സസ്യങ്ങളിലെ അമ്ല അയോണുകളെ തുലനം ചെയ്യാനും കാത്സ്യത്തിന് കഴിയും. വരള്‍ച്ചയെ ചെറുക്കാന്‍ വിളകളെ പ്രാപ്തമാക്കുന്നതില്‍ കാത്സ്യവും ആവശ്യമാണ്. കായുടെ രുചികൂട്ടാനും കാത്സ്യത്തിന് കഴിയും. വേരുകളുടെ വളര്‍ച്ചയ്ക്കും, വിത്തിന്‍റെ ഗുണത്തിനും ഇത് വേണം. കാത്സ്യത്തിന്‍റെ കുറവ് പുതുനാമ്പുകളിലും വേരുകളിലുമാണ് ആദ്യം പ്രത്യക്ഷപ്പെടുക.
കാത്സ്യത്തിന്‍റെ അഭാവം കൊണ്ട് വേര് മുരടിക്കലും, കൂമ്പിലയുടെ അറ്റം മുതല്‍ കരിഞ്ഞുതുടങ്ങുന്നതും പുതിയ ഇലകളുടെ വലിപ്പംകുറഞ്ഞ് ആകൃതിയില്‍ വ്യത്യാസംവരും. വാഴയില്‍ കൂമ്പില തുറന്നുവരാന്‍ വൈകുന്നതും, തക്കാളിയില്‍ കായയുടെ അറ്റം വട്ടത്തില്‍ കരിയുന്നതും നെല്ലില്‍ വേരുവളര്‍ച്ച മുരടിക്കുന്നതും കാത്സ്യത്തിൻ്റെ അഭാവം കൊണ്ടാണ്.
മണ്ണ് ഒലിച്ചുപോകുന്നതോടൊപ്പം കാത്സ്യവും നഷ്ടപ്പെടുന്നു. പുളിരസം കൂടിയ നമ്മുടെ മണ്ണില്‍ കാത്സ്യം തീരെ ഇല്ലെന്നുതന്നെ പറയുന്നതാണ് ശരി. മഗ്നീഷ്യത്തിനും സള്‍ഫറിനുമൊപ്പം കാത്സ്യം സെക്കന്‍ഡറി അഥവാ ദ്വിതീയമൂലകത്തില്‍പ്പെടുന്നു.നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നീ പ്രാഥമിക മൂലകങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി കൃഷി ചെയ്യുന്നതിനിടയില്‍ ദ്വിതീയ മൂലകങ്ങളും സൂക്ഷ്മമൂലകങ്ങളും എന്തിന് ജൈവവളങ്ങള്‍പോലും ഒഴിവാക്കിയാണ് നമ്മള്‍ മുന്നോട്ടുപോകുന്നത്. അളവ് കുറച്ചുമതി എന്ന ഒറ്റക്കാരണംകൊണ്ടാണ് കാത്സ്യം രണ്ടാംസ്ഥാനക്കാരനായത്.
മണ്ണിൻ്റെ പുളിരസം മാറ്റാന്‍ ശരിയായ അളവിലും രീതിയിലും കുമ്മായവസ്തുക്കള്‍ ചേര്‍ത്താല്‍തന്നെ കാത്സ്യപ്രശ്നത്തിന് പരിഹാരമാകും. പുളിരസം കുറയുന്നതോടൊപ്പം കാത്സ്യവും ലഭിക്കുന്നുവെന്നതാണ് കാരണം. കാത്സ്യത്തിന്റെയും മഗ്നീഷ്യത്തിന്‍റെയും സംയുക്തമായ ഡോളമൈറ്റ് കുമ്മായവസ്തുവായി തിരഞ്ഞെടുക്കുന്നത് ഏറെ അഭികാമ്യം. കാത്സ്യം ആവശ്യത്തിന് ലഭിക്കുന്ന വിളകളില്‍ കീടരോഗബാധ കുറയുമെന്നതാണ് പുതിയ കണ്ടെത്തല്‍.
Share your comments