പൊതുമേഖലാ ബാങ്കുകളുടെ ലയനപ്രക്രിയയുടെ ഭാഗമായി, ലയിച്ച ബാങ്കുകളിലെ അക്കൗണ്ട് ഉടമകൾ പഴയ ചെക്ക്ബുക്കുകൾ ഏപ്രിൽ ഒന്നിനകം മാറ്റിവാങ്ങണമെന്ന് നിർദേശം. പഴയ ചെക്ക്‌ബുക്ക് ഏപ്രിൽ ഒന്നിനുശേഷം ഉപയോഗിക്കാനാവില്ല. നിലവിലുള്ള ഐ.എഫ്.എസ്.സി. കോഡും മാറും.
പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയാണ് അറിയിപ്പ് നൽകിയത്. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുെണെറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷണൽ ബാങ്കുമായും ആന്ധ്ര ബാങ്ക്, കോർപ്പറേഷൻ ബാങ്ക് എന്നിവ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായും ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവ ബാങ്ക് ഓഫ് ബറോഡയുമായും അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കുമായുമാണ് ലയിച്ചത്.
പഴയ ചെക്ക് ബുക്കുകൾ മാർച്ച് 31-നകം ഏത് ബാങ്കുമായിട്ടാണോ അവരുടെ അക്കൗണ്ടുകൾ ബന്ധിപ്പിച്ചിരിക്കുന്നത്, ആ ബാങ്കുകളിലെത്തി മാറ്റിവാങ്ങണം. പുതിയ ഐ.എഫ്.എസ്.സി. കോഡറിയിക്കാൻ എസ്.എം.എസ്. സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, സിൻഡിക്കേറ്റ് ബാങ്ക് കാനറാ ബാങ്കുമായി ലയിച്ചെങ്കിലും പുതിയ നിർദേശം ഈ ബാങ്കുകളിലെ അക്കൗണ്ട് ഉടമകൾക്ക് ലഭിച്ചിട്ടില്ല.
Share your comments