കൊച്ചി: വിദേശനാണ്യ ഇടപാടുകള്‍ സാധാരണയായി വളരെ സങ്കീര്‍ണമായാണ് കാണപ്പെടുന്നത്. എന്നാൽ ചെറിയ രണ്ടു ഘട്ട പ്രക്രിയയിലൂടെ ഇടപാടുകാര്‍ക്ക് 100 വ്യത്യസ്ത കറന്‍സികളില്‍ 24 മണിക്കൂറും വിദേശത്തേക്ക് പണം അയയ്ക്കാനുള്ള സംവിധാനവുമായി ആക്‌സിസ് ബാങ്ക്.
മൊബൈൽ വഴി വിദേശത്തേയ്ക്കു പണം അയയ്ക്കുന്നതിനുള്ള സവിശേഷ സംവിധാനമാണ് ആപ്പില്‍ ലഭ്യമാക്കിയിട്ടുള്ളത്. ഒറ്റ ഇടപാടില്‍ വിദേശത്തേയ്ക്കു 25000 ഡോളര്‍വരെ അയക്കാം. ഇതിനായി ഇനി ശാഖകള്‍ സന്ദര്‍ശിക്കേണ്ടതില്ല.
വിദ്യാഭ്യാസ ഫീസ് അടയ്ക്കല്‍, കുടുംബ പരിപാലനം, ചികിത്സ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി പണം അയയ്ക്കാം. ഇതിനായി പ്രത്യേക നിരക്കും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
വിദേശത്തേയ്ക്കു പണമയയ്ക്കുക' എന്ന സംവിധാനം ആപ്പില്‍ ഉള്‍പ്പെടുത്തിയതോടെ ഇത് നാട്ടില്‍ പണം കൈമാറ്റം ചെയ്യുന്നതുപോലെ വളരെ ലളിതമായിരിക്കുകയാണ്. ഓറ്റ വാക്കില്‍ പറഞ്ഞാല്‍ വിദേശത്തേയ്ക്കു പണം അയയ്ക്കുകയെന്നത് ഇനി വിരല്‍ത്തുമ്പിലാണ്.''എന്ന്, ആക്‌സിസ് ബാങ്ക് പ്രൈവറ്റ് ബാങ്കിംഗ് ആന്‍ഡ് തേര്‍ഡ് പാര്‍ട്ടി പ്രൊഡക്ട്‌സ് തലവനും ഇവിപിയുമായ സതീഷ് കൃഷ്ണമൂര്‍ത്തി പറഞ്ഞു.
ആക്‌സിസ് ബാങ്ക് മൊബൈല്‍ ആപ്പില്‍ പ്രവേശിച്ച് , സെന്‍ഡ് മണി അബ്രോഡ് എന്ന ഓപ്ഷനില്‍ ക്‌ളിക്ക് ചെയ്ത് എളുപ്പത്തില്‍ ഇടപാടു നടത്താം.നേരത്തെ, സമ്പര്‍ക്കമില്ലാത്ത പെയ്മെന്റ് സംവിധാനങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമാക്കിക്കൊണ്ട് ആക്സിസ് ബാങ്ക് വിയര്‍ എന്‍ പേ ബ്രാന്‍ഡില്‍ പെയ്മെന്റ് ഉപകരണങ്ങള്‍ പുറത്തിറക്കിയിരുന്നു.
മാസ്റ്റര്‍ കാര്‍ഡ് സംവിധാനത്തിലുള്ള ഈ ഉപകരണങ്ങള്‍ രൂപകല്‍പന ചെയ്തു നിര്‍മിക്കാന്‍ താലീസ് ആന്റ് ടാപി ടെക്നോളജീസുമായി ആക്സിസ് ബാങ്ക് സഹകരണത്തിലെത്തിയിരുന്നു. നിലവിലുള്ള അക്സസറികളുമായി ബന്ധിപ്പിക്കുകയോ ധരിക്കുകയോ ചെയ്ത് സമ്പര്‍ക്ക രഹിത ഇടപാടുകള്‍ എളുപ്പത്തില്‍ നടത്താനാവുന്ന പുതിയ നിര ഉപകരണങ്ങള്‍ അവതരിപ്പിക്കുന്ന ആദ്യ ബാങ്ക് എന്ന സ്ഥാനമാണ് വിയര്‍ എന്‍ പേ പുറത്തിറക്കിയതിലൂടെ ആക്സിസ് ബാങ്കിന് ലഭിച്ചിരിക്കുന്നത് .
വാലറ്റോ ഫോണോ കയ്യില്‍ കൊണ്ടു നടക്കാതെ പണമിടപാടു നടത്താനാവുന്ന ഉപകരണങ്ങളുടെ ശ്രേണിയാണ് വിയര്‍ എന്‍ പേയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ബാന്‍ഡ്, കീ ചെയിന്‍, വാച്ച് ലൂപ് തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ എളുപ്പമുള്ളതും താങ്ങാനാവുന്ന വിലയിലുമാണ് അവതരിപ്പിച്ചിരിക്കുന്നത്.
Share your comments