കോവിഡ് കാലത്തെ മാന്ദ്യത്തിൽ നിന്ന് വിപണി ഉണർന്നിട്ടും ഏത്തക്കായ കർഷകർക്ക് ആശ്വാസത്തിന് വകയില്ല. സജീവമായിരുന്ന ഉപ്പേരിക്കച്ചവടവും ഹോട്ടൽ ബിസിനസ്സും വീണ്ടും പഴയതു പോലെ തിരക്കാകാത്തതാണ് വിപണിയിലെ മാന്ദ്യത്തിനു കാരണം.
കർഷകർക്ക് വ്യാപാരികളിൽ നിന്ന് ലഭിക്കുന്ന കൂടിയ വില കിലോയ്ക്ക് 19 രൂപയാണ്. അതും കടയിൽ എത്തിച്ചു കൊടുക്കണം. കൂടുതൽ ഏക്കറുകൾ പാട്ടത്തിനും അല്ലാതെയും കൃഷി നടത്തുന്ന വയനാട് അടക്കമുള്ള സ്ഥലങ്ങളിലെ കർഷകർക്ക് വൻ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.
വിവിധ സ്ഥലങ്ങളിൽ പാട്ടത്തിനു ഭൂമി കണ്ടെത്തി വാഴക്കൃഷി ചെയ്തവർക്കാണ് ഏറ്റവും കൂടുതൽ തിരിച്ചടിയുണ്ടായത്.തമിഴ്‌നാട്ടിൽ നിന്ന് ഏത്തക്കായ എത്തുന്നത് വിപണിയെ ബാധിച്ചിട്ടുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ചു വില്പന ഇടിഞ്ഞതും കർഷകരെ ബാധിച്ചു. കല്യാണം ഉൾപ്പെടെയുള്ള ആഘോഷ പരിപാടികൾ കുറഞ്ഞതും ശബരിമല തീർഥാടകരില്ലാത്തതും വിദ്യാലയങ്ങൾ പ്രവർത്തിക്കാത്തതും ഏത്തക്കായയ്ക്കും പഴത്തിനുമുള്ള ആവശ്യക്കാർ കുറയാൻ കാരണമായി എന്നും കച്ചവടക്കാർ പറയുന്നു. കിലോയ്ക്ക് 14 രൂപ മുതൽ 16 രൂപയ്ക്കു വരെ ഇടനിലക്കാർ മൊത്ത, ചില്ലറ വില്പനക്കാർക്കു തമിഴ്‌നാട്ടിൽ നിന്ന് ഏത്തക്കായ എത്തിക്കുന്നുണ്ട്. ആയിരക്കണക്കിന് വാഴകൾ നട്ട കർഷകർ മുടക്കുമുതൽ പോലും കിട്ടാതെ വിഷമിക്കുകയാണ്. വിലയിടിവിന്റെ കാര്യത്തിൽ ഹോർട്ടികോർപ്പോ വി എഫ് പി സി കെ യോ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല.
ഹോർട്ടികോർപ്പ് കർഷകർക്ക് മിനിമം വില ഉറപ്പാക്കി ഏത്തയ്ക്കായ സംഭരിക്കണമെന്ന കാലങ്ങളായുള്ള ആവശ്യം ഇനിയും പരിഗണിക്കപ്പെട്ടിട്ടുമില്ല. 100 രൂപയ്ക്കു അഞ്ചു കിലോ ഏത്തപ്പഴം വിൽക്കുന്ന വഴിയോര കച്ചവടക്കാർ നിരനിരയായി റോഡരുകിൽ കാണാം. വാഴത്തോട്ടങ്ങളിൽ ഇടവിളയായി കൃഷി ചെയ്തിരുന്ന അച്ചിങ്ങായ്ക്കും (പയർ ) വില ഇടിഞ്ഞു. കഴിഞ്ഞ വര്ഷം ഇതേസമയം കിലോയ്ക്ക് നൂറു രൂപ വരെ ഉണ്ടായിരുന്ന നാടൻ അച്ചിങ്ങ ഇപ്പോൾ വിൽക്കുന്നത് 40 രൂപയ്ക്കാണ്. തമിഴ്‌നാട്ടിൽ നിന്നുള്ള അച്ചിങ്ങ 20 രൂപയ്ക്കും കിട്ടും. പാളയന്തോടൻ, റോബസ്റ്റ എന്നെ പഴങ്ങൾക്കും വില കുത്തനെ ഇടിഞ്ഞു. പാളയന്തോടൻ കൃഷി ചെയ്തവർക്ക് കിലോയ്ക്ക് 8 രൂപ മുതൽ 10 രൂപ വരെയാണ് കച്ചവടക്കാർ നൽകുന്നത്. റോബസ്റ്റ പഴം 12 രൂപയ്ക്കാണ് വില്പന. ഉത്സവക്കാലത്തെ വിപണി കണക്കാക്കി കൃഷി ചെയ്ത എല്ലാ വാഴ കർഷകരും സങ്കടത്തിന്റെ നടുക്കടലിൽ ആണ്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് വരുന്നൂ സാധാരണക്കാർക്കായുള്ള പോസ്റ്റൽ ഇൻഷുറൻസ്.
Share your comments