ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌ക്കാരമായ ”ചാമ്പ്യൻ ഓഫ് എർത്ത് ”കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് (സിയാലിന്) സമ്മാനിച്ചു. ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ 73-ാം പൊതു സമ്മേളനത്തിന്റെ അനുബന്ധമായി നടന്ന ചടങ്ങിൽ യു.എൻ.ഇ.പി അസിസ്റ്റന്റ് സെക്രട്ടറി സത്യപാൽ ത്രിപാഠിയിൽ നിന്ന് സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ പുരസ്‌ക്കാരം ഏറ്റുവാങ്ങി. മികച്ച ‘സംരംഭക ആശയം ‘ എന്ന വിഭാഗത്തിലാണ് സിയാലിനെ ഐക്യരാഷ്ട്രസഭ അംഗീകരിച്ചത്.
ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളം എന്ന ആശയം വിജയകരമായി പ്രാവർത്തികമാക്കിയതാണ് സിയാലിനെ ഈ വിശിഷ്ട ബഹുമതിയ്ക്ക് അര്‍ഹമായത്.പരിസ്ഥിതി സൗഹാർദ ഊർജ സ്രോതസ്സുകളെ ഉപയോഗിക്കുന്നതിൽ നേതൃത്വപരമായ പങ്കാണ് സിയാൽ വഹിക്കുന്നത്. പരിസ്ഥിതിയെ ബാധിക്കാതെ ആഗോള വികസന പ്രക്രിയ നിർവഹിക്കാമെന്ന് സിയാൽ തെളിയിച്ചു. ഹരിത ബിസിനസ് സംരംഭങ്ങൾ നന്നായി നിർവഹിക്കാമെന്ന് ലോകത്തെ കാണിച്ചുകൊടുക്കാനും സിയാലിന് കഴിഞ്ഞു ‘- പുരസ്‌ക്കാരം പ്രഖ്യാപിച്ചുകൊണ്ടുള്ള യു.എൻ.ഇ.പിയുടെ ഔദ്യോഗിക പത്രക്കുറിപ്പ് വ്യക്തമാക്കി
അന്താരാഷ്ട്ര സൗരോർജ അലയൻസിന് നേതൃത്വം കൊടുക്കുന്നതിന് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ഫിലിപ്പീൻസ് പരിസ്ഥിതി പ്രവർത്തക ജുവാൻ കാർലിങ് എന്നിവരും ഈ വർഷത്തെ ചാമ്പ്യൻ ഓഫ് എർത്ത് പുരസ്‌ക്കാരത്തിന് അർഹരായി. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കുവേണ്ടി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് കേശവ് ഗോഖലെ ചാമ്പ്യൻ ഓഫ് എർത്ത് പുരസ്‌ക്കാരം ഏറ്റുവാങ്ങി.
:
Share your comments