കേന്ദ്ര സര്‍ക്കാര്‍ നെല്ലിന്റെ താങ്ങുവില 200 രൂപ വര്‍ധിപ്പിച്ചു ക്വിന്റലിന് 1750 രൂപയാക്കി. കേന്ദ്രമന്ത്രിസഭ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഇപ്പോള്‍ നെല്ലിന് ക്വിന്റലിന് 1550 രൂപയാണ് താങ്ങുവില .സംസ്ഥാനത്ത് ഒരു കിലോ നെല്ലിന് 23.30 രൂപയാണ് സര്‍ക്കാരിന്റെ നിലവിലെ താങ്ങുവില. ഇതില്‍ 15.50 രൂപ കേന്ദ്രസര്‍ക്കാരിന്റെ അടിസ്ഥാന താങ്ങുവിലയും 7.80 രൂപ സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍സെന്റീവുമാണ്.
എല്ലാ വിളകള്‍ക്കും ഒന്നര മടങ്ങ് മിനിമം താങ്ങുവില നല്‍കും. രാജ്യമെങ്ങും കര്‍ഷക പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിലാണ് ആശ്വാസ നടപടി. നെല്ലിന് പുറമെ പരുത്തി, പയറുവര്‍ഗങ്ങള്‍, ഉഴുന്ന് തുടങ്ങി 14 ഖാരിഫ് വിളകളുടെ താങ്ങുവില ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച കരിമ്പുകര്‍ഷകരുമായി നടത്തിയ ചര്‍ച്ചയിലും താങ്ങുവില ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയിരുന്നു. കഴിഞ്ഞ ബജറ്റിലും വിലവര്‍ധന പരാമര്‍ശിച്ചു. അയ്യായിരം മുതല്‍ പന്ത്രണ്ടായിരം കോടി രൂപയുടെ അധികബാധ്യതയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നെല്ലിന്റെ സംഭരണ പാക്കേജ് പുനര്‍നിര്‍ണയിക്കണമെന്നും താങ്ങുവില വര്‍ധിപ്പിക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് കേരളം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന് കഴിഞ്ഞ ദിവസം നിവേദനം നല്‍കിയിരുന്നു. സംസ്ഥാനത്ത് താങ്ങുവില നല്‍കി അഞ്ച് ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് സംഭരിക്കുന്നത്. ഈ സീസണില്‍ 4.83 മെട്രിക് ടണ്‍ നെല്ലാണ് സംസ്ഥാനം സംഭരിച്ചത്.
Share your comments