എറണാകുളം: ചേന്ദമംഗലം കൈത്തറി ഗ്രാമം 2023 മെയിൽ പൂർത്തിയാക്കുമെന്ന് വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി.രാജീവ്. നെയ്ത്ത് തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ലോക ശ്രദ്ധയാകർഷിക്കുന്ന പദ്ധതിയിലൂടെ കൈത്തറി മേഖല തന്നെ അടിമുടി മാറുമെന്നും മന്ത്രി പറഞ്ഞു. ചേന്ദമംഗലം കൈത്തറി ഗ്രാമത്തിൻ്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് ഘട്ടങ്ങളിലായി പൂർത്തിയാകുന്ന പദ്ധതിക്കായി 19 കോടി 25 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. കൈത്തറി ഉത്പന്നങ്ങളുടെ വിപണനത്തിനായി ഇ-കോമേഴ്സ് പ്ലാറ്റ്ഫോം വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും എത്രയും പെട്ടെന്ന് പ്ലാറ്റ്ഫോം ജനങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പദ്ധതി യാഥാർഥ്യമാക്കുന്നതിനായി റോഡ് നിർമിക്കാൻ സൗജന്യമായി സ്ഥലം നൽകിയവർക്ക് പ്രത്യേകം നന്ദിയും മന്ത്രി അറിയിച്ചു. സ്ഥലം നൽകിയവരെ ചടങ്ങിൽ ആദരിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: കൈത്തറി മേഖലയിൽ സംരംഭങ്ങൾ തുടങ്ങുന്നവർക്ക് മികച്ച ധനസഹായ പദ്ധതികൾ
ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അധ്യക്ഷത വഹിച്ചു. പദ്ധതിയിലൂടെ ലോക ശ്രദ്ധ ആകർഷിക്കുന്ന പൈതൃക ഗ്രാമമായി ചേന്ദമംഗലത്തെ മാറ്റി എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കൈത്തറിയുടെ അവസാന വാക്കായി ഗ്രാമം മാറും. കൈത്തറി ഗ്രാമത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കാനും എല്ലാവരും മുൻ കൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: കേന്ദ്രസര്‍ക്കാര്‍ കൈത്തറി മുദ്രാ ലോണ്‍ പദ്ധതി വിതരണമേള നടന്നു
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി എക്സിക്യൂട്ടിവ് ഡയറക്ടർ എൻ. ശ്രീനന്ദൻ റിപ്പോർട്ട് അവതരിപ്പിച്ചു. കൈത്തറി ആൻഡ് ടെക്സ്റ്റൈൽസ് ഡയറക്ടർ കെ.എസ്. അനിൽകുമാർ, നടി പൂർണിമ ഇന്ദ്രജിത്ത്, മുൻ മന്ത്രി എസ്.ശർമ, മുൻ എംപി കെ.പി.ധനപാലൻ, മുൻ എംഎൽഎ പി.രാജു, ജില്ലാ പഞ്ചായത്തംഗങ്ങളായ ഷാരോൺ പനയ്ക്കൽ, എ.എസ്. അനിൽ കുമാർ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ്, ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഉണ്ണികൃഷ്ണൻ, പറവൂർ ബ്ലോക്ക് പഞ്ചായത്തംഗം ബബിത ദിലീപ് കുമാർ, ടി. ആർ ബോസ്, കെ. പി. വിശ്വനാഥൻ, കൈത്തറി തൊഴിലാളി ക്ഷേമ ബോർഡ് ചെയർമാൻ അരക്കൻ ബാലൻ, എറണാകുളം ജില്ലാ വവസായ കേന്ദ്രം ജനറൽ മാനേജർ പി. എ. നജീബ്, യാൺ ബാങ്ക് പ്രസിഡൻ്റ് ടി.എസ് ബേബി, ചേന്ദമംഗലം കൈത്തറി ഗ്രാമം സ്പെഷ്യൽ ഓഫീസർ കെ.എസ് പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Share your comments