‘മുന്തിയ ബ്രാൻഡുകളുടെ ചോക്കലേറ്റിൽപോലും സൂക്ഷിപ്പുകാലം വർധിപ്പിക്കാനുള്ള സംരക്ഷക(preservatives) ങ്ങൾ ചേർക്കുന്നുണ്ട്. ഇത്തരം ചോക്കലേറ്റുകൾ ശീലമാക്കുന്നത് ആരോഗ്യകരമല്ല എന്നു തെളിഞ്ഞിട്ടുമുണ്ട്. അതൊക്കെ ശരിയാണെങ്കിലും കുട്ടികൾക്കു മിഠായിയും ചോക്കലേറ്റുമൊക്കെ നിഷേധിക്കുന്നതു ശരിയല്ലല്ലോ.
തലമുറകളുടെ വൈദ്യപാരമ്പര്യമുണ്ട് പ്രദീപിൻ്റെ കുടുംബത്തിന്. എന്നാൽ, പരമ്പരാഗതരീതിയിൽ തയാറാക്കി, പഴയ ചിട്ടവട്ടങ്ങളോടെയും പഥ്യത്തോടെയും അരിഷ്ടവും ലേഹ്യവുമൊക്കെ കഴിക്കാൻ താൽപര്യപ്പെടുന്നവർ നന്നേ കുറവ്. പുതിയ കാലത്തെ ചികിൽസാലയങ്ങളോടും ആധുനിക സൗകര്യങ്ങളോടും മൽസരിക്കുക എളുപ്പവുമല്ല. അതുകൊണ്ടുതന്നെ, ഒൗഷധസസ്യങ്ങളിലും മരുന്നുനിർമാണത്തിലുമെല്ലാം അച്ഛനിൽനിന്നു സാമാന്യമായ അറിവു നേടിയെങ്കിലും ചികിൽസാ പാരമ്പര്യം തുടരാൻ പ്രദീപ് താൽപര്യപ്പെട്ടില്ല.
പക്ഷേ പാരമ്പര്യത്തെ അങ്ങനെ വിട്ടുകളയാനും വയ്യല്ലോ. ആയുർവേദത്തിൽനിന്ന് ആളുകൾക്കു സ്വീകാര്യമായ ആരോഗ്യ വിഭവങ്ങൾ പലതു ചിന്തിച്ചെങ്കിലും വിപണിയിൽ വിജയിക്കുമെന്ന് വീട്ടുകാർ ഉറപ്പു നൽകിയത് ചോക്കലേറ്റിന്. ലേഹ്യത്തിൻ്റെ പാകവും പരുവവുമൊക്കെയാണ് ബ്രഹ്മിചോക്കലേറ്റിൽ പ്രദീപ് സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ കൃത്രിമ സംരക്ഷകങ്ങളൊന്നും ചേർക്കേണ്ടതില്ല. നാലു മാസമാണ് സൂക്ഷിപ്പുകാലം. വില അഞ്ചു രൂപ. വായ്പ എടുത്ത് പൂർണമായ യന്ത്രവൽക്കരണത്തോടെ ചെറുകിട വ്യവസായ സംരംഭം തുടങ്ങാനിറങ്ങിയങ്ങിയെങ്കിലും അത് സാധ്യമായില്ല . പായ്ക്കിങ്ങിനായി ചെലവു കുറഞ്ഞ യന്ത്രസംവിധാനം സ്വയം വികസിപ്പിച്ചെടുത്തു. ബ്രഹ്മി ചോക്കലേറ്റ് കുട്ടികൾക്ക് ഇഷ്ടമായതിന്റെ ആവേശത്തിൽ കൂടുതൽ ഉൽപന്നങ്ങളിലേക്കും ആധുനികയന്ത്രസംവിധാനങ്ങളിലേക്കും കടക്കാനൊരുങ്ങുകയാണ്.
Share your comments