1. News

ചേരാനെല്ലൂര്‍ ആദര്‍ശ ഗ്രാമം ഗ്രാമങ്ങളുടെ സമഗ്ര വികസനത്തിന് വിവിധ വികസന ഏജന്‍സികളുടെ ഏകോപനം അനിവാര്യം: ഗവര്‍ണ്ണര്‍ റിട്ട. ജസ്റ്റിസ് പി. സദാശിവം

കൊച്ചി: ഗ്രാമങ്ങളുടെ സമഗ്ര വികസനത്തിന് വിവിധ വികസന ഏജന്‍സികളുടെ ഏകോപനം അനിവാര്യമാണെന്ന് ഗവര്‍ണ്ണര്‍ റിട്ട. ജസ്റ്റിസ് പി. സദാശിവം. ചേരാനെല്ലൂര്‍ പഞ്ചായത്തിനെ സന്‍സദ് ആദര്‍ശ് ഗ്രാമമായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

KJ Staff
കൊച്ചി: ഗ്രാമങ്ങളുടെ സമഗ്ര വികസനത്തിന് വിവിധ വികസന ഏജന്‍സികളുടെ ഏകോപനം അനിവാര്യമാണെന്ന് ഗവര്‍ണ്ണര്‍ റിട്ട. ജസ്റ്റിസ് പി. സദാശിവം. ചേരാനെല്ലൂര്‍ പഞ്ചായത്തിനെ സന്‍സദ് ആദര്‍ശ് ഗ്രാമമായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫണ്ടുകളുടെ അഭാവം മൂലമല്ല വികസനമുണ്ടാകാത്തത്. മറിച്ച് വികസന ഏജന്‍സികളുടെ ഏകോപനമില്ലായ്മയാണ് പ്രധാന പ്രശ്‌നം. വിവിധ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ സംയോജിപ്പിച്ച് നടപ്പാക്കുന്ന സാഗി പദ്ധതി മാതൃകാപരമാണ്. കൂട്ടായ പ്രവര്‍ത്തനമാണ് ഇവിടെ കാണുന്നത്. കേരളത്തില്‍ ഗ്രാമ-നഗര വ്യത്യാസം കുറഞ്ഞ തോതിലാണ്. മിക്ക ഗ്രാമങ്ങളും നഗരങ്ങള്‍ക്ക് സമാനമാണ്. ഇത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വിഭിന്നമായ അവസ്ഥയാണ്. കേരളത്തില്‍ പഞ്ചായത്ത് അംഗം ഉള്‍പ്പെടെയുള്ളവരെ മുഖ്യാതിഥികള്‍ക്കൊപ്പം വേദിയിലിരുത്തുന്നതിനെ ഗവര്‍ണ്ണര്‍ അഭിനന്ദിച്ചു. ഇന്ത്യയില്‍ മറ്റൊരിടത്തും ഇതു കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഉന്നതമായ പാര്‍ലമെന്റും അടിസ്ഥാന യൂണിറ്റായ പഞ്ചായത്തും തമ്മിലുള്ള അകലം കുറയ്ക്കുകയാണ് സാഗി പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ കുടുംബശ്രീ നടത്തുന്ന പ്രവര്‍ത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. 

ഗ്രാമീണരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതായിരിക്കണം എല്ലാ ഗ്രാമീണ വികസന പദ്ധതികളും. കൃഷിക്കാരുടെ പ്രശ്‌നങ്ങളും വികാരങ്ങളും മനസിലാക്കിയും അടിസ്ഥാന സൗകര്യവികസനത്തിന് ഊന്നല്‍ നല്‍കിയുമായിരിക്കണം വികസന നയങ്ങള്‍ രൂപപ്പെടുത്തേണ്ടത്. കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ജനങ്ങളിലെത്തുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്രാമീണരുടെയും അടിസ്ഥാന ജനവിഭാഗത്തിന്റെയും പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് പദ്ധതികള്‍ തയാറാക്കണം. ഇത് നടപ്പാക്കുന്നതിന് കൂട്ടായ പരിശ്രമവും വേണം. 

2024 ഓടെ 2,65,000 ഗ്രാമപഞ്ചായത്തുകളെ ആദര്‍ശ ഗ്രാമം പദ്ധതിയിലുള്‍പ്പെടുത്തി സമഗ്ര വികസനം സാധ്യമാക്കുകയാണ് ലക്ഷ്യം. ഓരോ ലോകസഭ മണ്ഡലത്തിലെയും മൂന്ന് പഞ്ചായത്തുകളാണ് ഇത്തവണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. അടുത്ത ഘട്ടത്തില്‍ അഞ്ച് പഞ്ചായത്തുകളിലായിരിക്കും പദ്ധതി നടപ്പാക്കുക. 

