1. കോഴി മൃഗമോ പക്ഷിയോ എന്ന ആശയക്കുഴപ്പത്തിന് ഗുജറാത്ത് സർക്കാരിന്റെ മറുപടി, കോഴി മൃഗം തന്നെ! കോഴികളെ അറുക്കാനായി ഇറച്ചിക്കടകളിൽ വിതരണം ചെയ്യുന്നത് നിരോധിക്കണമെന്നും കശാപ്പുശാലകളിൽ വെച്ചാണ് അറുക്കേണ്ടെതെന്നും കാണിച്ച്, അനിമൽ വെൽഫെയർ ഫൗണ്ടേഷനും അഹിംസ മഹാസംഘ് സംഘടനയും ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കേസ് പരിഗണിക്കവെയാണ് കോഴി മൃഗമാണോ പക്ഷിയാണോയെന്ന് കോടതി സംശയം ഉന്നയിച്ചത്. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്സ് ആക്ട് പ്രകാരം കോഴിയെ മൃഗമായി കണക്കാക്കുന്നുവെന്നാണ് സർക്കാരിന്റെ വിശദീകരണം.
കൂടുതൽ വാർത്തകൾ: BPL കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ
2. റബ്ബർ ബോർഡിന്റെ 75-ാം വാർഷികാഘോഷം കോട്ടയത്ത് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം തോമസ് ചാഴിക്കാടൻ എംപി നിർവഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, ത്രിപുര മുഖ്യമന്ത്രി മണിക് സാഹാ എന്നിവർ ഓൺലൈനായി ചടങ്ങിൽ പങ്കെടുത്തു. റബ്ബർ മേഖലയ്ക്ക് താങ്ങാകുന്ന പ്രഖ്യാപനങ്ങളൊന്നും തന്നെ ഇത്തവണ ഉണ്ടായിരുന്നില്ല. വാർഷികാഘോഷത്തിന്റെ ഭാഗമായി കോട്ടയം മാമൻ മാപ്പിള ഹാളിൽ പ്രദർശനവും സംഘടിപ്പിച്ചു.
3. കേരളത്തിൽ വീണ്ടും പാൽവില കൂട്ടി മിൽമ. പച്ച, മഞ്ഞ നിറത്തിലുള്ള അര ലിറ്റർ പാൽ കവറിന് 1 രൂപയാണ് വർധിപ്പിച്ചത്. ഇനിമുതൽ റിച്ച് പാലിന് 30 രൂപയും, സ്മാർട് പാലിന് 25 രൂപയും നൽകണം. വില ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് വില വർധിപ്പിച്ചതെന്നാണ് മിൽമയുടെ വിശദീകരണം. നീല കവർ പാലിന് വില വർധിപ്പിച്ചിട്ടില്ല.
4. ഇന്ത്യയില്‍ ഏറ്റവും അധികം സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനം കേരളമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പള്ളിപ്പുറം ഗവ. ആയൂര്‍വേ ആശുപത്രിയില്‍ ഒ.പി രോഗികള്‍ക്കുള്ള കാത്തിരിപ്പ് കേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്തു. സമീപപ്രദേശങ്ങളില്‍ നിന്നടക്കം ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ പദ്ധതിയിലൂടെ ലഭ്യമാകുമെന്നും ജനങ്ങള്‍ക്ക് മികച്ച ചികിത്സ നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
5. ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾക്കുള്ള ആർദ്രകേരളം പുരസ്‌കാരം നേടി മാഞ്ഞൂർ ഗ്രാമപഞ്ചായത്ത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജാണ് പുരസ്‌കാരം നൽകിയത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പുരസ്‌കാര വിതരണ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. തദ്ദേശസ്ഥാപനങ്ങൾ ആരോഗ്യമേഖലയിൽ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികൾ, പ്രതിരോധ കുത്തിവയ്പ്, നൂതനമായ ആശയങ്ങൾ, മാലിന്യനിർമാർജനം എന്നിവ വിലയിരുത്തിയാണ് പുരസ്‌കാരം നൽകുന്നത്.
6. ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോണ്‍ ഇന്‍ പരിപാടി നാളെ നടക്കും. ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ, അളവ് തൂക്ക വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദ്ദേശങ്ങളും പൊതുജനങ്ങൾക്ക് മന്ത്രിയെ നേരിട്ട് അറിയിക്കാം. നാളെ ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്ന് മണി വരെ പരിപാടി നടക്കും. വിളിക്കേണ്ട നമ്പര്‍: 894 387 3068.
7. തൊഴിലാളി ക്ഷേമത്തിനായി കോട്ടയം ജില്ലയില്‍ തൊഴിൽവകുപ്പ് നടപ്പാക്കിയത് 60 ലക്ഷത്തിലധികം രൂപയുടെ പദ്ധതികൾ. 2021 മേയ് മുതൽ 2023 മാർച്ച് വരെയുള്ള കണക്കാണിത്. കേരള മരംകയറ്റ തൊഴിലാളി ക്ഷേമ പദ്ധതിയിലൂടെ രണ്ടു വർഷംകൊണ്ട് 15.50 ലക്ഷം രൂപയാണ് നൽകിയത്. സേവനങ്ങൾ ലേബർ കമ്മിഷണർ ഓട്ടോമേഷൻ സിസ്റ്റം വഴി ഓൺലൈനായാണ് നൽകുന്നത്. വേതന സുരക്ഷാ പദ്ധതിയിലൂടെ മിനിമം വേതനം ഉറപ്പാക്കാനായി സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം വകുപ്പിന്റെ വെബ്സൈറ്റിലൂടെ വിതരണം ചെയ്യുന്നുണ്ട്.
8. പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൽ ജൈവവള യൂണിറ്റ് ആരംഭിച്ചു. 'പൊന്ന് വിളയും പൊന്നാനി വളം' എന്ന പദ്ധതിയുടെ ഉദ്ഘാടനം ഡോ. കെ.ടി. ജലീൽ എം.എൽ.എ നിർവഹിച്ചു. നടുവട്ടം ക്ഷീരസംഘത്തിന്റെ സഹകരണത്തോടെയാണ് 'ജൈവാമൃതം' എന്ന പേരിൽ ജൈവവള നിർമാണ യൂണിറ്റ് സ്ഥാപിച്ചത്. ക്ഷീരകർഷകർക്ക് പാലിന് പുറമെ ചാണകത്തിൽ നിന്നും അധിക വരുമാനം ലഭ്യമാക്കുക, മണ്ണിന്റെ ഗുണമേന്മ നഷ്ടപ്പെടുത്തുന്ന രാസവളങ്ങൾക്ക് പകരം പ്രാദേശികമായി ജൈവവളം ലഭ്യമാക്കുക എന്നീ ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
9. വനം, വന്യജീവി വിഷയങ്ങളിൽ ജനകീയ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. എറണാകുളം കുട്ടമ്പുഴയിൽ വന സൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ മറന്നുകൊണ്ടുള്ള വന സംരക്ഷണം സർക്കാരിന്റെ നയമല്ലെന്നും കാടിനെ സംരക്ഷിക്കുക നാടിനെ കേൾക്കുക എന്നതാണ് വന സൗഹൃദ സദസുകൾ വഴി ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
10. കനത്ത ചൂടിൽ വെന്തുരുകി കേരളം. ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും പകൽ സമയങ്ങളിൽ വെയിലേൽക്കുന്നത് ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പാലക്കാട്, കോഴിക്കോട്, കണ്ണൂർ, തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിൽ താപനില ഉയരും. രാത്രിയിലും ചൂടിന് ശമനമില്ല. പ്രതീക്ഷിച്ച വേനൽമഴ ലഭിക്കാത്തതാണ് ചൂട് ഉയരാനുള്ള കാരണം.
Share your comments