തൃശ്ശൂർ: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാവുന്ന സി-വിജില്‍ ആപ്പ് വഴി മാര്‍ച്ച് 31 വരെ ലഭിച്ചത് 3142 പരാതികള്‍. ഇതില്‍ ശരിയെന്നു കണ്ടെത്തിയ 2995 പരാതികള്‍ പരിഹരിച്ചു. കഴമ്പില്ലാത്ത 134 എണ്ണം തള്ളി.
തൃശൂർ നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത്- 558 എണ്ണം. കുറവ് ചാലക്കുടിയിലും - 60. ഗുരുവായൂർ 99, ചേലക്കര 155, ഇരിഞ്ഞാലക്കുട 221, കൈപ്പമംഗലം 259, കൊടുങ്ങല്ലൂർ 241, കുന്നംകുളം 344, മണലൂർ 204, നാട്ടിക 299, ഒല്ലൂർ 261, പുതുക്കാട് 128, വടക്കാഞ്ചേരി 166 എന്നിങ്ങനെയാണ് നിയോജകമണ്ഡല അടിസ്ഥാനത്തിൽ പരിഹരിച്ച പരാതികളുടെ കണക്ക്.
പൊതു ഇടങ്ങളില്‍ പോസ്റ്ററുകള്‍, ബാനറുകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ച് പ്രചരണം നടത്തിയത് സംബന്ധിച്ചാണ് കൂടുതല്‍ പരാതികളും ലഭിച്ചിട്ടുള്ളത്. ശരാശരി 40 മിനിറ്റില്‍ തന്നെ പരാതികളില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
കളക്ടറേറ്റിലെ ദുരന്തനിവാരണ അതോറിറ്റിയുടെ കോണ്‍ഫറന്‍സ് റൂമിനോട് ചേര്‍ന്നാണ് സി-വിജില്‍ ആപ്പ് നിരീക്ഷണത്തിന് 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. പെരുമാറ്റച്ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ സി-വിജില്‍ ആപ്ലിക്കേഷന്‍ മുഖേന ഫോട്ടോ/ വീഡിയോ എടുത്ത് അഞ്ചു മിനിറ്റിനകം അപ്ലോഡ് ചെയ്ത് പരാതി നല്‍കാം. 100 മിനിറ്റിനുള്ളില്‍ നടപടിയെടുക്കും.
Share your comments