കാര്‍ഷിക രംഗത്തിന്റെ മാറ്റത്തിന് വിവിധ മേഖലകളെ സംയോജിപ്പിച്ച് മുന്നോട്ടു പോകുവാന്‍ കഴിയണമെന്ന് പി.കരുണാകരന്‍ എംപി പറഞ്ഞു. ജില്ലയില്‍ തരിശായി കിടക്കുന്ന ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കൃഷിക്ക് ഉപയോഗിക്കാന്‍ കഴിയണമെന്നും കീടനാശിനികള്‍ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ടാകണം ഇത്തരം കൃഷിയെന്നും എം പി പറഞ്ഞു. ഹരിതകേരളം മിഷന്‍ രൂപീകരിച്ചതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജില്ലാതല പരിപാടി ബേഡഡുക്ക കുണ്ടംകുഴി മാനസം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓരോ പ്രദേശത്തിനും അനുയോജ്യമായ കൃഷിചെയ്യണം. കൃഷിയെന്നാല്‍ നെല്‍ക്കൃഷി മാത്രമല്ല. മത്സ്യം വളര്‍ത്തുന്നതും മൃഗങ്ങളെ വളര്‍ത്തുന്നതുമെല്ലാം കൃഷിയാണ്. ഇങ്ങനെ വ്യത്യസ്ത മേഖലകളില്‍ കൃഷി ചെയ്യാന്‍ കഴിയണം. നമുക്ക് ആവശ്യമുള്ളത് സ്വന്തമായി ഉല്പാദിപ്പിക്കുവാന്‍ കഴിയണം. ഏതു കൃഷി ആയാലും ഭുമിയുടെ നനവ് നിലനിര്‍ത്തി ചെയ്യണം. വൃത്തിയും വിളവും നിലനിര്‍ത്തണം. ഹരിത കേരള മിഷന്റെ ലക്ഷ്യവും ഇതാണ് അദ്ദേഹം പറഞ്ഞു.
കെ.കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. വാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ഒരു വര്‍ഷം നടന്ന പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ പ്രദര്‍ശനം, വിവിധ ഉപമിഷനുകളില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ അവതരണം, ബേഡകം അരിയുടെ വിപണനോദ്ഘാടനം എന്നിവ നടന്നു. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് ഉല്പാദിപ്പിച്ച ബേഡകം ജൈവഅരിയുടെ വിപണനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ നിര്‍വഹിച്ചു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ ഫോട്ടോ പ്രദര്‍ശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീറും ശുചിത്വ മിഷന്റെ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രനും നിര്‍വഹിച്ചു. ഹരിത ബേഡകം ഡോക്യുമെന്ററി സ്വിച്ച് ഓണ്‍ കര്‍മ്മം കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ നിര്‍വഹിച്ചു. ഹരിതബേഡകം റിപ്പോര്‍ട്ട് പ്രകാശനം നീലേശ്വരം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി നിര്‍വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ഗൗരി, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി രാമചന്ദ്രന്‍, വിവിധ പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യന്‍ സ്വാഗതവും ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം.കെ സബിത നന്ദിയും പറഞ്ഞു. പാഴ് വസ്തുക്കളും കമുകിന്‍പാളയും ഉപയോഗിച്ച് നിര്‍മ്മിച്ച കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും അരങ്ങേറി.തുടര്‍ന്ന് ഹരിത കേരളം മിഷനുമായി ബന്ധപ്പെട്ട ഒരു വര്‍ഷം വിവിധ മേഖലകളില്‍ നടത്തിയ പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്തു.

Share your comments