ചേരാനെല്ലൂരില്‍ വലിയ വികസനമുണ്ടാകുമ്പോള്‍ മാലിന്യ സംസ്‌കരണത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ജൈവ മാലിന്യ സംസ്‌കരണത്തിനും മാലിന്യം വളമാക്കി ഉപയോഗിക്കുന്നതിനും പ്രാധാന്യം നല്‍കണം. നഗരങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ തള്ളാന്‍ അനുവദിക്കരുത്. ശാസ്ത്രീയമായ മാലിന്യ സംസ്‌കരണ സംവിധാനങ്ങളെക്കുറിച്ച് വിപുലമായ പ്രചാരണം നടത്തണം. സാമൂഹ്യ പരിവര്‍ത്തനത്തിന് ഉതകും വിധം കൃഷി, അടിസ്ഥാന സൗകര്യ വികസനം, തൊഴിലവസരങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കിയായിരിക്കണം ഗ്രാമവികസനം സാധ്യമാക്കേണ്ടതെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.

സന്‍സദ് ആദര്‍ശ് പദ്ധതി നടപ്പാക്കിയ എറണാകുളം മണ്ഡലത്തിലെ കോട്ടുവള്ളി ഇന്ത്യയിലെ ഏറ്റവും മികച്ച സാഗി പഞ്ചായത്തായും കുന്നുകര വിശപ്പ് രഹിത പഞ്ചായത്തായും തിരഞ്ഞെടുത്തിട്ടുണ്ടെന്ന് പ്രൊഫ. കെ.വി. തോമസ് എം.പി പറഞ്ഞു. ചേരാനെല്ലൂര്‍ പഞ്ചായത്തില്‍ വിശദമായ സര്‍വെ നടത്തിയാണ് ഓരോ പദ്ധതികളും തയാറാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്താണ് നഗരങ്ങളുടെ മാലിന്യം ചുമക്കേണ്ടതെന്ന ധാരണ മാറണമെന്ന് ഹൈബി ഈഡന്‍ എംഎല്‍എ പറഞ്ഞു. രണ്ട് ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നതിനാലും വിനോദ സഞ്ചാരികളെത്തുന്നതിനാലും നിരവധി പേര്‍ വന്നു പോകുന്ന സ്ഥലമാണിത്. ഈ സാഹചര്യത്തില്‍ സുസ്ഥിരമായ മാലിന്യ സംസ്‌കരണ സംവിധാനം സജ്ജമാക്കണം. ചേരാനെല്ലൂരില്‍ സ്‌റ്റേഡിയം നിര്‍മ്മിക്കുന്ന പദ്ധതിയും ഉടന്‍ ആരംഭിക്കുമെന്ന് എംഎല്‍എ അറിയിച്ചു. ഒരേക്കറിലധികമുള്ള സ്ഥലമാണ് സ്‌റേറഡിയമായി വികസിപ്പിക്കുന്നത്. 

ചേരാനെല്ലൂര്‍ പഞ്ചായത്തില്‍ സന്‍സദ് ആദര്‍ശ് ഗ്രാം യോജന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി 
ഏഴ് പദ്ധതികള്‍ക്ക് ഗവര്‍ണ്ണര്‍ തുടക്കം കുറിച്ചു. കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന ഡെന്‍സില്‍ പെരേരയ്ക്ക് പ്ലാവിന്‍ തൈ നല്‍കിയാണ് ഫല വൃക്ഷതൈ വിതരണം പദ്ധതി ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് നിര്‍മ്മിച്ചു നല്‍കിയ വീടുകളുടെ താക്കോല്‍ദാനം ത്രേസിയ ജോര്‍ജിന് നല്‍കിയും ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള അനുമതി പത്രം വിതരണം മരിയ ആന്റണിക്ക് നല്‍കിയും ഗവര്‍ണ്ണര്‍ നിര്‍വഹിച്ചു. പ്രധാനമന്ത്രി സുരക്ഷ ബീമ യോജന, പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ബീമ യോജന, അടല്‍ പെന്‍ഷന്‍ യോജന എന്നീ പദ്ധതികള്‍ക്കും ഗവര്‍ണ്ണര്‍ തുടക്കം കുറിച്ചു.

സ്വച്ഛ് ഭാരത് മിഷന്റെ കീഴിലുള്ള സമ്മര്‍ ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി സെന്റ് തെരേസാസ് കോളേജിലെ വിദ്യാര്‍ഥികള്‍ ചേരാനെല്ലൂരില്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേ റിപ്പോര്‍ട്ട് പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ വിനീതയുടെ നേതൃത്വത്തില്‍ ഗവര്‍ണ്ണര്‍ക്ക് സമര്‍പ്പിച്ചു. 

ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുള്‍ മുത്തലിബ്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. ആന്റണി, ചേരാനെല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണി ചീക്കു, ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, ആസ്റ്റര്‍ മെഡ്‌സിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫസര്‍ ഡോ. ഹരീഷ് പിള്ള, വാര്‍ഡ് അംഗം ഷിമ്മി ഫ്രാന്‍സിസ്, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
English Summary: Cheranalloor adarsha Gramam

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds