തിരുവനന്തപുരം: അപകടരഹിതമായ മത്സ്യബന്ധനം ഉറപ്പുവരുത്തുന്നതിനും മത്സ്യത്തൊഴിലാളികളിൽ ഇതുമായി ബന്ധപ്പെട്ട് അവബോധം നൽകുന്നതിനുമായി ബോധവത്കരണ ക്യാമ്പയിൻ ജൂണിൽ നടക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. സംസ്ഥാനത്തെ തീരദേശമേഖലകളിൽ 300 കേന്ദ്രങ്ങളിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. മത്സ്യബന്ധനത്തിനിടെ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനാവശ്യമായ സുരക്ഷാക്രമീകരണങ്ങൾ, മത്സ്യത്തൊഴിലാളികൾക്കുള്ള ഇൻഷുറൻസ്, വകുപ്പിന്റെ വിവിധ പദ്ധതികൾ എന്നിവയാണ് ക്യാമ്പയിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സുനാമി ദുരിതബാധിതർക്ക് നൽകിയ വീടുകളുടെ അറ്റകുറ്റപ്പണിക്കും നവീകരണം സാധ്യമല്ലാത്ത വീടുകൾ പുതുക്കിപ്പണിയുന്നതിനുമുള്ള പദ്ധതികൾ സർക്കാർ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.
വലിയതുറ പ്രതീക്ഷ ഫ്‌ളാറ്റ് സമുച്ചയത്തിലെ കമ്മ്യൂണിറ്റി ഹാൾ, തീരമാവേലി സ്റ്റോർ, അങ്കണവാടി കെട്ടിടം എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്തു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനായിരുന്നു. മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി 400 വീടുകളുടെ നിർമാണ പ്രവർത്തനങ്ങൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നും 192 വീടുകൾക്കുള്ള സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായതായും മന്ത്രി ആന്റണി രാജു പറഞ്ഞു.
ജില്ലയിൽ കടലാക്രമണം രൂക്ഷമായ വലിയതുറ, ചെറിയതുറ, കൊച്ചുതോപ്പ്, വലിയതോപ്പ് എന്നീ മത്സ്യബന്ധനഗ്രാമങ്ങളിൽ നിന്നായി 192 കുടുംബങ്ങളെയാണ് പ്രതീക്ഷ ഫ്ളാറ്റ് സമുച്ചയത്തിലുള്ളത്. ഇവിടുത്തെ അന്തേവാസികൾക്ക് പ്രയോജനമാകുന്ന രീതിയിലാണ് കമ്മ്യൂണിറ്റി ഹാളും അങ്കണവാടിയും തീരമാവേലിയും സജ്ജീകരിച്ചിരിക്കുന്നത്. 250 പേർക്ക് ഇരിക്കാവുന്ന ഹാളും, അങ്കണവാടിയും തീരമാവേലി സ്റ്റോറും 3.1കോടി രൂപ ചെലവിലാണ് നിർമിച്ചിരിക്കുന്നത്. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെ നേതൃത്വത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിക്കായിരുന്നു നിർമാണ ചുമതല.
ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയർ ജോമോൻ കെ.ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗൺസിലർ സുധീർ.ജെ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
Share your comments