തൃശൂർ : ചാവക്കാട് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ഫുഡ് ബാങ്ക് പദ്ധതിക്ക് തുടക്കം. നഗരത്തിൽ ആളുകൾ വിശന്നിരിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായിട്ടാണ് ഫുഡ് ബാങ്ക് പദ്ധതി രൂപീകരിച്ചതെന്ന് ചാവക്കാട് പോലീസ് അറിയിച്ചു.
വിശപ്പുരഹിത ചാവക്കാടിന്റെ ഭാഗമായി പോലീസ് സ്റ്റേഷനു മുന്നിലെ ഫുഡ് ബാങ്ക് ബോക്സിൽ ഉച്ചയോടെ ഭക്ഷണപ്പൊതികൾ വെയ്ക്കും. നിർധനരായ ആവശ്യക്കാർക്ക് പണം നൽകാതെ തന്നെ ഭക്ഷണം അതിൽ നിന്ന് എടുക്കാം. പോലീസ് കാന്റീനിൽ തയ്യാറാക്കുന്ന ഭക്ഷണമാണ് പൊതികളാക്കി നൽകുന്നത്.
നിലവിൽ ഒരു ദിവസം മുപ്പതോളം ഭക്ഷണപ്പൊതികളാണ് ഫുഡ് ബാങ്കിൽ ലഭ്യമാകുക. വിശപ്പുരഹിത ചാവക്കാടിനായി ഫുഡ് ബാങ്ക് പദ്ധതിയിൽ സഹകരിക്കാൻ താല്പര്യമുള്ള പൊതുജനങ്ങൾക്കും ഭക്ഷണപ്പൊതികൾ സ്പോൺസർ ചെയ്യാം.
ചാവക്കാട് പോലീസ് എസ് എച്ച് ഒ അനിൽ ടി മേപ്പള്ളിയുടെ ആശയമാണ് അദ്ദേഹത്തിന്റെ യാത്രയയപ്പ് ദിനത്തിൽ സഹപ്രവർത്തകർ യാഥാർഥ്യമാക്കിയത്.
യാത്രയയപ്പ് ചടങ്ങിൽ കുന്നംകുളം എ സി പി അനീഷ് വി കോരത്ത് ഫുഡ് ബാങ്ക് പദ്ധതി ഉദ്ഘാടനം ചെയ്തു. എസ്ഐമാരായ സി കെ നൗഷാദ്, അനിൽകുമാർ, സുനു, എ എസ് ഐമാരായ സജിത്ത്, ബിന്ദു രാജ്, സുധാകരൻ, ബാബു, സീനിയർ സിപിഒമാരായ എം എ ജിജി, മുനീർ, സൗദാമിനി, ശരത്, ആഷിഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Share your comments