അസംഘടിത മേഖലകളിലെ തൊഴിലാളികൾക്കും പാവപ്പെട്ടവർക്കും സാമൂഹ്യസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് അടൽ പെൻഷൻ യോജന പദ്ധതി. ഈ പദ്ധതിയിൽ അംഗമായാൽ ദിവസേന ഏഴു രൂപ വീതം നിക്ഷേപത്തിനായി നീക്കി വെച്ചാൽ പോലും 5,000 രൂപ വീതം പ്രതിമാസ പെൻഷൻ ലഭ്യമാക്കാം. 2015 മെയ് ഒൻപതിനാണ് അടൽ പെൻഷൻ യോജന പദ്ധതി അവതരിപ്പിച്ചത്.
ബന്ധപ്പെട്ട വാർത്തകൾ: അടൽ ബീമിത് വ്യക്തി കല്യാൺ യോജന: തൊഴിൽരഹിതർക്ക് 73.23 കോടി രൂപയുടെ ധനസഹായം
ഈ സാമ്പത്തിക വർഷം 79 ലക്ഷത്തിലേറെപേരാണ് പദ്ധതിയുടെ ഭാഗമായത്. ഇതുവരെ ആറു കോടി പേർ പദ്ധതിയുടെ ഭാഗമായി. ഇപ്പോൾ ഇന്ത്യൻ സർക്കാരിന്റെ ഒരു പ്രധാന സാമൂഹിക സുരക്ഷാ പദ്ധതിയാണിത്. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഈ സ്കീമിന്റെ ബോധവൽക്കരണത്തിനായി ഒരു വെബ് പേജ് തന്നെ തുടങ്ങിയിട്ടുണ്ട്. ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ കൂടാതെ, 21 പ്രാദേശിക ഭാഷകളിൽ വിവരങ്ങൾ ലഭ്യമാണ്.
ഈ പദ്ധതിയിൽ അംഗമായവർക്ക് ലഭ്യമാക്കാവുന്ന ആനുകൂല്യങ്ങൾ
ദിവസേന 7 രൂപ മാറ്റിവച്ച് ഇന്ത്യാ ഗവൺമെന്റ് ഉറപ്പുനൽകുന്ന പെൻഷൻ കൈപ്പറ്റാം. അതായത് 60 വയസ് മുതൽ ആജീവനാന്തം പ്രതിമാസ പെൻഷൻ ലഭിക്കും. 1000 രൂപയാണ് ഏറ്റവും കുറഞ്ഞ പെൻഷൻ തുക. പ്രതിമാസം ഒരാൾക്ക് 5000 രൂപ വരെയാണ് പരമാവധി പെൻഷൻ ലഭിക്കുക. ഇത് ഓരോരുത്തരുടെയും നിക്ഷേപത്തെ ആശ്രയിച്ചായിരിക്കും. വരിക്കാരന്റെ മരണശേഷം അതേ പെൻഷൻ പങ്കാളിക്ക് നൽകും. പങ്കാളിയുടെ മരണശേഷം തുക നോമിനിക്ക് തിരികെ നൽകും.
അടൽ പെൻഷൻ യോജനക്ക് അപേക്ഷ അയക്കേണ്ട വിധം
എല്ലാ ദേശസാൽകൃത ബാങ്കുകളും മുഖേന പദ്ധതിയിൽ അംഗമാകാം. ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാം. അപേക്ഷാ ഫോം പൂരിപ്പിച്ച് ബാങ്കിൽ സമർപ്പിക്കുക. നിങ്ങളുടെ ആധാർ കാർഡിന്റെ ഫോട്ടോകോപ്പി മാത്രം അപേക്ഷക്കൊപ്പം സമർപ്പിച്ചാൽ മതി.
Share your comments