എറണാകുളം: പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിയ്ക്കുക എന്ന ലക്ഷ്യത്തോടെ ക്ഷീരവികസന വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന ക്ഷീരഗ്രാമം പദ്ധതി ആരക്കുഴ പഞ്ചായത്തിലും നടപ്പിലാക്കുന്നു. പാൽ ഉൽപാദനം വർദ്ധിപ്പിക്കുക, ക്ഷീര കർഷകരുടെ സാമൂഹിക സാമ്പത്തിക ഉന്നമനം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ക്ഷീരഗ്രാമ പദ്ധതിയിൽ കർഷകന് 1.50 ലക്ഷം രൂപ മുടക്കി രണ്ട് പശുക്കളുള്ള 32 യൂണിറ്റുകൾ തുടങ്ങാം. ഇതിൽ ഓരോ യൂണിറ്റുകൾക്കും 46,500 രൂപ വീതം സബ്സിഡി ലഭിക്കും, അഞ്ച് പശുക്കളുള്ള നാല് യൂണിറ്റുകൾക്ക് നാല് ലക്ഷം രൂപ വീതമാണ് മുടക്ക് വരിക. ഒരോ യൂണിറ്റുകൾക്കും 1.32 ലക്ഷം രൂപ വീതമാണ് സബ്സിഡി നൽകുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ക്ഷീരഗ്രാമം പദ്ധതി വ്യാപിപ്പിക്കുന്നു
ഒരു ലക്ഷം രൂപ വീതം മുടക്കി ഉപകരണങ്ങൾ വാങ്ങുന്ന 51 ക്ഷീരകർഷകർക്ക് 50,000 രൂപ വീതം സബ്സിഡി അനുവദിക്കും. 60,000 രൂപ വില വരുന്ന മിൽക്കിംഗ് മെഷിൻ 11 പേർക്ക് വാങ്ങാം. മുപ്പതിനായിരം രൂപയാണ് സബ്സിഡി ലഭിക്കുക. പദ്ധതി പ്രകാരം 180 രൂപ വിലയുള്ള മിനറൽ മിക്സ് 45 രൂപ സബ്സിഡി നിരക്കിൽ 420 പേർക്ക് നൽകും.
2022-23 വർഷത്തിൽ ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനത്തെ 20 ഗ്രാമപഞ്ചായത്തുകളിൽ ഒന്നായാണ് ആരക്കുഴ ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു.
Share your comments