<
  1. News

അസംഘടിത തൊഴിലാളികൾക്ക് താങ്ങായി അടൽ പെൻഷൻ യോജന

തൊഴിലാളിക്കും കേന്ദ്രസർക്കാരിനും ഒരുപോലെ പങ്കാളിത്തമുള്ള പെൻഷൻ പദ്ധതിയാണിത്. വിഹിതം അടച്ച് പൂർത്തിയാക്കുന്നവർക്ക് 60 വയസിന് ശേഷം പ്രതിമാസം 1,000 മുതൽ 5,000 രൂപ വരെ പെൻഷൻ ലഭിക്കും.

Darsana J

1. അസംഘടിത തൊഴിലാളികളുടെ വാർധക്യ കാലത്ത് താങ്ങാകാൻ അടൽ പെൻഷൻ യോജന. തൊഴിലാളിക്കും കേന്ദ്രസർക്കാരിനും ഒരുപോലെ പങ്കാളിത്തമുള്ള പെൻഷൻ പദ്ധതിയാണിത്. വിഹിതം അടച്ച് പൂർത്തിയാക്കുന്നവർക്ക് 60 വയസിന് ശേഷം പ്രതിമാസം 1,000 മുതൽ 5,000 രൂപ വരെ പെൻഷൻ ലഭിക്കും. 18 വയസ് പൂർത്തിയായവർക്കും 40 വയസ് കടക്കാത്തവർക്കും പദ്ധതിയിൽ ചേരാം. പദ്ധതിയിൽ ഒരാൾക്ക് ഒരു അക്കൗണ്ട് മാത്രമെ അനുവദിക്കൂ. ചേരുന്നയാളുടെ പ്രായം അനുസരിച്ച് മാസ വിഹിതം കണക്കാക്കും.

ബന്ധപ്പെട്ട വാർത്തകൾ: കുട്ടികൾക്ക് പോഷകാഹാരം ലഭ്യമാക്കുന്നതിൽ കേരളം ലോകത്തിന് മാതൃക: എം.വി ഗോവിന്ദൻ മാസ്റ്റർ

2. മഴക്കെടുതിയിൽ കുട്ടനാടൻ കാർഷിക മേഖലയിലുണ്ടായ കൃഷിനാശം വിലയിരുത്തി നഷ്ടപരിഹാരം നൽകുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ഫസൽ ബീമാ യോജന, കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി എന്നിവയ്ക്ക് പുറമേ സംസ്ഥാനത്തും വിള ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നുണ്ട്. ബണ്ടുകളുടെ സംരക്ഷണത്തിനുള്ള സാധ്യത സർക്കാർ പരിശോധിക്കുമെന്നും അടിയന്തരമായി വെള്ളം വറ്റിക്കുന്നത് സംബന്ധിച്ച് ജലസേചന വകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. വെള്ളക്കെട്ടുമൂലം തകരാറിലായ റോഡുകളുടെ പുനരുദ്ധാരണം ദുരന്തനിവാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിക്കാൻ കൃഷിമന്ത്രി ആലപ്പുഴ ജില്ലാ കളക്ടർക്ക് നിർദേശം നൽകി.


3. കോഴിക്കോട് നടക്കുന്ന ഖാദി ഓണം മേള 2022-ന്റെയും പുതുതായി നിര്‍മ്മിച്ച ഖാദി ഗ്രാമോദ്യോഗ് ഭവന്റെയും ഉദ്ഘാടനം മന്ത്രി എ.കെ ശശീന്ദ്രൻ നിര്‍വഹിച്ചു. ഓണത്തെ വരവേല്‍ക്കാൻ കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നതെന്നും, ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം സര്‍ക്കാര്‍ റിബേറ്റും, ഉപഭോക്താക്കള്‍ക്ക് നിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് സര്‍വ്വോദയ സംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന മേള സെപ്തംബര്‍ ഏഴിന് അവസാനിക്കും. ചടങ്ങില്‍ പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനിത വി.കെ ആദ്യ വില്‍പന നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം റംല മാടംവള്ളി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഷാജി.കെ പണിക്കര്‍, പഞ്ചായത്ത് അംഗം റിജു പ്രസാദ് ടി.പി, സര്‍വോദയ സംഘം പ്രസിഡന്റ് കെ. കെ മുരളീധരന്‍ പങ്കെടുത്തു.

4. ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ 60 വർഷത്തോളം പഴക്കമുള്ള മൃഗാശുപത്രി പോളി ക്ലിനിക്കായി ഉയർത്തുന്നതിന് 1 കോടി രൂപ അനുവദിച്ചതായി ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി. സംസ്ഥാന സർക്കാരിന്റെ റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി നിർവഹിച്ചു. പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹസിൻ അധ്യക്ഷനായിരുന്നു.

5. വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കുന്ന സഹായഹസ്തം ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയിലൂടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിധവകൾക്ക് സ്വയം തൊഴിൽ ആരംഭിക്കാൻ സാധിക്കും. ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനവും 55 വയസിൽ താഴെ പ്രായവുമുള്ള വിധവകൾക്ക് അപേക്ഷിക്കാം. ഒരു ജില്ലയിൽ നിന്നും 10 പേർക്കാണ് ധനസഹായം ലഭിക്കുക. താൽപര്യമുള്ളവർ സെപ്റ്റംബർ 30നകം www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ നൽകണം.

6. കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഓൺലൈൻ പരിശീലന പരിപാടിയായ 'സുരക്ഷിത ഭക്ഷണം നമ്മുടെ അവകാശം' എന്ന വിഷയത്തിലെ പുതിയ ബാച്ച് ഓഗസ്റ്റ് 16ന് ആരംഭിക്കും. കോഴ്‌സില്‍ ചേരുന്നതിന് ഓഗസ്റ്റ് 15 നകം രജിസ്റ്റര്‍ ചെയ്യണം. കമ്പ്യൂട്ടറോ, മൊബൈല്‍ ഫോണോ ഉപയോഗിച്ച് ക്ലാസിൽ പങ്കെടുക്കാം. ഫൈനല്‍ പരീക്ഷ പാസാകുന്നവർക്ക് സര്‍ട്ടിഫിക്കറ്റും ലഭിക്കും. www.celkau.in/MOOC/Default.aspx എന്ന വെബ്സൈറ്റിലൂടെ കോഴ്‌സില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നവർക്ക് ഓഗസ്റ്റ് 16 മുതല്‍ ‘പ്രവേശനം’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് യുസര്‍ ഐഡിയും പാസ് വേർഡും ഉപയോഗിച്ച് ക്ലാസ്സുകളില്‍ പങ്കെടുക്കാം.

7. പത്തനംതിട്ട ജില്ലാ ഐസിഎആർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്ന് കർഷകർക്ക് കൽപവർദ്ധിനി വളക്കൂട്ട് ലഭിക്കും. തെങ്ങിന്റെ വളർച്ചയ്ക്കും മികച്ച കായ്ഫലം ലഭിക്കുന്നതിനും കല്‍പവര്‍ദ്ധിനി ഏറെ ഗുണം ചെയ്യും. മെയ്-ജൂണ്‍ മാസങ്ങളിലും സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലുമാണ് വളപ്രയോഗം നടത്തേണ്ടത്. നനസൗകര്യമുള്ള പ്രദേശങ്ങളില്‍ 125 ഗ്രാം വീതം മൂന്ന് മാസം ഇടവിട്ട് വളം നല്‍കാം. കൂടുതൽ വിവരങ്ങൾക്ക് 0469-2662094 എന്ന നമ്പറിൽ ബന്ധപ്പെടാം.

8. 'ഹര്‍ ഘര്‍ തിരംഗ'യുടെ ഭാഗമായി പ്രൊജക്ട്സ് ആന്റ് ഡെവലപ്മെന്റ് ഇന്ത്യ ലിമിറ്റഡ് എംഡി ഡോ. മേദിതി രവികാന്ത് ഐഎഎസ് കൃഷി ജാഗരൺ സന്ദർശിച്ചു. കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എം.സി ഡൊമിനിക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്തു. കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ് പ്രൊജക്ട്സ് ആന്റ് ഡെവലപ്മെന്റ് ഇന്ത്യ ലിമിറ്റഡ്. ഏറ്റവും കൂടുതൽ ചൂഷണം നേരിടേണ്ടി വരുന്ന വിഭാഗമാണ് കർഷകരെന്നും അവരുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞ് വിലയിരുത്തുകയും സഹായിക്കുകയും ചെയ്യുന്ന കൃഷി ജാഗരണിന്റെ പ്രയത്നം അഭിനന്ദനാർഹമാണെന്നും രവികാന്ത് പറഞ്ഞു.

9. പത്തനംതിട്ട ജില്ലാവെറ്ററിനറി കേന്ദ്രം വഴി രണ്ട് മാസം പ്രായമുളള മുന്തിയ ഇനം കോഴിക്കുഞ്ഞുങ്ങളെ വിൽക്കുന്നു. 120 രൂപ നിരക്കില്‍ ഓഗസ്റ്റ് 10ന് രാവിലെ ഒമ്പത് മുതൽ വിൽപന ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9447966172 എന്ന നമ്പറിൽ ബന്ധപ്പെടാം.

10. പ്രാദേശിക ഈന്തപ്പഴ ഉൽപാദനത്തിൽ 82 ശതമാനം വർധനവുമായി ഖത്തർ. 2020ൽ 76 ശതമാനം ഉൽപാദനം കൈവരിച്ചിരുന്നു. ഈന്തപ്പഴത്തിന്റെ ഗുണനിലവാരം വർധിപ്പിക്കാൻ എല്ലാ കാർഷിക പ്രവർത്തനങ്ങളിൽ നിന്നും ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് വിൽപന നടത്തുന്നതിൽ കർഷകർക്ക് കൃഷി മന്ത്രാലയം പിന്തുണ നൽകുന്നുണ്ട്. കർഷകരുടെ അധ്വാനത്തിനും നിക്ഷേപത്തിനും മികച്ച പ്രതിഫലം ഉറപ്പാക്കുന്നതിന് മന്ത്രാലയം ഈന്തപ്പഴ മേളകളും സംഘടിപ്പിക്കുന്നുണ്ട്.

11. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്. കേരളത്തിൽ ഓഗസ്റ്റ് 12 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്.

English Summary: Atal Pension Yojana to support unorganized workers

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds