വൈക്കം: ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന കൂടുമത്സ്യ കൃഷി, വൈക്കം കായലിലും ആറുകളിലും വ്യാപകമാകുന്നു. പൂമീനിന്റേയും, കരീമീനിന്റേയും ഉൽപാദനം വർദ്ധിപ്പിച്ച് വിഷമില്ലാത്ത മൽസ്യം ജനങ്ങൾക്ക് ലഭ്യമാക്കാൻ ഇത് സഹായകമാകുന്നു. ഉദയനാപുരം, വെച്ചൂർ, തലയാഴം, ടി.വി പുരം, മറവൻതുരുത്ത്, എന്നി പഞ്ചായത്തുകളിലും വേമ്പനാട്ട് കായലോരത്തും കരിയാർ അടക്കമുള്ള ജലാശയങ്ങളിലുമാണ് കൃഷി വ്യാപകമാകുന്നത്. കായലിൽ കരിമീനും പൂമീനുമാണ് പ്രധാനം.
അഭിജിത്ത് പോളശേരി, ടി. ഡി. ബിജു ഫിഷർമെൻകോളനി, രാജേഷ് കായിപ്പുറം, മനു നികർത്തിൽ, ബിജു നികർത്തിൽ, പ്രദീഷ് ഫിഷർമെൻ, കോളനി, കൈലാസൻ കായിപ്പുറത്ത്, ജോർജ് ജോൺ വെട്ടിക്കാപ്പള്ളി തുടങ്ങിയവർ നഗരസഭ പരിധിയിൽ വേമ്പനാട്ടുകായലിൽ കൂടുമത്സ്യ കൃഷി ചെയ്യുന്നുണ്ട്.
എട്ട് മാസത്തിനും പത്തു മാസത്തിനുമിടയ്ക്കാണ് കൂടുകളിെലെ കരിമീനും പുമീനും വിളവെടുക്കുന്നത്. എട്ടുമാസം പിന്നിടുമ്പോൾ കരിമീൻ 180 ഗ്രാം മുതൽ 230 ഗ്രാം വരെ വളർച്ചയെത്തും.
പൂമീൻ ആദ്യമായാണ് വൈക്കത്ത് കൂടുകളിൽ കൃഷി ചെയ്യുന്നത്. എട്ട് മാസം കഴിയുമ്പോൾ ഇവ 500 ഗ്രാമിലധികം വളർച്ചെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫിഷറീസ് അധികൃതർ പറഞ്ഞു.കരിയാറിൽ സതീശൻ കടവിൽപറമ്പിൽ , സോമൻ മുല്ലമംഗലം, തോമസ് എബ്രഹാം തുടങ്ങിയവർ നൈൽ തിലോപ്പിയ കൃഷി ചെയ്യുന്നുണ്ട്. ഓളം കുറവായ ജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങൾ നിക്ഷേപിക്കുമ്പോൾ കാര്യമായി ചാകാറില്ല. വൈക്കത്തെ കായലിലും ആറുകളിലും കൂടു കൃഷി ചെയ്യുന്നവർക്ക് മികച്ച വിളവു ലഭിക്കുന്നു. കൂടു കൃഷി ചെയ്യാൻ തൽപരരായി കൂടുതൽ പേർ ഫിഷറീസ് അധികൃതരെ സമീപിക്കുന്നുണ്ട്. വൈക്കം ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എസ്. കൃഷ്ണ, ഫിഷറീസ് ഇൻസ്‌പെക്ടർ കെ. കെ. പൊന്നമ്മ, കോ ഓഡിനേറ്റർ ബീനാമോൾ ജോസഫ് കാട്ടേത്ത്, ജനകീയ മൽസ്യ കൃഷി, സുഭിക്ഷ കേരളം പദ്ധതി പ്രമോട്ടർ മിൻ സി. മാത്യു തുടങ്ങിയവരുടെയും കർഷകരുടേയും ഏകോപനത്തോടെയുള്ള പ്രവർത്തനമാണ് കൂടുമൽസ്യ കൃഷിയെ വൻ വിജയമാക്കുന്നത്.
എട്ടുമാസത്തെ വളർച്ച
കരിമീൻ 230 ഗ്രാം വരെ
പൂമീൻ 500 ഗ്രാം വരെ
കരിമീനും പൂമീനും നാലു മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയും രണ്ടു മീറ്റർ ഉയരവുമുള്ള കൂട്ടിൽ 1500 ഓളം മൽസ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുക. അഞ്ച് കൂടുകൾ അടങ്ങുന്ന ഒരു യൂണിറ്റിൽ 7500 ഓളം മത്സ്യക്കുഞ്ഞുങ്ങളെ വളർത്താം. വിപണിയിൽ ഏറെ പ്രിയമുള്ള കരിമീനും പൂമീനും കർഷകർക്ക് മികച്ച വരുമാനം ലഭ്യമാക്കുന്നു.
'ഒഴുക്കുള്ള പൊതു ജലാശയങ്ങളിൽ കൂടുകളിൽ മത്സ്യം വളർത്തുന്നത് കൃഷിച്ചെലവിനത്തിൽ കർഷകർക്ക് ഏറെ ലാഭകരമാണ്. മത്സ്യക്കുളം വൃത്തിയാക്കേണ്ട സാഹചര്യമില്ല. സ്വാഭാവിക ജലാശയമായതിനാൽ മൽസ്യങ്ങൾക്ക് ഒരേ വളർച്ചാ നിരക്കാണ്. മറ്റു രീതികളിൽ വളരുന്ന മൽസ്യങ്ങളേക്കാൾ രുചിയുമേറെയാണ്'
Share your comments