1. കൈത്തറി മേഖലയുടെ പരിപോഷണം ലക്ഷ്യമിട്ട്, നെയ്ത്തുകാര്‍ക്കും സംഘങ്ങള്‍ക്കും കുറഞ്ഞ ചെലവില്‍ പ്രവര്‍ത്തന മൂലധനം ലഭ്യമാക്കുക എന്നത് ലക്ഷ്യത്തിൽ നടത്തുന്ന കേന്ദ്രസര്‍ക്കാര്‍ കൈത്തറി മുദ്രാ ലോണ്‍ പദ്ധതി വിതരണമേള നടന്നു. കൈത്തറി ഡയറക്ടറേറ്റ്,ജില്ലാ വ്യവസായ കേന്ദ്രം പാലക്കാടിന്റെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കൈത്തറി മുദ്രലോണ്‍ വിതരണമേള അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു.മേളയുടെ ഭാഗമായി 34 പേര്‍ക്ക് വായ്പകള്‍ വിതരണം ചെയ്തു. കൈത്തറി മേഖലയിലെ തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പദ്ധതിയാണിതെന്നും, ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും ജില്ലാ അഡീഷണല്‍ മജിസ്‌ട്രേറ്റ് പറഞ്ഞു. പരിപാടിയില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഇന്‍ചാര്‍ജ് കെ.പ്രശാന്ത് അധ്യക്ഷനായി.
2. സർക്കാരിൻ്റെ വിവിധ പദ്ധതികളുടെ ധനസഹായം കർഷകർക്ക് നൽകുന്ന എയിംസ് പോർട്ടലിലൂടെ (AIMS) ഇതുവരെ സഹായം ലഭിച്ചത് 3 ലക്ഷത്തി 69,641 പേർക്ക്. 182 കോടി രൂപയാണ് കർഷകർക്ക് വിതരണം ചെയ്തത്. സംസ്ഥാന വിള ഇൻഷുറൻസ്, പ്രകൃതിക്ഷോഭത്തിൽ വിള നശിച്ചതിനുള്ള നഷ്ടപരിഹാരം, നെൽവയൽ ഉടമകൾക്കുള്ള റോയൽറ്റി, പച്ചക്കറി അടിസ്ഥാന വില എന്നിവയ്ക്കുള്ള അപേക്ഷകളിലാണ് തുക വിതരണം ചെയ്തത്. aims.kerala.gov.in വഴിയാണ് കർഷകർ അഗ്രികൾച്ചറൽ ഇൻഫർമേഷൻ ആൻഡ് മാനേജ്മെന്റ് സിസ്റ്റം (എയിംസ്) പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നത്. നാൽപത് ലക്ഷത്തിലേറെ കർഷകർ എയിംസ് പോർട്ടലിൽ ഇത് വരെ രജിസ്റ്റർ ചെയ്യ്തിട്ടുണ്ട്.
3. കൈനകരി ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഞങ്ങളും കൃഷിയിലേക്ക് ഓണത്തിന് ഒരു മുറം പച്ചക്കറിയുടെ വിത്തിടീൽ കർമ്മ ഉദ്ഘാടനം കൈനകരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം. സി പ്രസാദ് ഇരുമ്പനം പാടശേഖരത്തിൽ വെച്ച് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് പ്രസീദ മിനിൽ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. എ. പ്രമോദ് സ്വാഗതം പറഞ്ഞു. ഒരുമുറം പച്ചക്കറി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും നടപ്പിലാക്കിക്കൊണ്ട് കൈനകരി ഗ്രാമപഞ്ചായത്തിൽ ഓണക്കാലത്ത് ഓണച്ചന്തകൾ സംഘടിപ്പിക്കുമെന്ന് അധികാരികൾ അറിയിച്ചു.
4. ഗ്രാമമിത്രം സമൂഹ മാധ്യമ കൂട്ടായ്മയുടെ സഹകരണത്തോടെ വരാപ്പുഴ തേവർകാട് ഇസബെല്ല ഡി റോസിസ് പബ്ലിക് സ്കൂളിൽ ആരംഭിക്കുന്ന ഔഷധത്തോട്ടത്തിന് മുന്നോടിയായി മണ്ണൊരുക്കൽ ക്ലാസ് നടത്തി. കൃഷി അസിസ്റ്റൻ്റ് എസ്. കെ. ഷിനു ക്ലാസിന് നേതൃത്വം നൽകി. സ്കൂൾ മാനേജർ സി. ഷാൽബി P A അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപിക സി. ജിജി ആന്റണി, ഗ്രാമമിത്രം അഡ്മിൻ ജയിംസ് താന്നിക്കാപ്പിള്ളി, N. M. വിജയൻ, കോ ഓഡിനേറ്റർ ജ്യോതിസ് ജോസ് തുടങ്ങിയവർ സംസാരിച്ചു.
5. സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ പദ്ധതികളിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. പ്രോഗ്രാം കോർഡിനേറ്റർ, പ്രൊജക്റ്റ് സയന്റിസ്റ്റ് എന്നീ തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചത്. ഉദ്യോഗാർഥികൾ നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡാറ്റയും ഓഗസ്റ്റ് 5 നകം ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, നാലാംനില, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ, തമ്പാനൂർ, തിരുവനന്തപുരം- 695001 എന്ന വിലാസത്തിൽ നൽകണം. environmentdirectorate@gmail.com എന്ന മെയിലിലും അയയ്ക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് 0 4 7 1-2 3 2 6 2 6 4 എന്ന നമ്പറിൽ ബന്ധപ്പെടുക.
6. തിരുവനന്തപുരം ജില്ലാ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന കരിമീന്‍ / വരാല്‍ മത്സ്യ വിത്തുല്‍പ്പാദന യൂണിറ്റിലേക്ക് താത്പര്യമുള്ള കര്‍ഷകരില്‍ നിന്നും ക്ലസ്റ്റര്‍ തലത്തില്‍ അപേക്ഷ ക്ഷണിച്ചു. മൂന്നുലക്ഷമാണ് യൂണിറ്റ് കോസ്റ്റ്. ഇതുവരെ ആനുകൂല്യങ്ങള്‍ ലഭിക്കാത്തവര്‍ക്കും പുതുതായി തുടങ്ങുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. നെടുമങ്ങാട്, പുത്തന്‍തോപ്പ്, വര്‍ക്കല, ചിറയിന്‍കീഴ്, കാട്ടാക്കട, പെരുങ്കടവിള, പൂവാര്‍, പള്ളം, വിഴിഞ്ഞം, തിരുവനന്തപുരം എന്നീ ക്ലസ്റ്ററുകളിലെ താത്പര്യമുള്ള കര്‍ഷകര്‍ ബന്ധപ്പെട്ട മത്സ്യബന്ധന ഓഫീസുകളില്‍ അപേക്ഷകള്‍ നല്‍കേണ്ടതാണെന്ന് മേഖലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മണക്കാടുള്ള ജില്ലാ മത്സ്യഭവന്‍ ഓഫീസിലും അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്. ജൂലൈ 30 ആണ് അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0 4 7 1 2 4 6 4 0 7 6 എന്ന നമ്പറിൽ ബന്ധപ്പെടുക.
7. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് 2021-2022 വര്‍ഷത്തെ ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഹരിത കൃഷി സംരക്ഷകന്‍ (കര്‍ഷകന്‍ അല്ലെങ്കിൽ കര്‍ഷക), പക്ഷി-മൃഗം വളര്‍ത്തല്‍, മാധ്യമ പ്രവര്‍ത്തകന്‍ (അച്ചടി, ദൃശ്യ മാധ്യമം), ജൈവ വൈവിധ്യ പരിപാലന സമിതി, സ്‌കൂള്‍, കോളേജ്, സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നീ മേഖലയിലാണ് പുരസ്‌ക്കാരങ്ങള്‍ നല്‍കുക. അപേക്ഷകളും നാമനിര്‍ദേശങ്ങളും ഓണ്‍ലൈനായും ഓഫ്ലൈനായും സമര്‍പ്പിക്കാവുന്നതാണ്. ജൂലൈ 31 നകം അപേക്ഷകൾ ലഭിക്കണം. വിശദവിവരങ്ങളും അപേക്ഷയുടെ മാതൃകയും.keralabiodiversity.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. 0 4 7 1 2 7 2 4 7 4 0, എന്ന നമ്പറിൽ വിളിക്കുക.
