പെരിന്തൽമണ്ണ, മഞ്ചേരി എന്നിവിടങ്ങളിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടർമാരുടെ അറിയിപ്പ്
പെരിന്തൽമണ്ണ:റീ ബിൽഡ് കേരള ഇനിഷിയേറ്റീവ് പദ്ധതിയുടെ ഭാഗമായി സംയോജിത കൃഷി രീതികളിലൂടെ 2018,2019 വർഷങ്ങളിലെ പ്രളയബാധിതരുടെ ഉപജീവന മാർഗ്ഗം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പെരിന്തൽമണ്ണ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കീഴിൽ വരുന്ന
പെരിന്തൽമണ്ണ ഏലംകുളം പുലാമന്തോൾ ആലിപ്പറമ്പ് താഴേക്കോട് വേട്ടത്തുർ, മേലാറ്റൂർ, കീഴാറ്റൂർ, അങ്ങാടിപ്പുറം എന്നീ കൃഷിഭവനുകളിലും മഞ്ചേരി ബ്ലോക്ക് കൃഷി അസിസ്റന്റ് ഡയറക്ടറുടെ കീഴിൽ വരുന്ന അരീക്കോട് , ചീക്കോട്, എടവണ്ണ, കാവനൂർ, കീഴുപറമ്പ, കുഴിമണ്ണ, പുൽപ്പറ്റ, മഞ്ചേരി, ഊർങ്ങാട്ടിരി എന്നീ കൃഷി ഭവനുകളിലും
സംയോജിത കൃഷി രീതി പദ്ധതി നടപ്പിലാക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. ജൂൺ 6 ന് മുമ്പ് അപേക്ഷകൾ അതാത് കൃഷിഭവനുകളിൽ നൽകണം.
സ്വന്തമായി ചുരുങ്ങിയത് 5 സെന്റ് മുതൽ 5 ഏക്കർ വരെയുള്ളവർക്ക് അപേക്ഷിക്കാം. സ്വന്തമായി 5 സെന്റോ അതിൽ കൂടുതലോ ഉള്ള പാട്ടകൃഷി ചെയ്യുന്നവർക്കും അപേക്ഷിക്കാം. ഓരോ ഗുണഭോക്താവും മുഴുവൻ സമയ കർഷകർ ആയിരിക്കണം. ഓരോരുത്തരും വിവിധ കാർഷിക വിളകളുടെ കൃഷി, പുഷ്പകൃഷി, തീറ്റപ്പുൽകൃഷി, അസോള, കൂൺകൃഷി, തേനീച്ച വളർത്തൽ, ബയോഗ്യാസ് യൂണിറ്റ്, കമ്പോസ്റ്റ് യൂണിറ്റ്, കറവപ്പശു, എരുമ, ആട്, കോഴി, താറാവ്, കാട, മുയൽ, പന്നി, മത്സ്യ കൃഷി, തിരിനന, കണിക ജലസേചനം, കിണർ റീചാർജിങ് തുടങ്ങിയവയിൽ അഞ്ചോ അതിലധികമോ സംരംഭങ്ങൾ നിർബന്ധമായും നടപ്പിലാക്കണം.
ഇതിൽ കാർഷികവിളകളുടെ കൃഷി ഒരു വളർത്തു മൃഗം എന്നിവ നിർബന്ധമായും ഉൾപ്പെടുത്തിയിരിക്കണം തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കൃഷി ഓഫീസർമാർ സ്ഥലം സന്ദർശിച്ചു അനുയോജ്യമായ ഫാം പ്ലാനുകൾ ഉണ്ടാക്കി നൽകുന്നതാണ് പ്രസ്തുത ഫാം പ്ലാൻ അനുസരിച്ച് കൃഷി ചെയ്യണം രണ്ട് വർഷത്തെ പദ്ധതിയാണ് ആദ്യവർഷം 70 ശതമാനവും രണ്ടാം വർഷം 30 ശതമാനവും ധന സഹായവുമാണ് ലഭിക്കുക ഇതിനുശേഷവും ഇത് ഒരു സുസ്ഥിര വരുമാനമാർഗമായി തുടർന്ന് കൊണ്ടുപോകണം
🔹5 സെന്റ് മുതൽ 30 സെന്റ് വരെ 30000 രൂപ
🔹 31 മുതൽ 40 സെന്റ് വരെ 40000 രൂപ
🔹41 മുതൽ 2 ഹെക്ടർ വരെ 50000 രൂപ എന്നിങ്ങനെയാണ് ധനസഹായം. ചെയ്ത പ്രവർത്തിയുടെ വിലയിരുത്തൽ അനുസരിച്ച് ഇത് മാറാം. നിലവിൽ ഇവയിൽ ചില സംരംഭങ്ങൾ ചെയ്യുന്നവർക്ക് കൂട്ടിച്ചേർക്കലും ആവാം. 50000 രൂപ നൽകുന്ന യൂണിറ്റുകൾ മറ്റു കർഷകർക്ക് ആവശ്യമായ വിവരങ്ങൾ പകർന്ന് നൽകുന്ന കൃഷി പാഠശാലകളായി കൃഷി ഓഫീസർ നിർദ്ദേശിക്കുന്ന രീതിയിൽ നിർദ്ദേശിക്കുന്ന സമയത്ത് പ്രവർത്തിക്കാൻ സന്നദ്ധയുള്ളവർ ആയിരിക്കണം.
അപേക്ഷകരുടെ എണ്ണം കൂടിയാൽ ബ്ലോക്ക് തല വിദഗ്ദ്ധ സമിതിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് നടത്തുന്നതാണ്.
പ്രളയത്തിൽ കൃഷി നശിച്ചവർ, യുവതി യുവാക്കൾ, പട്ടികജാതിക്കാർ, കൂടുതൽ സംരംഭങ്ങൾ ചെയ്യാൻ താൽപ്പര്യമുള്ളവർ,40 വയസ്സിന് താഴെയുള്ളവർ എന്നിവർക്ക് മുൻഗണന നൽകും. ഓരോ സംരംഭത്തിനേറെയും യൂണിറ്റ് കോസ്റ്റ് കണക്കാക്കിയാണ് ധനസഹായം അനുവദിക്കുക. കൂടുതൽ വിവരങ്ങൾക്ക് അതാത് കൃഷി ഭവനുകളുമായി ബന്ധപ്പെടേണ്ടതാണെന്ന് പെരിന്തൽമണ്ണ , മഞ്ചേരി എന്നിവിടങ്ങളിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടർമാർ അറിയിച്ചു.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കർഷകക്കൂട്ടായ്മയ്ക്കും ഇനി "ആപ്പ് " ആയി. ഉൽപന്നങ്ങൾ നേരിട്ട് വിൽക്കാം.
Share your comments