ആലപ്പുഴ: നവകേരള സദസ്സിന്റെ തുടര്‍ച്ചയായി കാര്‍ഷിക മേഖലയുടെ നയരൂപീകരണത്തിന് മുന്നോടിയായി മുഖ്യമന്ത്രി കര്‍ഷകരുമായും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടവരുമായും സംവദിക്കുന്ന മുഖാമുഖം മാര്‍ച്ച് രണ്ടിന് ആലപ്പുഴയില്‍ നടക്കും. കാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് മുഖാമുഖം. എട്ട് മണിക്ക് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കും.
കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരിഗണിക്കുക. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളും സാധ്യതകളും അതുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ചചെയ്യും. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അധ്യക്ഷനാകും. ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, ജില്ലയിലെ എം.പി., എം.എല്‍.എ.മാര്‍, തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, കാര്‍ഷിക സംരംഭകര്‍, കാര്‍ഷിക മേഖലയിലെ അക്കാദമിക്ക് സ്ഥാപനങ്ങള്‍, കര്‍ഷക-കര്‍ഷകത്തൊഴിലാളി സംഘടന പ്രതിനിധികള്‍ തുടങ്ങിയവരുമായി മുഖ്യമന്ത്രി നേരിട്ട് സംവദിക്കും. ഫിഷറീസ് മേഖലയില്‍ നിന്ന് 250, മൃഗസംരക്ഷണ മേഖലയില്‍ നിന്ന് 250, കാര്‍ഷിക മേഖലയില്‍ നിന്ന് 1100 തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട 2000 ആളുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പരിപാടിയുടെ ഭാഗമാകുക.
നാളികേര കര്‍ഷകര്‍, നെല്‍ കര്‍ഷകര്‍, വനിതാ കര്‍ഷകര്‍, യുവ കര്‍ഷകര്‍, പ്രവാസി കര്‍ഷകര്‍, കുട്ടി കര്‍ഷകര്‍, ഇസ്രയേലില്‍ നിന്ന് പരിശീലനം ലഭിച്ച കര്‍ഷകര്‍, പച്ചക്കറി കര്‍ഷകര്‍ തുടങ്ങി വിവിധ കാര്‍ഷിക മേഖലകളിലുള്ളവരെ പങ്കെടുപ്പിക്കും. ജില്ലയിലെ 249 പച്ചക്കറി കര്‍ഷകര്‍, 154 നാളികേര കര്‍ഷകര്‍, 144 നെല്‍ കര്‍ഷകര്‍ തുടങ്ങി 745 പേര്‍ പരിപാടിയുടെ ഭാഗമാകും. അഞ്ചു കുട്ടി കര്‍ഷകരാണ് പങ്കെടുക്കുക.
കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനുമായി പത്തോളം വിദഗ്ധര്‍ വേദിയില്‍ ഉണ്ടാകും. കാര്‍ഷിക പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. കേര, ഹോര്‍ട്ടികോര്‍പ്, കേരശ്രീ, കേരഗ്രാമം, ഫിഷറീസ്, ആനിമല്‍ ഹസ്ബന്‍ഡറി തുടങ്ങിയ സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ 33 സ്റ്റാളുകളാണ് പ്രദര്‍ശനത്തില്‍ ഒരുക്കുക.
Share your comments