ത്രീഡി പ്രിന്റിങ് ടെക്നോളജി ഉപയോഗിച്ചുള്ള ആദ്യ കെട്ടിടത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച 11.30-ന് മന്ത്രി കെ രാജൻ നിർവഹിച്ചു .നിർമാണമേഖലയിലെ പുതിയ സാങ്കേതിക വിദ്യയായ ത്രീഡി പ്രിന്റിങ് ടെക്നോളജി ഉപയോഗിച്ചുള്ള ആദ്യ കെട്ടിടം കേരളത്തിൽ ഉയർന്നു. പി.ടി.പി. നഗറിലെ സംസ്ഥാന നിർമിതി കേന്ദ്രം വളപ്പിലാണ് പുത്തൻ സാങ്കേതിക വിദ്യയെ പരിചയപ്പെടുത്തുന്ന കെട്ടിടം നിർമിച്ചത്.
'അമേസ് 28' എന്ന ഈ പദ്ധതി 28 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. ലോകത്തു തന്നെ ഏറ്റവുമേറെ മാലിന്യം തള്ളുന്ന മേഖല എന്നപേരുള്ള കെട്ടിട നിർമാണമേഖലയെ മാറ്റിമറിക്കുന്നതാണ് പുതിയ നിർമാണ വിദ്യയെന്ന് നിർമിതി കേന്ദ്രം ഡയറക്ടർ ഫെബി വർഗീസ് പറഞ്ഞു. കംപ്യൂട്ടറിൽ ആർക്കിടെക്ട് തയ്യാറാക്കുന്ന രൂപരേഖയെ പിന്തുടർന്ന് ത്രീഡി പ്രിന്റർ നിർമാണം തുടങ്ങും. പല പാളികളായി ചുവരും മേൽക്കൂരയുമെല്ലാം ഈ “അച്ചടിയന്ത്രം" സ്ഥാപിക്കും.
400 ചതുരശ്ര അടിയിലുള്ള കെട്ടിടമാണ് നിർമിതി കേന്ദ്രത്തിൽ നിർമിച്ചത്. ഈ വലുപ്പത്തിൽ കെട്ടിടമുണ്ടാക്കാൻ സാധാരണ രണ്ടു മാസം വരെ വേണ്ടി വരും. പക്ഷേ, പുതിയ സാങ്കേതിക വിദ്യയിൽ 28 ദിവസം കൊണ്ടാണ് പണി പൂർത്തിയായത്.
മനുഷ്യാധ്വാനവും പണിക്കാരും കുറച്ചു മതി എന്നതാണ് പ്രത്യേകത. മിക്കപ്പോഴും ഒരു ഓപ്പറേറ്റർ മതിയാകും. തടസ്സങ്ങളുള്ള ഇടങ്ങളിൽ മാത്രം കൈകൾ കൊണ്ടു പണികൾ പൂർത്തിയാക്കേണ്ടി വരും. ബദൽ നിർമാണ സാങ്കേതങ്ങൾ പ്രചരിപ്പിക്കുക എന്ന നിർമിതികേന്ദ്രത്തിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇപ്പോൾ ഈ കെട്ടിടം പണിതത്.
പുതു സാങ്കേതികവിദ്യ പൊതുജനത്തിനു പരിചയപ്പെടുത്തുകയാണ് ഈ കെട്ടിടത്തിലൂടെ. ലോകത്ത് ഈ സാങ്കേതികവിദ്യ പ്രചാരത്തിലായി എങ്കിലും കേരളത്തിലേക്കെത്തിയിരുന്നില്ല. കേന്ദ്ര നഗരകാര്യ മന്ത്രാലയവുമായി ചേർന്ന് ചെന്നൈ ഐ.ഐ.ടി. പൂർവ്വ വിദ്യാർത്ഥിയായ ആദിത്യ വിഎസിന്റെ സ്റ്റാർട്ടപ്പ് ആയ ത്വസ്ഥ മാനുഫാക്ചറിങ് സൊല്യൂഷൻസിന്റെ കീഴിൽ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയാണ് ഉപയോഗിച്ചത്.
സിമെന്റും മണലുമൊക്കെ യന്ത്രം കൂട്ടിക്കുഴച്ചു കൊടുക്കുമ്പോൾ പാളികളായി പ്രിന്റ് ചെയ്തു വരുന്ന ചുവരുകൾ. പകുതി കാലം കൊണ്ട് ഒരു വീട് ഉയർന്നു വരുമ്പോൾ ലാഭം പണത്തിൽ മാത്രമല്ല, സമയത്തിലും.
Share your comments