കൊച്ചി: ഭക്ഷ്യസംരഭകർക്ക് പുത്തൻ ആശയങ്ങൾ പകർന്ന് നൽകാൻ എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം. സിഎംഎഫ്ആർഐയിൽ നടക്കുന്ന 'മില്ലറ്റും മീനും' പ്രദർശന ഭക്ഷ്യമേളയിലാണ് സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക സംഗമം. കേന്ദ്ര സർക്കാറിന് കീഴിലെ വിവിധ ഗവേഷണ സ്ഥാപനങ്ങൾ സംരംഭകർക്ക് നൽകുന്ന സേവനങ്ങളും സഹായങ്ങളും അതാത് സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞർ നേരിട്ട് വിശദീകരിയ്ക്കും. ശനിയാഴ്ച (ഡിസം: 30) രാവിലെ 10 മുതൽ ഉച്ചവരെയാണ് സംഗമം.
ഫുഡ് ടെക്നോളജി, ഭക്ഷ്യസംസ്‌കരണം, മൂല്യവർധിത ഉൽപാദനം, പായ്ക്കിങ്, വിപണനം തുടങ്ങി വിവിധ മേഖലകളിൽ നവസംരംഭകർക്ക് കരുത്തു പകരുന്ന ആശയങ്ങളും വിവിധ ഗവേഷണ സ്ഥാപനങ്ങൾ നൽകുന്ന ഇൻകുബേഷൻ സൗകര്യങ്ങളും അടുത്തറിയാനാകും.
തഞ്ചാവൂരുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, ഒൺട്രപ്രണർഷിപ്പ് ആന്റ് മാനേജ്മെന്റ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർ ഡിസിപ്ലിനറി സയൻസസ് ആന്റ് ടെക്‌നോളജി, ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന് കീഴിലെ സ്ഥാപനങ്ങളായ കോഴിക്കോട് സുഗന്ധവിള ഗവേഷണ സ്ഥാപനം, കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി, തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങ് വിള ഗവേഷണ സ്ഥാപനം, കാസറഗോഡ് കേന്ദ്ര നാണ്യവിള ഗവേഷണ സ്ഥാപനം, ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ച് എന്നീ സ്ഥാപനങ്ങളുടെ സേവനങ്ങൾ വിശദീകരിക്കും.
ഈ സ്ഥാപനങ്ങളിലെ മുതിർന്ന ശാസ്ത്രജ്ഞരും സംരംഭക്ത്വവികസന വിദഗ്ധരും സംഗമത്തിൽ സംസാരിക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. വാട്‌സാപ്പ് - 9446120244.
Share your comments