തൃശ്ശൂർ: തൃശ്ശൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ 128 സ്ലൈസ് അത്യാധുനിക സി ടി സ്കാനർ മെഷീൻ വാങ്ങുന്നതിന് 4,91,09,389 രൂപയുടെ ഭരണാനുമതി നൽകിക്കൊണ്ട് സംസ്ഥാന ആരോഗ്യ വകുപ്പ് ഉത്തരവിറക്കി. ആശുപത്രിയിൽ ലഭ്യമായ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കെ എ എസ് പി) ഫണ്ട് വിനിയോഗിച്ച് സ്കാനർ സ്ഥാപിക്കുന്നതിനാണ് അനുമതി ലഭിച്ചത്.
പുതിയ 128 സ്ലൈസ് സി ടി സ്കാനർ സ്ഥാപിക്കുന്നതോടെ കാർഡിയാക് സി ടി, രക്തക്കുഴലുകളുടെ സ്കാനിങ്ങ്, ലിവർ സി ടി വിത്ത് സെഗ്മൻ്റ് ഡിറ്റക്ഷൻ, ലങ് കാൻസർ നൊഡ്യൂൾ ഡിറ്റക്ഷൻ മുതലായ അത്യാധുനിക സ്കാനിങ് പ്രോട്ടോകോളുകൾ ദ്രുതഗതിയിൽ പൂർത്തിയാക്കാൻ സാധിക്കും. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിനാണ് സ്കാനർ വാങ്ങി സ്ഥാപിക്കുന്നതിനുള്ള ചുമതല നൽകിയിരിക്കുന്നത്.
അടുത്തിടെ പണി പൂർത്തിയായി കൈമാറിയ ട്രോമ കെയർ കെട്ടിടത്തിലാണ് പുതിയ സ്കാനർ സ്ഥാപിക്കുന്നത്. നിർമ്മാണം പൂർത്തിയാകുന്ന ഡിജിറ്റൽ റേഡിയോഗ്രാഫി യൂണിറ്റിനോട് ചേർന്നാകും സ്ഥാപിക്കുക. 18.5 ലക്ഷം രൂപ ചിലവിൽ സി ടി സ്കാനർ സ്ഥാപിക്കുന്നതിനു വേണ്ട കൺസോൾ നിർമ്മാണം പി ഡബ്ല്യൂ ഡി പൂർത്തിയാക്കി വരികയാണ്. ഇതിലൂടെ സമഗ്രമായ ട്രോമ കെയർ സേവനമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ഇൻഷുറൻസ് പരിരക്ഷയിലൂടെ എല്ലാവർക്കും സുരക്ഷ; സമഗ്ര ആരോഗ്യ പദ്ധതിക്ക് തുടക്കം
രോഗികളുടെ എണ്ണത്തിനനുസൃതമായി സ്കാനിങ് സംവിധാനങ്ങളുടെ കുറവ് പരിഹരിക്കാൻ തൃശ്ശൂർ മെഡിക്കൽ കോളേജിലും നെഞ്ചുരോഗാശുപത്രിയിലുമായി അത്യാധുനിക സ്കാനിങ് മെഷീനുകൾ സ്ഥാപിക്കുന്നതിനായി 15.8 കോടി രൂപയുടെ അനുമതിയാണ് കഴിഞ്ഞ ഒരു വർഷക്കാലയളവിനുള്ളിൽ കേരള സർക്കാർ നൽകിയത്. നെഞ്ചുരോഗാശുപത്രിയിൽ 1.5 ടെസ് ല ശേഷിയുള്ള എം ആർ ഐ സ്കാനിങ് മെഷീൻ വാങ്ങുവാൻ 6.9 കോടി രൂപ ആർ എസ് ബി വൈ ഫണ്ട് വിനിയോഗിക്കുവാൻ അനുമതി നൽകി. സർക്കാർ ബജറ്റിൽ മെഡിക്കൽ കോളേജുകളിലെ റേഡിയോളജി വിഭാഗങ്ങളുടെ വികസനത്തിനായി നീക്കിവെച്ചതിൽ നിന്നും 4 കോടി രൂപ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് അനുവദിച്ചിരുന്നു. 1.8 കോടി രൂപ വിലവരുന്ന ഡിജിറ്റൽ റേഡിയോഗ്രാഫി മെഷീനും, സ്പെഷ്യൽ എക്സ് റേ എടുക്കുന്നതിനായുള്ള 2.2 കോടി രൂപ വില വരുന്ന ഡിജിറ്റൽ ഫ്ലൂറോസ്കോപ്പി മെഷീനുമാണ് ഇതുപയോഗിച്ച് വാങ്ങിയിട്ടുള്ളത്.
ഗവ. മെഡിക്കൽ കോളേജിൻ്റേതായ അത്യാധുനിക സ്കാനിങ് മെഷീനുകളും സംവിധാനങ്ങളും സ്ഥാപിക്കപ്പെടുന്നതോടുകൂടി കാഷ്വാലിറ്റി, ട്രോമ വിഭാഗങ്ങളിൽപ്പെടുന്ന രോഗികൾക്ക് അതിവേഗം തന്നെ സ്കാനിങ് റിസൽട്ട് ലഭ്യമാകുന്ന സ്ഥിതിയുണ്ടാകും. രോഗികളുടെ ബാഹുല്യം കാരണം സ്കാനിങ് റിസൾട്ട് ലഭ്യമാകുന്നത് വൈകുകയും ഇതുമൂലം ചികിത്സ വൈകുകയും ചെയ്യുന്ന അവസ്ഥയ്ക്ക് പരിഹാരമാകും. ഭരണാനുമതി ലഭ്യമായതിനാൽ സി ടി സ്കാനർ വാങ്ങി സ്ഥാപിക്കുന്നതിനായുള്ള നടപടികൾ അതിവേഗം സ്വീകരിക്കുമെന്ന് സേവ്യർ ചിറ്റിലപ്പിളളി എം എൽ എ അറിയിച്ചു.
Share your comments