8. ആഫ്രിക്കന്‍ സ്വയ്ൻ ഫീവര്‍ എന്ന വിഷയത്തില്‍ പന്നി വളര്‍ത്തല്‍ കര്‍ഷകര്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് നടത്തുന്നു. ജൂലൈ 25-ന് രാവിലെ 10 മണിക്ക് ആലുവ L.M.T.C യില്‍ വെച്ച് എടവനക്കാട് വെറ്ററിനറി സര്‍ജന്‍ ഡോ. പി.എ സൈറ, ഡിസ്ട്രിക് എപിഡമോളജിസ്റ്റ് ഡോ.എം. സുജ ജോണ്‍ എന്നിവര്‍ ക്ലാസ് നയിക്കും. പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉത്ഘാടനം ചെയ്യുന്ന ചടങ്ങിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എന്‍.ഉഷാറാണി അധ്യക്ഷത വഹിക്കും. പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഓഫീസ് പ്രവര്‍ത്തന സമയങ്ങളിൽ 9 4 4 7 7 6 0 1 4 4 എന്ന നമ്പറുകളിൽ വിളിച്ചോ, വാട്‌സാപ്പ് സന്ദേശമയച്ചോ ജൂലൈ 24- ന് രാവിലെ 10 -നകം രജിസ്റ്റര്‍ ചെയ്യാമെന്ന് ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് ആന്റ് ട്രെയ്‌നിംഗ് സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.പി.എം രചന അറിയിച്ചു.
9. കേന്ദ്ര സർക്കാർ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി കേരളത്തിലെ അർഹരായ മുഴുവൻ ജനവിഭാഗങ്ങളെയും റേഷൻ സമ്പ്രദായത്തിൻ്റെ പരിധിയിൽ കൊണ്ടുവരണമെന്ന് കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു കേരള നിയമസഭയുടെ നടപടി ക്രമവും കാര്യനിർവഹണവും സംബന്ധിച്ച ചട്ടം 118 പ്രകാരം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അവതരിപ്പിച്ച പ്രമേയം നിയമസഭ ഏകകണ്ഠമായി അംഗീകരിച്ചു. രാജ്യത്ത് ആദ്യമായി സാർവത്രിക റേഷൻ സമ്പ്രദായം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. മാർച്ച് 2023 വരെ നിർത്തലാക്കിയ ടൈഡ് ഓവർ ഗോതമ്പ് വിഹിതം, മുൻ വർഷങ്ങളിൽ നിരന്തരമായി വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം എന്നിവ അടിയന്തിരമായി പുനഃസ്ഥാപിക്കുന്നതോടൊപ്പം മത്സ്യ ബന്ധത്തിനുള്ള മണ്ണെണ്ണയുടെ വിഹിതം വർധിപ്പിച്ച് വില കുറയ്ക്കുന്നതിനുള്ള നടപടിയും സ്വീകരിക്കുവാനും കേന്ദ്ര സർക്കാരിനോട് നിയമസഭ ആവശ്യപ്പെട്ടു.
10. ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മുവിനെ തെരഞ്ഞെടുത്തു, രാജ്യസഭാ സെക്രട്ടറിയും റിട്ടേണിംഗ് ഓഫീസറുമായ പി.സി.മോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ചരിത്ര വിജയം നേടിയാണ് മുർവുവിൻ്റെ വിജയം. ഏറ്റവും കുറഞ്ഞ പ്രായത്തിൽ രാഷ്ട്രപതിയും ഒഡീഷയിൽ നിന്നും ഈ സ്ഥാനം വഹിക്കുന്ന ആദ്യ വ്യക്തിയുമാണ് മുർമു.
11. ഒഡിഷ ഗുജറാത്ത് എന്നിവിടങ്ങളിൽ ഉണ്ടായ ന്യൂന മർദ്ദ പാത്തികൾ ദുർബലമായി. ഇതോടെ സംസ്ഥാനത്തെ മഴ കുറഞ്ഞു. എന്നിരുന്നാലും വടക്കൻ ജില്ലകളിൽ ഉള്ളവർ ജാഗ്രത പാലിക്കണം. കൊങ്കൺ തീരം മുതൽ വടക്കൻ കേരളാ തീരം വരെ ന്യുന മർദ്ദപാത്തി നിലനിൽക്കുന്നതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യത. കോട്ടയം , എറണാകുളം , ഇടുക്കി , തൃശ്ശൂർ , മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട്. കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ :PM Kisan: ഗുണഭോക്താക്കൾ വിവരങ്ങൾ നൽകണം, അവസാന തീയതി അറിയുക
Share your comments