റോഡ് വികസനത്തിന്റെ പേരിൽ സർക്കാർ നിരവധി മരങ്ങൾ മുറിക്കാൻ തീരുമാനിച്ചതോടെ വ്യത്യസ്തമായ സമരവുമായി രംഗത്തെത്തിയിരിക്കുകയാണ് ഛത്തീസ്ഖണ്ഡിലെ പരിസ്ഥിതി പ്രവർത്തകനായ വീരേന്ദ്ര സിംഗ്. മരങ്ങൾ മുറിക്കാതിരിക്കാൻ മരത്തിലെല്ലാം ഭഗവാൻ ശിവന്റെ ചിത്രങ്ങൾ ഒട്ടിക്കുന്ന തിരക്കിലാണ് വീരേന്ദ്ര സിംഗ്. ഛത്തിസ്ഖണ്ഡിലെ ബലൂദ് ജില്ലയിലെ ടാരൂഡിൽ നിന്ന് ഡൈഹാനിലേക്ക് 8 കിലോമീറ്റർ നീളത്തിൽ റോഡ് നിർമിക്കാൻ അധികാരികൾ തീരുമാനിച്ചതിനെ തുടർന്നാണ് വ്യത്യസ്തമായ ഈ സമരവുമായി അദ്ദേഹം രംഗത്തെത്തിയത്.
'ജനങ്ങൾ വികസനം ആഗ്രഹിക്കുന്നുണ്ടെങ്കിലും മരങ്ങൾ ഇല്ലാതാക്കാൻ താൽപര്യപ്പെടുന്നില്ല. പദ്ധതിക്കായി 2900 മരങ്ങൾ മാത്രമേ അധികൃതർ വെട്ടിമാറ്റുന്നുള്ളൂ എന്നാണ് പറയുന്നത്. എന്നാൽ യഥാർത്ഥ്യത്തിൽ 20,000 ത്തിൽ അധികം മുറിക്കുന്നുണ്ട്. ഞങ്ങൾക്ക് വികസനം വേണം, പക്ഷേ വനങ്ങൾക്ക് ദോഷം വരുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല' വിരേന്ദ്ര പറഞ്ഞു. വൃക്ഷങ്ങളെ സംരക്ഷിക്കാൻ ജനങ്ങളോടും മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി അദ്ദേഹം ചിപ്കോ പ്രസ്ഥാനവും ആരംഭിച്ചു. കൂടാതെ കവലകളിൽ പോസ്റ്ററും വൃക്ഷങ്ങൾക്ക് ചുറ്റും രക്ഷാസൂത്രയും കെട്ടിയിട്ടുണ്ട്. ആഗോള താപനവും മലിനീകരണവും വനനശീകരണത്തിന് കാരണമാകുന്നുണ്ട്. ഭൂമിയെ രക്ഷിക്കാൻ മരങ്ങൾ സംരക്ഷിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Share your comments