 
    അട്ടപ്പാടിയിലെ ആദിവാസി കർഷകരുടെ ക്ഷേമത്തിനും പരമ്പരാഗത കൃഷി വികസനത്തിനും കൃഷി വകുപ്പ് മന്ത്രി അഡ്വ. വി . എസ് സുനിൽകുമാർ വിത്തുവിതച്ച് ഉദ്‌ഘാടനം ചെയ്ത് ആരംഭിച്ച മില്ലറ്റ് വില്ലേജ് പദ്ധതിയിൽ 2017-18 സാമ്പത്തിക വർഷത്തിൽ രണ്ടാം വിള കൃഷിയായി 1287.5 ഏക്കറിൽ കൃഷി ആരംഭിച്ചു . 2018 -19 സാമ്പത്തിക വർഷത്തിൽ രണ്ട് വിളകളിലായി 2512 .5 ഏക്കറിൽ കൃഷി ചെയ്തു.
മില്ലറ്റ് വില്ലേജ് 2019-20 പദ്ധതിക്കായി പട്ടിക വർഗ വികസന വകുപ്പിൽ നിന്ന് 206.51 ലക്ഷം രൂപയും കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൽ നിന്നും 488.32301 ലക്ഷം രൂപയും ആണ് നീക്കിവച്ചിട്ടുള്ളത്.മില്ലറ്റ് വില്ലേജ് 2019 -20 പദ്ധതി രണ്ട് വിളകളിലായി 1240 ഹെക്ടർ (ഒന്നാം വിള 760 ഹെക്ടർ , രണ്ടാം വിള 480 ഹെക്ടർ ) സ്ഥലത്താണ് കൃഷി ചെയ്യുന്നത് . റാഗി ,കമ്പ് ,മണിച്ചോളം , തിന ,പനിവരഗ് , കുതിരവാലി ,ചാമ ,അട്ടപ്പാടി തുവര ,മുതിര ,ഉഴുന്ന് ,പയർ ,നിലക്കടല ,കടുക് ,എള്ള് ,പച്ചക്കറികൾ ,സൂപ്പർ ഫുഡ് (ചിയ ,ക്വിനോവ ) എന്നീ വിളകളാണ് പദ്ധതിയിൽ കൃഷി ചെയ്യുന്നത് .പൂർണമായും ജൈവരീതിയിൽ 71 ആദിവാസി ഊരുകളിലായി കൃഷി ചെയ്യുന്നു .
പദ്ധതി നടപ്പിലാക്കുന്ന ഊരുകളിൽ 5 ഊരുകൾ തിരഞ്ഞെടുത്ത് മാതൃകാ ഊരുകളായി പ്രഖ്യാപിച്ചു .മറ്റ് ഊരുകളിൽ നിന്നും വ്യത്യസ്തമായി ജലസേചനം, വൈദ്യുതവേലി , തേനീച്ച വളർത്തൽ, നടീൽ വസ്തുക്കളുടെ വിതരണം ,കാർഷിക ഉപകരണങ്ങളുടെ വിതരണം ,ഡ്രയിങ് യാർഡ് എന്നിവ കൂടി നടപ്പിലാക്കുന്നുണ്ട് ഇവിടെ. പദ്ധതിയിൽ ഉൾപ്പെട്ട കർഷകർക്ക് ഉത്പാദിപ്പിക്കുന്ന ധാന്യങ്ങൾ സംഭരിക്കുന്നതിന് 200 ലിറ്റർ സംഭരണശേഷിയുള്ള ധാന്യസംഭരണികളും വിതരണം ചെയ്തു. കൂടാതെ കർഷകർക്ക് ധാന്യങ്ങൾ ഉണക്കുന്നതിനുവേണ്ടി ടാർപോളിൻ ഷീറ്റും വിതരണം നടത്താൻ ഉദ്ദേശിക്കുന്നു .
 
    കർഷകർ ഉത്പാദിപ്പിച്ച ധാന്യങ്ങളിൽ നിന്നും കർഷകരുടെ ആവശ്യം കഴിഞ്ഞ് അധികമായി വരുന്ന ധാന്യങ്ങൾ സംഭരിച്ച് മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി വിപണനം നടത്തുന്നു .നിലവിൽ റാഗി ധാന്യം , റാഗി മാവ് , റാഗി പുട്ടുപൊടി ,റാഗി എനർജി ഡ്രിങ്ക് മിക്സ് ,റാഗിമാൾട്ട് ,ചാമ അരി, അട്ടപ്പാടി തുവര ,അട്ടപ്പാടി പയർ , റാഗി ബിസ്‌കറ്റ്, ,വരഗ്, കുതിരവാലി, ചിയ എന്നീ ഉത്പന്നങ്ങൾ വിപണിയിലെത്തിച്ചു.വന്യമൃഗങ്ങളിൽ നിന്നും കൃഷി സംരക്ഷിക്കുന്നതിന് വേണ്ടി കട്ടേക്കാട് ഊരിൽ തേനീച്ചവേലി നിർമ്മിച്ചു . ഇത് വിജയകരമായി പ്രവർത്തിച്ചതിനെ തുടർന്ന് മറ്റു ഊരുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിച്ചു വരികയാണ് .
ചെറുധാന്യ ഗ്രാമ പദ്ധതിയിൽ ഉത്പാദിപ്പിക്കുന്ന ചെറുധാന്യങ്ങൾ കർഷകരിൽ നിന്ന് സംഭരിച്ച് മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കുന്നതിനായി ഒരു പ്രോസസ്സിംഗ് യൂണിറ്റ് നിർമിക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു.ഇതിനായി അട്ടപ്പാടി ആടുവളർത്തൽ കേന്ദ്രത്തിൻറെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നും 5 ഏക്കർ സ്ഥലം അനുവദിച്ചിട്ടുണ്ട്. ഈ സ്ഥലത്ത് പ്രോസസ്സിംഗ് യൂണിറ്റ് ആരംഭിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
മില്ലറ്റ് വില്ലേജ് പദ്ധതിയ്ക്ക് സ്വന്തമായി ഒരു പ്രോസസ്സിംഗ് യൂണിറ്റ് ആരംഭിക്കുന്നതിനും ഈ പ്രോസസ്സിംഗ് യൂണിറ്റ് ആദിവാസി കർഷകരുടെ ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ രൂപീകരിച്ച് കൈമാറാനും ഉദ്ദേശിച്ചു കൊണ്ട് ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ രൂപീകരിക്കുന്നതിന്‍റെ ഭാഗമായി 15 അംഗ ഡയറക്ടർ ബോർഡും തിരഞ്ഞെടുത്തു.ഈ സംഘം കോഓപ്പറേറ്റിവ് സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിനുവേണ്ട നടപടികൾ ആരംഭിച്ചു.അട്ടപ്പാടി തുവര, ആട്ടുകൊമ്പ്, അവര എന്നീ വിളകൾക്ക് ഭൗമസൂചിക പദവി നേടുന്നതിന് വേണ്ട പഠനങ്ങളും പരിശോധനകളും കേരള കാര്‍ഷിക സര്‍വ്വകലാശാല ബൌദ്ധിക സ്വത്തവകാശ സെൽ മുഖേന നടന്നു വരുന്നു . ഇതുവരെയുള്ള പഠനങ്ങൾ ഭൗമസൂചിക പദവി ലഭിക്കുന്നതിന് അനുകൂലമാണ്.
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments