഷയത്തിൽ ക്ഷീരവികസന ഓഫീസർ ജാസ്മിൻ സി ജെ യും സെമിനാർ ക്ലാസ്സുകൾ നയിച്ചു.
അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശിധരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ വി എൻ സുർജിത്ത്, മണലൂർ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് എംആർ മോഹനൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സൈമൺ തെക്കത്ത്, ജ്യോതിരാമൻ, സ്മിത അജയകുമാർ, അമ്പിളി സുനിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ ടി ബി, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ സി ആർ രമേശ്, പി എസ് നജീബ്, രജനി തിലകൻ, ക്ഷീരസംഘം പ്രസിഡന്റുമാരായ ടി വി രാജേഷ്, എൻ കെ അനിൽകുമാർ, കെ ജി ബാബു, സി കെ മോഹനൻ, ഇ കെ ജയപ്രകാശ്, കെ എസ് പരമേശ്വരൻ , സി വി ഷാജു, ജനപ്രതിനികൾ തുടങ്ങിയവർ പങ്കെടുത്തു.
Share your comments