ക്ഷേത്രനൈവേദ്യം മാത്രം കഴിച്ചിരുന്ന രാജ്യമെമ്പാടും പ്രശസ്തമായ ബബിയ എന്ന മുതലയെ കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ടാകും. കുമ്പള അനന്തപുരം അനന്തപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബബിയ വിടവാങ്ങി. ഏകദേശം 77 വയസ്സ് പ്രായമുണ്ടായിരുന്ന ബബിയയെ തടാകത്തിന്റെ തെക്ക് ഭാഗത്തായാണ് ഞായറാഴ്ച രാത്രി 10.30ഓടെ ചത്ത നിലയിൽ കണ്ടെത്തിയത്.
തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ മൂലസ്ഥാനമായ കാസര്‍കോട്ടെ അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ തടാകത്തിലെ അന്തേവാസിയായിരുന്നു ബബിയ എന്ന മുതല.
തടാകത്താൽ ചുറ്റപ്പെട്ട ഈ ക്ഷേത്രത്തിന്റെ പ്രശസ്തി വർധിപ്പിക്കുന്നതിലും ബബിയ നിർണായകമായി. ബബിയ ലോക പ്രശസ്തമായതോടെ അയൽ സംസ്ഥാനമായ കർണാടകയിലും മറ്റ് നിരവധി നാടുകളിലും അനന്തപത്മനാഭ സ്വാമി ക്ഷേത്രം ഏക സസ്യാഹാര മുതലയുള്ള ക്ഷേത്രമെന്ന പേരിലാണ് അറിയപ്പെടുന്നത്. ബബിയയ്ക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുഖമില്ലായിരുന്നുവെന്നും മംഗളൂരുവിലെ പിലിക്കുള ബയോളജിക്കൽ പാർക്കിലെ വെറ്ററിനറി സർജൻമാരാണ് ബബിയയെ പരിചരിച്ചിരുന്നതെന്നും ക്ഷേത്രം ട്രസ്റ്റി ഉദയകുമാർ ആർ ഗാട്ടി പറഞ്ഞു.
ഇന്ന് പൊതുദർശനത്തിന് ശേഷമായിരിക്കും ബബിയ ക്ഷേത്രവളപ്പിൽ സംസ്കരിക്കുന്നത്. സംസ്‌കാര ചടങ്ങുകൾക്ക് 1000ത്തിലധികം ഭക്തർ പങ്കെടുക്കുമെന്നാണ് ക്ഷേത ഭാരവാഹികൾ പ്രതീക്ഷിക്കുന്നത്. ബബിയയോടുള്ള ആദരസൂചകമായി ക്ഷേത്രനട തിങ്കളാഴ്ച ഉച്ച വരെ അടച്ചിരിക്കുകയാണ്.
കേരളത്തിലെ ഏക തടാക ക്ഷേത്രം, സരോവര ക്ഷേത്രമെന്നെല്ലാം പേരുള്ള കാസർകോട്ടെ ഈ ക്ഷേത്രത്തിന്റെ പാലകനായാണ് ബബിയയെ കണക്കാക്കിയിരുന്നത്.
ബബിയയെ കാണുന്നത് വലിയ അനുഗ്രഹമാണെന്നാണ് ഭക്തരുടെ വിശ്വാസം. പടച്ചോറ് നല്‍കാന്‍ പൂജാരി പേര് വിളിക്കുമ്പോള്‍ ബബിയ എത്തിച്ചേരുന്ന കാഴ്ച എല്ലാവർക്കും കൗതുകമുള്ളതായിരുന്നു. 1945ല്‍ ഒരു ബ്രിട്ടീഷ് സൈനികന്‍ ക്ഷേത്രത്തിലൂണ്ടായിരുന്ന മുതലയെ വെടിവെച്ചു കൊന്നു. ഇതിന് ശേഷം വന്ന ബബിയ എവിടെ നിന്ന് വന്നതാണെന്ന് ആർക്കും അറിയില്ല.
ബന്ധപ്പെട്ട വാർത്തകൾ: മാംസാഹാരങ്ങൾ കഴിക്കാത്തവർക്ക് എങ്ങനെ പ്രോട്ടീൻ ലഭ്യമാക്കാം?
Share your comments