<
  1. News

BUDGET 2022: കൃഷി രംഗത്തെ പ്രഖ്യാപനങ്ങൾ വിശദമായി

ജൈവകൃഷിയ്ക്കും പ്രകൃതിക്കൃഷിക്കും പ്രാധാന്യം നൽകുന്നതാണ് 2022ലെ കേന്ദ്ര ബജറ്റ്. പാർപ്പിടവും വെള്ളവും എല്ലാവർക്കും ഉറപ്പാക്കുക എന്നതാണ് ഇപ്പോഴത്തെ ബജറ്റിൽ പ്രധാന ലക്ഷ്യമായി ധനമന്ത്രി അവതരിപ്പിച്ചത്.

Anju M U
tractor
BUDGET 2022: കൃഷി രംഗത്തെ പ്രഖ്യാപനങ്ങൾ

ഒന്നരമണിക്കൂര്‍ ദൈർഘ്യത്തിൽ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചു. പാർപ്പിടവും വെള്ളവും എല്ലാവർക്കും ഉറപ്പാക്കുക എന്നതാണ് ഇപ്പോഴത്തെ ബജറ്റിൽ പ്രധാന ലക്ഷ്യമായി ധനമന്ത്രി അവതരിപ്പിച്ചത്.

ബന്ധപ്പെട്ട വാർത്തകൾ: BUDGET 2022: കേരളത്തിനും കൃഷിയ്ക്കും പ്രതീക്ഷകളേറെ…

കാർഷികമേഖലയിലും ആകർഷകമായ പ്രഖ്യാപനങ്ങളുണ്ടായിരുന്നു. ജൈവകൃഷിയ്ക്കും പ്രകൃതിക്കൃഷിക്കും പ്രാധാന്യം നൽകുന്നതാണ് 2022ലെ കേന്ദ്ര ബജറ്റ്. രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെ പ്രകൃതി കൃഷിയും ജൈവക്കൃഷിയും ഒപ്പം സീറോ ബജറ്റ് ഫാമിങ്, ആധുനിക കൃഷി മൂല്യവർധന എന്നിവ ഉൾപ്പെടുത്തി കാർഷിക സർവകലാശാലകളുടെ സിലബസ് പരിഷ്കരിക്കാൻ ബജറ്റിൽ നിർദേശമുണ്ട്. കാർഷിക മേഖലയിൽ സ്റ്റാർട്ടപ്പുകൾ ആരംഭിക്കുമെന്നും ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റിൽ കൂട്ടിച്ചേർക്കുന്നു.

കൃഷി രംഗത്തെ പ്രധാന പ്രഖ്യാപനങ്ങൾ

  • കാർഷികോൽപ്പന്ന സംഭരണത്തിനായി 2.73 ലക്ഷം കോടി വകയിരുത്തിയിട്ടുണ്ട്.

  • 2021 റാബി സീസണിലെ ഗോതമ്പ്, 2021-22 ഖാരിഫ് സീസസണിലെ നെല്ല് എന്നിവയുടെ സംഭരണത്തിലൂടെ 163 ലക്ഷം കർഷകരിൽ നിന്ന് 1208 ലക്ഷം മെട്രിക് ടൺ ഗോതമ്പും നെല്ലും ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി 2.37 ലക്ഷം കോടി രൂപ താങ്ങുവില ഇനത്തിൽ കർഷകരുടെ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു.

  • രാസരഹിത പ്രകൃതിക്കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഗംഗാനദിക്കരയിലെ 5 കിലോമീറ്റർ വീതിയിലുള്ള കർഷകരുടെ കൃഷിയിടങ്ങൾ ആദ്യഘട്ടത്തിൽ ഇതിനായി പ്രയോജനപ്പെടുത്തും.

  • പ്രകൃതിക്കൃഷി, സീറോ ബജറ്റ് ഫാമിങ്, ജൈവക്കൃഷി, ആധുനിക കൃഷി, മൂല്യവർധന എന്നിവ കാർഷിക സർവകലാശാലകളുടെ സിലബസിൽ ഉൾപ്പെടുത്തിക്കൊണ്ട് പരിഷ്കരണം നടപ്പിലാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകും.

