തിരുവനന്തപുരം: ഈ മാസം 26 ന് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ടത്തിൽ ഉഷ്ണ തരംഗം സംബന്ധിച്ചു വലിയ ആശങ്കയില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. 2-ാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പൊതുവെ സാധാരണ നിലയിലുള്ള കാലാവസ്ഥയാണ് പ്രവചിച്ചിരിക്കുന്നത്. രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ സാധാരണയിൽ ഉയർന്ന താപനിലയും ഉഷ്ണതരംഗവും അനുഭവപ്പെടുന്നതായ റിപ്പോർട്ടുകൾ കണക്കിലെടുത്ത്, വരും ദിനങ്ങളിലെ കാലാവസ്ഥ സംബന്ധിച്ച വിവരങ്ങൾ മനസ്സിലാക്കാൻ കമ്മീഷൻ ഇന്ന് ബന്ധപ്പെട്ട ഏജൻസികളുമായി യോഗം ചേർന്നു.
പൊതുതിരഞ്ഞെടുപ്പ് കാലത്ത് ചൂട് കൂടിയ കാലാവസ്ഥ മൂലമുണ്ടാകുന്ന അപകടസാധ്യതകൾ ലഘൂകരിക്കാനുള്ള നടപടികളും ചർച്ചചെയ്തു . മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ രാജീവ് കുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കമ്മീഷൻ അംഗങ്ങളായ ശ്രീ ഗ്യാനേഷ് കുമാർ, ശ്രീ സുഖ്ബീർ സിംഗ് സന്ധു എന്നിവരും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം (MoHFW)അഡീഷണൽ സെക്രട്ടറി , ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NDMA) മേധാവി , കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) ഡയറക്ടർ ജനറൽ എന്നിവരും പങ്കെടുത്തു.
യോഗത്തിൽ ഇനിപ്പറയുന്ന തീരുമാനങ്ങൾ കൈക്കൊണ്ടു:
1. ഇസിഐ, ഐഎംഡി, എൻഡിഎംഎ, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഒരു കർമ്മ സമിതി ഓരോ പോളിംഗ് ഘട്ടത്തിനും അഞ്ച് ദിവസം മുമ്പ് ഉഷ്ണ തരംഗത്തിൻ്റെയും ഈർപ്പത്തിൻ്റെയും ആഘാതം അവലോകനം ചെയ്യുകയും ആവശ്യമെങ്കിൽ പരിഹാര മാര്ഗങ്ങൾ സംബന്ധിച്ച നിർദേശങ്ങളും നൽകുകയും ചെയ്യും
2. കാലാവസ്ഥ സംബന്ധിച്ച് സംസ്ഥാനങ്ങളിലെ ആരോഗ്യ അധികാരികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ഉഷ്ണതരംഗ കാലാവസ്ഥ ബാധിക്കുന്ന സാഹചര്യമുണ്ടായാൽ ആവശ്യമായ സഹായങ്ങൾ നൽകാനും തിരഞ്ഞെടുപ്പ് കമ്മീഷൻ ,ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് നിർദ്ദേശം നൽകി.
3. 2024 മാർച്ച് 16 ലെ നിർദ്ദേശം അനുസരിച്ച്, പോളിംഗ് സ്‌റ്റേഷനുകളിൽ പന്തലുകൾ, കുടിവെള്ളം, ഫാനുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ കമ്മീഷൻ സംസ്ഥാന സിഇഒമാരുമായി പ്രത്യേക അവലോകന യോഗം നടത്തും.
4. ഉഷ്ണ തരംഗത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിന് പൊതുജനങ്ങൾക്കിടയിൽ മുൻകരുതൽ നടപടിയെന്ന നിലയിൽ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലത്തുമായ കാര്യങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിന് IEC (വിവരങ്ങൾ അറിയിക്കുക, ബോധവത്കരിക്കുക, ആശയവിനിമയം നടത്തുക) പ്രവർത്തനങ്ങൾ നടത്തണം.
പോളിംഗ് ഉദ്യോഗസ്ഥർ, സുരക്ഷാ സേന, സ്ഥാനാർത്ഥികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർക്കൊപ്പം വോട്ടർമാരുടെ സുഖവും ക്ഷേമവും ഉറപ്പാക്കുന്നതിന് കമ്മീഷൻ കാലാവസ്ഥാ റിപ്പോർട്ടുകൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
Share your comments