1. കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. പിഡിഎസ് മണ്ണെണ്ണ വിഹിതത്തിൽ നിന്നും ഒറ്റയടിക്ക് 50 ശതമാനമാണ് കുറച്ചത്. മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന് സംസ്ഥാന സർക്കാർ നിരന്തരം ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് തിരിച്ചടി ഉണ്ടായത്. ഇനിമുതൽ 3 മാസത്തിലൊരിക്കൽ ലഭിക്കുന്ന അര ലിറ്റർ മണ്ണെണ്ണ വിഹിതം മഞ്ഞ, പിങ്ക് റേഷൻ കാർഡുകാർക്ക് മാത്രമായി പരിമിതപ്പെടുത്തും. നിലവിൽ വൈദ്യുതി കണക്ഷൻ ഉള്ളവർക്ക് അര ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ലഭിക്കാത്തവർക്ക് 6 ലിറ്റർ മണ്ണെണ്ണയുമാണ് 3 മാസത്തിലൊരിക്കൽ നൽകുന്നത്. മത്സ്യബന്ധനം, കാർഷികം തുടങ്ങിയ മേഖലകൾക്കാണ് കേന്ദ്രസർക്കാർ നോൺ സബ്സിഡി മണ്ണെണ്ണ അനുവദിച്ചിരുന്നത്. ഈ സാമ്പത്തിക വർഷം 25,000 കിലോ ലിറ്റർ നോൺ സബ്സിഡി മണ്ണെണ്ണ അനുവദിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു.
കൂടുതൽ വാർത്തകൾ: സാമൂഹ്യ സുരക്ഷ/ക്ഷേമനിധി പെൻഷൻ; ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം
2. എന്റെ കേരളം പ്രദർശന വിപണന മേള വിജയകരമായി മുന്നേറുന്നു. കെൽട്രോണിൽ നിർമ്മിക്കുന്ന നവീനമായ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ മുതൽ പരമ്പരാഗത മേഖലയിലെ കയറും കൈത്തറിയും വരെ പൊതുജനങ്ങൾക്കായി വിവിധ സ്റ്റാളുകളിൽ ഒരുക്കിയിട്ടുണ്ട്. ഏപ്രിൽ 8 വരെ കൊച്ചി മറൈൻ ഡ്രൈവിൽ നടക്കുന്ന മേളയിൽ ദിനംപ്രതി ആയിരകണക്കിന് ആളുകളാണ് എത്തുന്നത്. സന്ദർശകരിലൂടെ കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷം കൂടുതൽ പേരിലേക്ക് എത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.
3. സംരംഭകരുടെ പരിശീലന കളരിയായി കുടുംബശ്രീ മാറിയെന്ന് തദ്ദേശ മന്ത്രി എം.ബി രാജേഷ്. കുടുംബശ്രീ ഉത്പന്നങ്ങള്‍ ONDC ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. നിലവിൽ 140 ഉത്പന്നങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുമെന്നും അടുത്ത സാമ്പത്തിക വർഷത്തോടെ 700 ഓളം ഉത്പന്നങ്ങൾ ലഭ്യമാക്കാനാണ് ലക്ഷ്യമെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു.
4. വന സൗഹൃദ സദസ്സ് 2023ന് മാനന്തവാടിയിൽ തുടക്കം. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വനാതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രവർത്തകർ, കാര്‍ഷക സംഘടന പ്രതിനിധികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയാണ് വന സൗഹൃദ സദസ് സംഘടിപ്പിച്ചത്.
5. കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗത്വം പുനഃസ്ഥാപിക്കാൻ അവസരം. ക്ഷേമനിധി ബോർഡിലേക്കുള്ള അംശാദായം അടക്കുന്നതിൽ 24 മാസത്തിൽ കൂടുതൽ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ടവർക്ക് മെയ് 31 വരെ അവസരമുണ്ട്. കുടിശ്ശിക വരുത്തിയ ഓരോ വർഷത്തിനും 10 രൂപ നിരക്കിൽ പിഴ ഈടാക്കും. 60 വയസ് പൂർത്തിയാക്കിയവർക്ക് കുടിശ്ശിക അടയ്ക്കുന്നതിനും, അംഗത്വം പുനഃസ്ഥാപിക്കുന്നതിനും സാധിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് ബോർഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസുകളുമായി ബന്ധപ്പെടണം.
6. ഇടുക്കി ജില്ലയിലെ വനിതകള്‍ക്ക് പശു യൂണിറ്റിനായി അപേക്ഷിക്കാം. ക്ഷീരവികസന വകുപ്പിന്റെ അതീവ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതി പ്രകാരം ഒരു യൂണിറ്റിന് 95,400 രൂപ സബ്സിഡിയായി ലഭിക്കും. ഒരു പശുവിനെ വളര്‍ത്താന്‍ താൽപര്യമുള്ള ദരിദ്ര വിഭാഗത്തിലുള്ളവർക്കും, സംസ്ഥാന സര്‍ക്കാരിന്റെ പട്ടികയില്‍ പേരുള്ളവരുമായ വനിതകൾക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടാം.
7. കണ്ണൂർ ജില്ലയിൽ ഗുണമേന്മ കൂടിയ പച്ചക്കറി തൈകൾ വിൽക്കുന്നു. 2022-23 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം പുഴാതി കൃഷി ഭവനിൽ നിന്നും ആവശ്യമുള്ളവർക്ക് തൈകൾ വാങ്ങാം. കൃഷിഭവൻ പരിധിയിലുള്ളവർ ആധാർ, ഭൂനികുതി രസീത് എന്നിവയുടെ കോപ്പി സഹിതം എത്തി തൈകൾ കൈപ്പറ്റണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.
8. കേരളത്തിൽ വീണ്ടും പരിശോധനകൾ ശക്തമാക്കി ഭക്ഷ്യ സുരക്ഷാവകുപ്പ്. ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഹോട്ടലുകളും ഭക്ഷ്യ വിതരണ സ്ഥാപനങ്ങളും കണ്ടെത്തുന്നതിനാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിൽ നിയമലംഘനം കണ്ടെത്തിയ 445 സ്ഥാപനങ്ങളില്‍ നിന്ന് 24.37 ലക്ഷം രൂപയാണ് പിഴ ഈടാക്കിയത്. ഹോട്ടലുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, പലചരക്ക് കടകള്‍, ഭക്ഷ്യ വിതരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് കൂടുതലായി പരിശോധനകള്‍ നടന്നത്. വെളിച്ചെണ്ണയില്‍ പാമോയില്‍ കലര്‍ത്തുക, പാലിന്റെ ഗുണമേന്മയില്‍ കുറവ് കണ്ടെത്തുക തുടങ്ങിയ നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്.
9. കൊക്കോ വിപണി ഉണർന്നു. ന്യൂയോർക്ക് എക്സ്ചേഞ്ചിലെ കൊക്കോ അവധി വിലകൾ ഉയർന്നത് കർഷകർക്ക് ആശ്വാസമായി. 2020ന് ശേഷം കൊക്കോ വില ടണ്ണിന് 2892 ഡോളർ വരെ മുന്നേറിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. വിദേശ വിപണിയിലെ ഉണർവ് ഇന്ത്യൻ കൊക്കോയുടെ സാധ്യതകൾ വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ. അപ്രതീക്ഷിതമായി പെയ്യുന്ന മഴയും ഫംഗസ് ബാധയുമാണ് കൊക്കോ കൃഷിയെ ബാധിക്കുന്നത്.
10. കേരളത്തിൽ വേനൽമഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലയോര മേഖലകളിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ ഇടിമിന്നലും ഉണ്ടാകും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ടയിലാണ്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. അതേസമയം, കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
Share your comments