  • 2023 രാജ്യാന്തര ചെറുധാന്യ വർഷമായി ആചരിക്കുന്നു. ചെറുധാന്യങ്ങളുടെ മൂല്യവർധന, ഉപയോഗ വർധന, ആഭ്യന്തര–രാജ്യാന്തര തലത്തിലേക്കുള്ള ബ്രാൻഡിങ്ങ് എന്നിവയ്ക്ക് ഊന്നൽ നൽകുമെന്ന് ബജറ്റിൽ പറയുന്നു.

  • കർഷകർക്ക് ഡിജിറ്റൽ, ഹൈ–ടെക് സേവനങ്ങൾ ഉറപ്പാക്കും. ഇതിന് വേണ്ടി പൊതു–സ്വകാര്യ മേഖലകളുടെ പങ്കാളിത്തം ഉൾപ്പെടുത്തി പദ്ധതികൾ ആവിഷ്കരിക്കും.

  • കാർഷിക രംഗത്ത് ഡ്രോണുകളുടെ ഉപയോഗം വർധിപ്പിക്കും. വിളനിർണയം, ഭൂരേഖകളുടെ വിവരസഞ്ചയം, കീടനാശിനി പ്രയോഗം എന്നിവയ്ക്കായി കിസാൻ ഡ്രോണുകൾ ഉപയോഗിക്കുന്നത് ത്വരിതപ്പെടുത്തും.

  • എണ്ണക്കുരുക്കൾ ഇറക്കുമതി നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ, തദ്ദേശീയമായി എണ്ണക്കുരുക്കളുടെ ഉൽപാദനം ഉയർത്തുന്നതിന് പദ്ധതികൾ ആവിഷ്കരിക്കും.

  • നദീസംയോജന പദ്ധതികളും ബജറ്റിൽ വിലയിരുത്തി. കൃഷിയിൽ ജലസേചനത്തിനായി കെൻ–ബെത്‌വാ സംയോജന പദ്ധതി കൊണ്ടുവരും. 44,605 കോടി രൂപയാണ് ഇതിന്റെ ചെലവായി കണക്കുകൂട്ടുന്നത്. 9.08 ലക്ഷം ഹെക്ടർ സ്ഥലത്ത് ജലസേചനം നടപ്പിലാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മാത്രമല്ല, 62 ലക്ഷം പേർക്ക് കുടിവെള്ളം എത്തിക്കുന്നതിനും ബജറ്റ് പ്രാധാന്യം നൽകുന്നു. 103 മെഗാവാട്ട് ജലവൈദ്യുതി പദ്ധതി, 27 മെഗാവാട്ട് സൗരോർജ പദ്ധതി എന്നിവയും ഇതിനൊപ്പമുണ്ട്. ഇത് കൂടാതെ, 5 നദീസംയോജന പദ്ധതിയും അതാത് സംസ്ഥാനങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്നതിന് പദ്ധതിയിടുന്നുണ്ട്.

  • പഴം–പച്ചക്കറികൾ ഉൽപാദനം വർധിപ്പിക്കുന്നതിനും വിളവെടുക്കുന്നതിനും ആവശ്യമായ പദ്ധതികൾ സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുമെന്ന് നിർമല സീതാരാമൻ പറഞ്ഞു.

  • നബാർഡിന്റെ നേതൃത്വത്തിൽ സഹനിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കും. കർഷകർക്ക് വാടകയ്ക്ക് ഉപകരണങ്ങൾ ലഭ്യമാക്കുന്ന സംരംഭങ്ങളും, വിവരസാങ്കേതികത പ്രയോജനപ്പെടുത്തിയുള്ള സംരംഭങ്ങളും ഇതിന്റെ ഭാഗമായി കൊണ്ടുവരും. ഫാർമർ പ്രൊഡ്യൂസർ കമ്പനികളും പ്രോത്സാഹിപ്പിക്കും.

English Summary: BUDGET 2022: Announcements and Emphasis In Agriculture Sector

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds